കൊവിഡ് രോഗബാധിതനായി കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലാണ് മുഖ്യമന്ത്രി. അദ്ദേഹത്തിന്‍റെ കൊച്ചുമകൻ ഇഷാനും പരിശോധനയിൽ രോഗം സ്ഥിരീകരിച്ചു. മകൾ വീണ, മരുമകൻ മുഹമ്മദ് റിയാസ് എന്നിവരും കൊവിഡ് പോസിറ്റീവാണ്.
കോഴിക്കോട്: കൊവിഡ് രോഗബാധിതനായി ചികിത്സയിൽ കഴിയുന്ന മുഖ്യമന്ത്രി പിണറായി വിജയന്‍റെ ആരോഗ്യസ്ഥിതി വിലയിരുത്താൻ കോഴിക്കോട് മെഡിക്കൽ കോളേജിൽ മെഡിക്കൽ ബോർഡ് യോഗം ചേരുന്നു. ആരോഗ്യമന്ത്രി കെ കെ ശൈലജയും യോഗത്തിൽ പങ്കെടുക്കുന്നുണ്ട്. രാവിലെ നടത്തിയ പ്രാഥമിക ആരോഗ്യപരിശോധനയിൽ മുഖ്യമന്ത്രിക്ക് ആരോഗ്യപ്രശ്നങ്ങളില്ലെന്നാണ് ഡോക്ടർമാരുടെ വിലയിരുത്തൽ.
മെഡിക്കൽ കോളേജിലെ മുതിർന്ന ഡോക്ടർമാരാണ് മുഖ്യമന്ത്രിയുടെയും കുടുംബത്തിന്‍റെയും ചികിത്സയ്ക്ക് മേൽനോട്ടം വഹിക്കുന്നത്. മെഡിക്കൽ കോളേജ് സൂപ്രണ്ടിന്‍റെ നേതൃത്വത്തിലുള്ള ഏഴംഗസംഘമാണ് ചികിത്സയ്ക്കായി നിയോഗിക്കപ്പെട്ടിരിക്കുന്നത്.
മുഖ്യമന്ത്രിയുടെ കൊച്ചുമകൻ ഇഷാനും പരിശോധനയിൽ രോഗം സ്ഥിരീകരിച്ചു. മകൾ വീണ, മരുമകൻ മുഹമ്മദ് റിയാസ് എന്നിവരും കൊവിഡ് പോസിറ്റീവാണ്. മുഖ്യമന്ത്രിയുടെ ഭാര്യ കമല വിജയൻ കോഴിക്കോട് മെഡിക്കൽ കോളേജിൽത്തന്നെ ക്വാറന്‍റീനിലാണ്. മകൾ വീണ കൊവിഡ് പോസിറ്റീവായത് പോളിംഗ് ദിവസമായിരുന്നു. അന്ന് പിപിഇ കിറ്റ് ധരിച്ച് അവർ വോട്ട് ചെയ്യാനെത്തിയിരുന്നു.