ബി ടെക് കഴിഞ്ഞാൽ ജോലി എന്ന ആശയം മാറണം, കൂടുതൽ വിദ്യാർത്ഥികൾ ഗവേഷണ മേഖലയിലേക്ക് കടന്നു വരണം: മന്ത്രി ആർ ബിന്ദു

By Web TeamFirst Published Sep 10, 2024, 8:44 PM IST
Highlights

ലോകത്തെ മുന്നോട്ടു നയിക്കുന്ന ചാലകശക്തിയായി എൻജിനീയറിംഗ് വിദ്യാഭ്യാസം മാറിക്കഴിഞ്ഞു.

തിരുവനന്തപുരം: സാങ്കേതികവിദ്യയുടെ സഹായത്തോടെ സമൂഹത്തിൽ ഗുണാത്മകമായ പരിവർത്തനങ്ങൾ ഉണ്ടാക്കാൻ എൻജിനീയറിംഗ് വിദ്യാർത്ഥികൾക്ക് കഴിയണമെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. ആർ ബിന്ദു അഭിപ്രായപ്പെട്ടു. സാങ്കേതിക സർവകലാശാല ഒന്നാം വർഷ ബി ടെക്, ബി ആർക്, ബി ഡെസ്, ബി സി എ, ബി ബി എ, ബി എച് എം സി ടി ബാച്ചുകളുടെ ഇൻഡക്ഷൻ പരിപാടി തിരുവനന്തപുരം ഗവ. എൻജിനീയറിംഗ് കോളേജിൽ ഉദ്‌ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി.     

ലോകത്തെ മുന്നോട്ടു നയിക്കുന്ന ചാലകശക്തിയായി എൻജിനീയറിംഗ് വിദ്യാഭ്യാസം മാറിക്കഴിഞ്ഞു. നൂതനശാസ്ത്രസാങ്കേതിക മേഖലകളിൽ പുത്തൻ അറിവുകൾ സ്വംശീകരിക്കുവാനും അത് സമൂഹത്തിന് ഉപയോഗപ്രദമായ രീതിയിൽ ഉപയോഗിക്കുവാനും കഴിയുന്ന ഒരു നവതലമുറ എൻജിനീയറിംഗ് വിദ്യാഭ്യാസത്തിലൂടെ ഉയർന്നു വരണമെന്നും മന്ത്രി പറഞ്ഞു. 

Latest Videos

ഇന്നോവേഷൻ-ഇൻക്യൂബേഷൻ-സ്റ്റാർട്ടപ് അന്തരീഷം എല്ലാ സ്ഥാപനങ്ങളിലും സൃഷ്ടിക്കപ്പെടാൻ സഹായിക്കുന്ന, വിദ്യാർത്ഥികളുടെ സംരംഭകത്വ താല്പര്യങ്ങൾ പ്രോത്സാഹിപ്പിക്കുവാൻ ഉതകുന്ന പുതിയ പാഠ്യപദ്ധതി ആവിഷ്ക്കരിച്ച് നടപ്പിലാക്കിയ സർവ്വകലാശാലയെ മന്ത്രി അനുമോദിച്ചു. പഠനകാലത്തു തന്നെ തൊഴിൽപരിശീലനം കൂടി വിദ്യാർത്ഥികൾക്ക് നൽകുന്ന തരത്തിൽ കേരളത്തിലെ ഉന്നതവിദ്യാഭ്യാസ മേഖല മാറിക്കഴിഞ്ഞു. പഠനം കഴിഞ്ഞാൽ വരുമാനദായകമായ ഒരു ജോലിയിൽ പ്രവേശിക്കുക എന്ന ലക്ഷ്യതിനുപരിയായി ഗവേഷണ മേഖലയിലേക്ക് കൂടുതൽ വിദ്യാർത്ഥികൾ കടന്നുവരണമെന്നും ഡോ. ആർ ബിന്ദു പറഞ്ഞു.

ഓരോ വിദ്യാർത്ഥികൾക്കും അനുയോജ്യമായ രീതിയിലാണ് പുതിയ പാഠ്യപദ്ധതി സർവകലാശാല ആവിഷ്‌ക്കരിച്ചിരിക്കുന്നതെന്ന് വൈസ് ചാൻസലർ ഡോ. സജി ഗോപിനാഥ് പറഞ്ഞു. വിദ്യാഭ്യാസം ആസ്വാദ്യകരമായ ഒരു പ്രക്രിയയാക്കാൻ പുതിയ പാഠ്യപദ്ധതി സഹായകരമാകുമെന്നും അദ്ദേഹം പറഞ്ഞു. സർവകലാശാലയുടെ പുതിയ പാഠ്യപദ്ധതിയിൽ നാസ്‌കോമുമായി ചേർന്ന് നടപ്പിലാക്കുന്ന ‘ഡിജിറ്റൽ 101’ മൂക് കോഴ്സുകളുടെ ധാരണാപത്രവും ചടങ്ങിൽ കൈമാറി. 

വൈസ് ചാൻസലർ ഡോ. സജി ഗോപിനാഥ് അധ്യക്ഷത വഹിച്ച ചടങ്ങിൽ  സിൻഡിക്കേറ്റ് മെമ്പർ ഡോ. വിനോദ് കുമാർ ജേക്കബ് സ്വാഗതം ആശംസിച്ചു.   നാസ്കോം സി ഒ ഒ ഡോ. ഉപ് മീത് സിംഗ്,  പരീക്ഷ കൺട്രോളർ ഡോ. അനന്ദ രശ്മി,  ഡീൻ അക്കാദമിക്സ് ഡോ. വിനു തോമസ്, തിരുവനന്തപുരം ഗവ. എൻജിനീയറിങ്ങ് കോളേജ് പ്രിൻസിപ്പൽ ഡോ സുരേഷ് കെ എന്നിവർ പങ്കെടുത്തു.

നോർക്ക സ്ഥാപനത്തിൽ ഐഇഎൽടിഎസ്, ഒഇടി കോഴ്സുകളിലേക്ക് ഇപ്പോള്‍ അപേക്ഷിക്കാം

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

click me!