മുഖ്യമന്ത്രിയുടെ അഭിമുഖം തയ്യാറാക്കിയതിലെ പങ്ക് സ്ഥിരീകരിച്ച് പിആർ ഏജVസി;'പൊളിറ്റിക്കൽ വിങ് സൗകര്യമൊരുക്കി'

By Web TeamFirst Published Oct 1, 2024, 5:21 PM IST
Highlights

അഭിമുഖത്തിലെ മലപ്പുറം പരാമർശം പിആർ ഏജൻസി പ്രതിനിധികൾ എഴുതി നൽകിയതാണെന്നായിരുന്നു ദ ഹിന്ദുവിന്‍റെ വിശദീകരണം

ദില്ലി: ദി ഹിന്ദു ദിനപത്രത്തിൽ പ്രസിദ്ധീകരിച്ച മുഖ്യമന്ത്രി പിണറായി വിജയന്‍റെ അഭിമുഖം തയ്യാറാക്കിയതിലെ പങ്ക് സ്ഥിരീകരിച്ച് ദില്ലി ആസ്ഥാനമായിട്ടുള്ള പിആര്‍ ഏജന്‍സി കെയ്സണ്‍. അഭിമുഖത്തിന് സൗകര്യമൊരുക്കിയത് എജൻസിയുടെ പൊളിറ്റിക്കൽ വിങാണെന്ന് കെയ്സണ്‍ ഗ്രൂപ്പ് പ്രസിഡന്‍റ് നിഖിൽ പവിത്രൻ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. അഭിമുഖ സമയത്ത് താൻ ഒപ്പമില്ലായിരുന്നുവെന്നും നിഖിൽ പവിത്രൻ വിശദീകരിച്ചു.

മുഖ്യമന്ത്രി പിണറായി വിജയന്‍റെ വിവാദ അഭിമുഖത്തിൽ വിശദീകരണവുമായി 'ദി ഹിന്ദു' ദിനപത്രം രംഗത്ത് എത്തിയതിന് പിന്നാലെയാണ് ഇക്കാര്യത്തിൽ പിആര്‍ ഏജന്‍സിയും അഭിമുഖം തയ്യാറാക്കിയതിലെ പങ്ക് സ്ഥിരീകരിച്ചത്. മുഖ്യമന്ത്രിയുടെ അഭിമുഖത്തിൽ നിന്ന് നിന്ന് വിവാദ പരാമർശങ്ങൾ പിൻവലിക്കുകയാണെന്നാണ് 'ദി ഹിന്ദു' അറിയിച്ചത്. അഭിമുഖത്തിലെ മലപ്പുറം പരാമർശം പിആർ ഏജൻസി പ്രതിനിധികൾ എഴുതി നൽകിയതാണെന്നും. മാധ്യമ ധാർമ്മികതയ്ക്ക് നിരക്കാത്തതിനാൽ ഖേദിക്കുന്നുവെന്നുമാണ് 'ദി ഹിന്ദു' അറിയിച്ചത്. മലപ്പുറം പരാമർശത്തിൽ മുഖ്യമന്ത്രിയുടെ ഓഫീസ് പത്രത്തിന് കത്ത് നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് ഖേദം പ്രകടിപ്പിച്ചുകൊണ്ടുള്ള കുറിപ്പ് വന്നത്. 

Latest Videos

മലപ്പുറം പരാമർശം യഥാർത്ഥ അഭിമുഖത്തിലേതല്ല. ആ പരാമർശം പിആർ ഏജൻസിയുടെ ആവശ്യപ്രകാരം ഉൾപ്പെടുത്തിയതാണ്. മുമ്പ് വാർത്താസമ്മേളനത്തിൽ പറ‍ഞ്ഞതാണെന്ന് ഏജൻസി പ്രതിനിധി പറഞ്ഞു. ഇത് അതേപടി ഉൾപ്പെടുത്തിയത് മാധ്യമ ധാർമ്മികതയ്ക്ക് നിരക്കുന്നതല്ല. അഭിമുഖത്തിൽ പറയാത്ത കാര്യം ഉൾപ്പെടുത്തിയതിൽ ഖേദിക്കുന്നുവെന്നും ദി ഹിന്ദു വ്യക്തമാക്കുന്നു. 

മലപ്പുറം പരാമർശത്തിൽ വിമർശനം കനത്തതോടെയാണ് പ്രതികരണവുമായി മുഖ്യമന്ത്രിയുടെ ഓഫീസ് രം​ഗത്തെത്തിയത്. അഭിമുഖത്തിലെ വിവാദ പരാമർശത്തിൽ ഹിന്ദു പത്രത്തിന് കത്ത് നൽകുകയായിരുന്നു മുഖ്യമന്ത്രിയുടെ പ്രസ് സെക്രട്ടറി. പരാമർശം തെറ്റായി വ്യാഖ്യാനിച്ചെന്നും തെറ്റായ വ്യാഖ്യാനം വിവാദങ്ങൾക്ക് ഇടയാക്കിയെന്നും കത്തിൽ പറയുന്നു. ഒരു സ്ഥലമോ പ്രദേശമോ പരാമർശിച്ചിട്ടില്ലെന്നും വിവാദം അവസാനിപ്പിക്കാൻ വിശദീകരണം നൽകണമെന്നും കത്തിൽ ആവശ്യപ്പെട്ടിരുന്നു. 

മുഖ്യമന്ത്രിയുടെയോ സർക്കാരിന്റെയോ നിലപാടല്ല വിവിധ വരികളിൽ ഉള്ളത്. കള്ളക്കടത്ത് സ്വർണ്ണവും പണവും തീവ്രവാദ പ്രവർത്തനങ്ങൾക്ക് ഉപയോഗിക്കപ്പെടുന്നുണ്ടെന്നാണ് ഉദ്ദേശിച്ചത്. ഏതെങ്കിലുമൊരു സ്ഥലത്തേയോ പ്രദേശത്തേയോ പരാമർശിച്ചിട്ടില്ല. വാർത്തയിലെ തെറ്റായ വ്യാഖ്യാനം അനാവശ്യ ചർച്ചക്കും വിവാദങ്ങൾക്കും വഴിവെച്ചെന്നും കത്തിൽ പറയുന്നു. മലപ്പുറത്ത് സ്വർണ്ണക്കടത്ത് നടക്കുന്നുണ്ടെന്നും അത് ദേശവിരുദ്ധ പ്രവർത്തനങ്ങൾക്ക് ഉപയോഗിക്കുന്നെന്നുമാണ് മുഖ്യമന്ത്രിയുടെ പരാമർശം. ഇതിനെതിരെ വ്യാപകമായ വിമർശനമാണ് ഉയരുന്നത്. 

പിആർ ഏജൻസിയാണോ മുഖ്യമന്ത്രിയുടെ നാവെന്ന് രാഹുൽ മാങ്കൂട്ടത്തിൽ;മലപ്പുറത്തെ ജനങ്ങളോട് മാപ്പു പറയണമെന്ന് ഫിറോസ്

 

click me!