അവയവമാറ്റ ശസ്ത്രക്രിയയ്ക്കായി മാനദണ്ഡങ്ങൾ മറികടന്ന് സ്വകാര്യ ആശുപത്രിയ്ക്ക് അവയവങ്ങള്‍ നല്‍കിയതായി പരാതി

By Nikhil Pradeep  |  First Published Jan 5, 2023, 4:35 PM IST

സ്വകാര്യ ആശുപത്രിയില്‍ വച്ച് മസ്തിഷ്ക മരണം സംഭവിക്കുന്ന ദാതാവിന്‍റെ ഏതെങ്കിലും ഒരു അവയവമെങ്കിലും സർക്കാർ ആശുപത്രിയിലെ രോഗിക്ക് നൽകണമെന്നതാണ് നിലവിലെ വ്യവസ്ഥ എന്നാല്‍ ആ വ്യവസ്ഥ ലംഘിക്കപ്പെട്ടെന്നും ആരോപണമുയര്‍ന്നു.  
 



തിരുവനന്തപുരം: സർക്കാർ മാനദണ്ഡങ്ങൾ മറികടന്ന് സ്വകാര്യ ആശുപത്രിയ്ക്ക് അവയവമാറ്റ ശസ്ത്രക്രിയയ്ക്കായി അവയവങ്ങള്‍ നല്‍കിയതായി പരാതി ഉയര്‍ന്നു. തിരുവനന്തപുരം ആനയിറയിലെ സ്വകാര്യ ആശുപത്രിയിൽ കഴിഞ്ഞ ദിവസം മസ്തിഷ്ക മരണം സ്ഥിരീകരിച്ച വ്യക്തിയുടെ കരൾ അതേ ആശുപത്രിയിൽ തന്നെ ചികിത്സയിലുള്ള രണ്ട് രോഗികൾക്ക് പകുത്ത് നൽകിയതിനെ തുടര്‍ന്നാണ് ആരോപണം ഉയര്‍ന്നത്. സ്വകാര്യ ആശുപത്രിയില്‍ വച്ച് മസ്തിഷ്ക മരണം സംഭവിക്കുന്ന ദാതാവിന്‍റെ ഏതെങ്കിലും ഒരു അവയവമെങ്കിലും സർക്കാർ ആശുപത്രിയിലെ രോഗിക്ക് നൽകണമെന്നതാണ് നിലവിലെ വ്യവസ്ഥ എന്നാല്‍ ആ വ്യവസ്ഥ ലംഘിക്കപ്പെട്ടെന്നും ആരോപണമുയര്‍ന്നു.  

സ്വകാര്യ ആശുപത്രിയിൽ മസ്തിഷ്ക മരണം സംഭവിക്കുന്ന രോഗികളിൽ നിന്നും അവയവങ്ങൾ ദാനം ചെയ്യുന്നതിന് സർക്കാർ മാര്‍ഗ്ഗ നിർദേശങ്ങൾ പുറപ്പെടുവിച്ചിട്ടുണ്ട്. ഇത് പ്രകാരം സ്വകാര്യ ആശുപത്രിയിൽ മസ്തിഷ്ക മരണം സംഭവിക്കുന്നയാളില്‍ നിന്ന് അവയവങ്ങൾ ദാനം ചെയ്യുമ്പോൾ ആദ്യ പരിഗണന നല്‍കേണ്ടത് അതേ ആശുപത്രിയിൽ തന്നെ ചികിത്സയിൽ കഴിയുന്ന ഏറ്റവും മോശം രോഗാവസ്ഥയിലുള്ള രോഗിക്കാണ്. ഹൃദയം, കരൾ, ഒരു വൃക്ക എന്നിവ അതേ ആശുപത്രിയില്‍ ചികിത്സയിലുള്ള രോഗികള്‍ക്ക് നൽകാം. അത് പോലെ തന്നെ ദാതാവിന്‍റെ ഏതെങ്കിലും ഒരു അവയവമെങ്കിലും മൃതസഞ്ജീവനി പദ്ധതി വഴി രജിസ്റ്റർ ചെയ്തിട്ടുള്ള മുൻഗണനാ പട്ടിക പ്രകാരം അവയവം കാത്തിരിക്കുന്ന രോഗിക്കാണ് നൽകേണ്ടതെന്നും വ്യവസ്ഥയില്‍ പറയുന്നു. 

