മുസ്ലീം വിഭാഗത്തിനെതിരായ വിവാദ പരാമ‍ര്‍ശം; നരേന്ദ്ര മോദിക്കെതിരെ കേസെടുക്കണമെന്ന് ആവശ്യം, അടൂർ പൊലീസിൽ പരാതി

By Web TeamFirst Published Apr 23, 2024, 2:54 PM IST
Highlights

പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ കേസെടുക്കണം എന്ന് ആവശ്യപ്പെട്ട് അടൂർ പൊലീസിലാണ് പരാതി ലഭിച്ചത്.

പത്തനംതിട്ട: പ്രധാനമന്ത്രി നരേന്ദ്രമോദി രാജസ്ഥാനിൽ നടത്തിയ വിവാദ പ്രസംഗത്തിനെതിരെ കേരളത്തിലും പരാതി. പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ കേസെടുക്കണം എന്ന് ആവശ്യപ്പെട്ട് അടൂർ പൊലീസിലാണ് പരാതി ലഭിച്ചത്. യൂത്ത് കോൺഗ്രസ് മുൻ സംസ്ഥാന സെക്രട്ടറി ആബിദ് ഷെഹിം ആണ് പരാതിക്കാരൻ.

കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍ രാജ്യത്തിന്‍റെ സമ്പത്ത് മുഴുവന്‍ മുസ്ലീംങ്ങള്‍ക്ക് നല്‍കുമെന്ന പ്രധാനമന്ത്രിയുടെ രാജസ്ഥാൻ തെരഞ്ഞെടുപ്പ് പ്രസംഗമാണ് വലിയ വിവാദത്തിലായത്. കോണ്‍ഗ്രസ് അധികാരത്തിലെത്തിയാലുണ്ടാകാവുന്ന ആപത്ത് ഓര്‍മ്മപ്പെടുത്തുവെന്ന് അവകാശപ്പെട്ടായിരുന്നു മോദിയുടെ വാക്കുകൾ. കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍ ആദ്യ പരിഗണന നല്‍കുക മുസ്ലീംങ്ങള്‍ക്കായിരിക്കും, കഷ്ടപ്പെട്ട് മറ്റുള്ളവരുണ്ടാക്കിയ പണം അവരിലേക്ക് ഒഴുക്കും. അമ്മമാരുടെയും,സഹോദരിമാരുടേയും സ്വര്‍ണ്ണത്തിന്‍റെ കണക്കെടുപ്പ് നടത്തി അത് മുസ്ലീംങ്ങള്‍ക്ക് നല്‍കുമെന്ന് കോൺഗ്രസ് പ്രകടനപത്രികയിലുണ്ടെന്നും മോദി പറഞ്ഞു.

Latest Videos

അതേസമയം, നരേന്ദ്രമോദി രാജസ്ഥാനിൽ നടത്തിയ വിവാദ പ്രസംഗത്തിനെതിരായ പരാതിയിൽ തെരഞ്ഞെടുപ്പ് കമ്മീഷൻ നടപടി തുടങ്ങിയിട്ടുണ്ട്. പ്രസംഗത്തിന്റെ ദൃശ്യങ്ങൾ ഹാജരാക്കാൻ ബൻസ്വാര ഇലക്ട്രൽ ഓഫീസറോട് ആവശ്യപ്പെട്ടു. പ്രസംഗത്തിന്റെ ഉള്ളടക്കം എഴുതി നൽകാനും നിർദേശിച്ചിട്ടുണ്ട്. കോൺഗ്രസ്, സിപിഎം അടക്കം പ്രതിപക്ഷ പാർട്ടികൾ പരാമർശത്തിനെതിരെ പരാതി നൽകുകയും പ്രതിഷേധം ശക്തമാക്കുകയും ചെയ്യുന്നതിനിടെയാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ നടപടികളാരംഭിച്ചത്. ഇന്നലെ പ്രധാനമന്ത്രിയുടെ വാക്കുകള്‍ വിദ്വേഷ പ്രസംഗത്തിന്‍റെ പ്രത്യക്ഷ ഉദാഹരണമാണെന്നും, തെരഞ്ഞെടുപ്പ്  പ്രചാരണത്തില്‍ നിന്ന് മോദിയെ വിലക്കണമെന്നുമാവശ്യപ്പെട്ട് കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് കമ്മീഷനെ കണ്ടിരുന്നു.

click me!