കാസര്‍കോട് കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിൽ ചികിത്സാപിഴവെന്ന് പരാതി.
കാസർകോട്: കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിൽ ശസ്ത്രക്രിയാ പിഴവെന്ന് പരാതി. കാസർകോട് പുല്ലൂർ പെരളത്തെ വി. അശോകന്റെ പത്ത് വയസ്സുകാരനായ മകൻ ആദിനാഥിന് ഹെർണിയ ശസ്ത്രക്രിയ നടത്തേണ്ടതിന് പകരം ഡോക്ടർ മുറിച്ചത് കുട്ടിയുടെ കാലിലേക്കുള്ള ഞരമ്പാണെന്നാണ് പരാതി.
സെപ്റ്റംബർ 19 ന് കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലെ സർജൻ ഡോ. വിനോദ് കുമാറാണ് കുട്ടിയെ ശസ്ത്രക്രിയ നടത്തിയത്. പുല്ലൂർ പെരളത്തെ വി. അശോകന്റെ പത്ത് വയസ്സുകാരനായ മകൻ ആദിനാഥിന് ഹെർണിയ ശസ്ത്രക്രിയ ആയിരുന്നു നടത്തേണ്ടിയിരുന്നത്.
പക്ഷേ അബദ്ധത്തിൽ ഞരമ്പ് മാറി മുറിച്ചെന്നും ഉടൻതന്നെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിക്കണമെന്നും ഡോക്ടർ അറിയിച്ചുവെന്ന് കുടുംബം പറഞ്ഞു. കണ്ണൂരിലെ ചികിത്സ കഴിഞ്ഞ് വീട്ടിലേക്ക് എത്തിയത് കഴിഞ്ഞ ദിവസം. കുട്ടിക്ക് ഇരിക്കാനും നടക്കാനും ബുധിമുട്ടുണ്ടെന്ന് കുടുംബം പറയുന്നു. സംഭവത്തിൽ കാസർകോട് ഡിഎംഒക്ക് പരാതി നൽകിയിട്ടുണ്ട്.