Latest Videos

undefined

ഒരു രോഗിയ്ക്ക് ഒന്നിൽ കൂടുതൽ അവയവങ്ങൾ ആവശ്യമായി വരികയും ഇവ പൊരുത്തപ്പെടുന്ന ദാതാവും ലഭ്യമാണെങ്കിൽ ആ രോഗിയ്ക്ക് പ്രാധാന്യം നൽകാമെന്നും ഉത്തരവിൽ പറയുന്നു. 2012 -ൽ പുറത്തിറങ്ങിയ ഈ ഉത്തരവ് മുമ്പ് അവയവ ദാനത്തിന് രൂപീകരിച്ച കെ എൻ ഒ എസ് (KNOS) പദ്ധതിയുടേതാണ്. ഇത് പ്രകാരമാണ് ഇരുവൃക്കകളും സർക്കാർ മെഡിക്കൽ കോളേജിന് നൽകാതെ സ്വകാര്യ ആശുപത്രിയിൽ തന്നെ ചികിത്സയിൽ കഴിയുന്ന രോഗിയ്ക്ക് നൽകിയതെന്നാണ് ഉയരുന്ന ആരോപണം. 

എന്നാല്‍ ഇവിടെ ഒരു രോഗിക്ക് കരൾ നൽകാനുള്ള ഫൈനൽ അലോക്കേഷൻ നൽകിയതിന് ശേഷം വീണ്ടും അതേ കരൾ അതേ ആശുപത്രിയിലെ തന്നെ മറ്റ് രണ്ട് രോഗികള്‍ക്ക് കൂടി പകുത്ത് നല്‍കുകയായിരുന്നുവെന്നും പരാതിക്കാര്‍ ആരോപിക്കുന്നു. അവയവ ദാനങ്ങളിലെ വാണിജ്യ താൽപര്യങ്ങൾ ഒഴിവാക്കാനും അവയവ ദാനം കാര്യക്ഷമമായും സുഗമമായും നടത്താനും ആണ് കെ സോട്ടോ എന്ന എന്ന സൊസൈറ്റി സംസ്ഥാന ആരോഗ്യ വകുപ്പ് രൂപീകരിച്ചത്. അവയവദാനവുമായി ബന്ധപ്പെട്ട അധികാരികളോ ലിവർ കമ്മിറ്റിയോ അറിയാതെയാണ് ഇപ്പോള്‍ ഇത്തരമൊരു അവയവമാറ്റം നടന്നിരിക്കുന്നതെന്നും പരാതിക്കാര്‍ ആരോപിക്കുന്നു. 

പ്രസ്തുത സംഭവത്തില്‍ ചെറുപ്പക്കാരും അതീവ ഗുരുതരാവസ്ഥയിലുള്ളതുമായ രണ്ട് രോഗികള്‍ക്ക് ജീവന്‍ രക്ഷിക്കാന്‍ രണ്ട് അവയവങ്ങള്‍ ആവശ്യമായിരുന്നുവെന്നും ഈ ഗുരുതര സാഹചര്യം കണക്കിലെടുത്താണ് അതേ ആശുപത്രിയില്‍ തന്നെയുള്ള രോഗികള്‍ക്ക് അവയവങ്ങള്‍ നല്‍കിയതെന്നുമാണ് ഇതുമായി ബന്ധപ്പെട്ട അധികൃതരുടെ വിശദീകരണം. മാത്രമല്ല, രക്ത ഗ്രൂപ്പുകള്‍ സാമ്യമുള്ളതും ദാതാവിന്‍റെ കരള്‍ സ്വീകരിക്കാന്‍ കഴിയുന്നതുമായ രോഗികള്‍ മറ്റ് സ്വകാര്യ ആശുപത്രിയിലടക്കം ഗുരുതരാവസ്ഥയില്‍ ഇല്ലാതിരുന്നതും ഈ രണ്ട് രോഗികള്‍ക്കും അവയവങ്ങള്‍ നല്‍കാന്‍ കാരണമായെന്നും മൃതസഞ്ജീവനിയുടെ ചുമതലയുള്ള ഡോ. നോബിള്‍ ഗ്രേഷ്യസ് ഏഷ്യാനെറ്റ് ഓണ്‍ലൈനോട് പറഞ്ഞു. 

കൂടുതല്‍ വായനയ്ക്ക്:  അവയവ മാറ്റത്തിന് ഏകീകൃത ചട്ടങ്ങൾ രൂപീകരിക്കണമെന്ന് കേന്ദ്രസർക്കാരിനോട് സുപ്രീംകോടതി

 

click me!