'എ കെ ആന്റണി രക്ഷപ്പെട്ടത് ആയുസിന്റെ ബലം കൊണ്ട്'; സതീശ‍‍‍‍നെ അപായപ്പെടുത്താൻ ശ്രമിച്ചെന്ന് സുധാകരൻ

By Web TeamFirst Published Jun 14, 2022, 6:38 PM IST
Highlights

കോണ്‍ഗ്രസ് ഓഫീസുകള്‍ വ്യാപകമായി അക്രമിക്കപ്പെടുമ്പോഴും അതീവ സുരക്ഷാ മേഖലയായ കന്റോണ്‍മെന്റ് ഹൗസിന്  സുരക്ഷ ഏര്‍പ്പെടുത്താന്‍ സാധിക്കാത്ത പൊലീസ്, സിപിഎം ഗുണ്ടകള്‍ക്ക് കുടപിടിക്കുകയാണ്.

തിരുവനന്തപുരം: പ്രതിപക്ഷനേതാവും എ കെ ആന്റണിയും ഉള്‍പ്പെടെയുള്ള ‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍കോണ്‍ഗ്രസ് നേതാക്കളെ കയ്യേറ്റം ചെയ്ത് അപായപ്പെടുത്താന്‍ സിപിഎം (Cpim) ബോധപൂര്‍വ്വമായ ശ്രമം നടത്തുന്നെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ എംപി (K Sudhakaran). സിപിഎം ഗുണ്ടകള്‍ കെപിസിസി ഓഫീസ് തല്ലിത്തകര്‍ത്ത് 24 മണിക്കൂര്‍ കഴിഞ്ഞപ്പോഴാണ് പ്രതിപക്ഷ നേതാവിന്റെ ഔദ്യോഗിക വസതിയിലേക്ക് ഡിവൈഎഫ് ഐ പ്രവര്‍ത്തകര്‍ അതിക്രമിച്ച് കയറിയത്. ഇത് ഒറ്റപ്പെട്ട സംഭവമായി കാണാന്‍ സാധിക്കില്ല. കെപിസിസി, കന്റോണ്‍മെന്റ് ഓഫീസുകളിലേക്ക് സിപിഎം-ഡിവൈഎഫ് ഐ പ്രവര്‍ത്തകര്‍ നടത്തിയ പ്രതിഷേധം തടയുന്നതില്‍ പൊലീസിന് ഗുരുതര സുരക്ഷാ വീഴ്ചയാണ് ഉണ്ടായത്.

കോണ്‍ഗ്രസ് ഓഫീസുകള്‍ വ്യാപകമായി അക്രമിക്കപ്പെടുമ്പോഴും അതീവ സുരക്ഷാ മേഖലയായ കന്റോണ്‍മെന്റ് ഹൗസിന്  സുരക്ഷ ഏര്‍പ്പെടുത്താന്‍ സാധിക്കാത്ത പൊലീസ്, സിപിഎം ഗുണ്ടകള്‍ക്ക് കുടപിടിക്കുകയാണ്. കന്റോണ്‍മെന്റ് ഹൗസിന് മുന്നില്‍ സ്ഥാപിച്ച രണ്ട് ബാരിക്കേഡുകള്‍ ചാടികടന്നാണ് ഡിവൈഎഫ് ഐ അക്രമികള്‍ അകത്ത് കടന്നത്. എന്നിട്ടും അക്രമികളെ തടയുന്നതിന് പൊലീസ് തുനിഞ്ഞില്ല  പ്രതിപക്ഷ നേതാവിനെ അപായപ്പെടുത്തുക എന്ന ഗൂഢലക്ഷ്യത്തോടെയാണ് ഡിവൈഎഫ്‌ഐ ഗുണ്ടകള്‍ കന്റോണ്‍മെന്റ് ഹൗസിലേക്ക് പ്രകടനവുമായിയെത്തിയത്.

Latest Videos

അതിന് പൊലീസ് ഒത്താശ ചെയ്യുകയാണ്. പൊലീസിന്റെ ഇത്തരം നിലപാടില്‍ രാഷ്ട്രീയ ഗൂഢാലോചനയുണ്ടോയെന്ന് പരിശോധിക്കണം. കോണ്‍ഗ്രസ് നേതാക്കളെ അപായപ്പെടുത്താനുള്ള നീക്കമാണ് സിപിഎം നടത്തുന്നതെന്ന് സംശയിക്കേണ്ടിരിക്കുന്നു. ഡിവൈഎഫ്ഐ - സിപിഎം ക്രിമിനലുകളെ നിലക്കുനിര്‍ത്താന്‍ പൊലീസിന് കഴിയുന്നില്ലെങ്കില്‍ കന്റോണ്‍മെന്റും ഹൗസും ക്ലീഫ് ഹൗസും തമ്മില്‍ അധിക ദൂരമില്ലെന്നത് ഓര്‍ക്കുന്നത് നല്ലതാണെന്നും സുധാകരന്‍ മുന്നറിയിപ്പ് നല്‍കി. വിമാനത്തില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ മര്‍ദ്ദിച്ച എല്‍ഡിഎഫ് കണ്‍വീനര്‍ ഇ പി ജയരാജനെതിരെ വധശ്രമത്തിന് കേസെടുക്കാതെ പൊലീസ് ഒളിച്ചുകളി നടത്തുകയാണ്.

'അക്രമം നമ്മുടെ ശൈലിയല്ല'; അക്രമകാരികളെ തിരിച്ചറിയാൻ ഓരോ കോൺ​ഗ്രസുകാരനും കഴിയണമെന്ന് മുല്ലപ്പള്ളി

മുഖ്യമന്ത്രിയെ വധിക്കാന്‍ ശ്രമിച്ചെന്ന് ആരോപിച്ച് കള്ളക്കേസില്‍ കുടുക്കിയ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ ഫര്‍സിന്‍ മജീദ്, ആര്‍ കെ നവീന്‍ കുമാര്‍ എന്നിവര്‍ക്ക് കോണ്‍ഗ്രസ് നിയമസഹായം നല്‍കും. വിമാനത്താവളത്തില്‍ പ്രാഥമിക ശുശ്രൂഷ നല്‍കിയ ഡോക്ടറോ മെഡിക്കല്‍ കോളേജില്‍ നടത്തിയ വിശദപരിശോധനയിലോ എല്‍ഡിഎഫ് കണ്‍വീനര്‍  മദ്യപാനികളായി ചിത്രീകരിച്ച ഇരുവരും മദ്യപിച്ചതായി കണ്ടെത്തിയിട്ടില്ല. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ മര്‍ദ്ദിച്ചതിനെ ന്യായീകരിക്കാന്‍ പച്ചക്കള്ളം പറഞ്ഞ എല്‍ഡിഎഫ് കണ്‍വീനര്‍ ഇ പി ജയരാജനും സിപിഎമ്മും കേരളീയ സമൂഹത്തോട് മാപ്പുപറയണം.

ആരോപണം പൊളിഞ്ഞപ്പോള്‍ ജാള്യത മറക്കാന്‍ മുഖ്യമന്ത്രിയുടെ സുരക്ഷാ ഉദ്യോഗസ്ഥരെ കൊണ്ട് വ്യാജമൊഴി നല്‍കി യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തര്‍ക്കെതിരെ വധശ്രമ കേസെടുക്കുകയാണ്. ഇത്തരം ഉമ്മാക്കി കാട്ടി കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ മനോവീര്യം കെടുത്താമെന്ന് കരുതിയെങ്കില്‍ അത് മൗഢ്യമാണ്. കെപിസിസി ആസ്ഥാനത്തിന് നേരെ സിപിഎം നടത്തിയ ആക്രമണത്തില്‍ മുന്‍ മുഖ്യമന്ത്രിയും പ്രതിരോധമന്ത്രിയുമായിരുന്ന എ കെ ആന്റണി രക്ഷപ്പെട്ടത് ആയുസിന്റെ ബലം കൊണ്ടാണ്. വ്യാപക അക്രമം അഴിച്ച് വിട്ട് അരാജകത്വം സൃഷ്ടിക്കുകയാണ് സിപിഎം. മുഖ്യമന്ത്രിക്കെതിരായി ഉയര്‍ന്ന ഗുരുതര രാജ്യദ്രോഹ കുറ്റമടക്കമുള്ള വെളിപ്പെടുത്തലില്‍ നിന്നും ജനശ്രദ്ധതിരിക്കാനുള്ള ബോധപൂര്‍വ്വമായ ശ്രമമാണ് സിപിഎം നടത്തുന്നത്.

എകെജി സെന്ററില്‍ നിന്നുള്ള ആജ്ഞയനുസരിച്ചാണ് സിപിഎം പ്രവര്‍ത്തകര്‍ തേര്‍വാഴ്ച നടത്തുന്നത്. ഭരണത്തിന്റെ തണലില്‍ എന്തു നെറികേടും കാട്ടാമെന്ന ധൈര്യമാണ് സിപിഎമ്മിനെന്നും സുധാകരന്‍ പറഞ്ഞു.  കെപിസിസി ഓഫീസ് ഉള്‍പ്പെടെ സംസ്ഥാന വ്യാപകമായി നിരവധി കോണ്‍ഗ്രസ് ഓഫീസുകള്‍ തല്ലിത്തകര്‍ത്തിട്ടും കേസെടുത്ത് പ്രതികളെ പിടികൂടാന്‍ പൊലീസ് ഇതുവരെ തയ്യാറായിട്ടില്ല. മുഖ്യമന്ത്രിക്കെതിരെ  വിമാനത്തില്‍ പ്രതിഷേധിച്ച ഫര്‍സിന്‍  മജീദിന്റെ മുട്ടുകാല് തല്ലിപൊട്ടിക്കുമെന്നാണ് ഡിവൈഎഫ്ഐയുടെ ഭീഷണി.

പ്രതിപക്ഷ നേതാവിന്റെ വീട്ടിൽ അതിക്രമിച്ച് കയറിയതിനെ തള്ളിപ്പറഞ്ഞ് ജയരാജൻ, വിമാനത്തിലുണ്ടായത് ആസൂത്രിത ആക്രമണം

ഇടുക്കി ഡിസിസി പ്രസിഡന്റിനെ അക്രമിച്ച് വധിക്കാന്‍ ശ്രമിച്ചു. കുറ്റവാളികള്‍ക്കെതിരെ നിയമനടപടി സ്വീകരിക്കാതെ പൊലീസ് മൗനം തുടരുകയാണ്. പക്ഷാപാതപരമായിട്ടാണ് പൊലീസ് പെരുമാറുന്നത്. ജനാധിപത്യത്തെ സംരക്ഷിക്കുന്ന നിലപാടാണ് കോണ്‍ഗ്രസ് സ്വീകരിച്ചിട്ടുള്ളത്. സിപിഎം വ്യാപകമായി അക്രമം അഴിച്ച് വിട്ട് കലാപം സൃഷ്ടിക്കാന്‍ ശ്രമിക്കുന്നു. കോണ്‍ഗ്രസ് പ്രവര്‍ത്തകരെ തെരുവില്‍ ആക്രമിക്കാനാണ് സിപിഎം ശ്രമമെങ്കില്‍ അതിനെ ശക്തമായി കോണ്‍ഗ്രസ് പ്രതിരോധിക്കും. ആ വെല്ലുവിളി കോണ്‍ഗ്രസ് ഏറ്റെടുക്കുമെന്നും കെ.സുധാകരന്‍ പറഞ്ഞു.  

click me!