ടൈപ്പ് വൺ പ്രമേഹ ബാധിതരായ കുട്ടികൾക്ക് പരീക്ഷകൾക്ക് അധികസമയം അനുവദിക്കണം: മനുഷ്യാവകാശ കമ്മീഷൻ

By Web Team  |  First Published Nov 16, 2024, 7:11 PM IST

സി.ബി.എസ്.ഇ സിലബസിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്ക് കൂടി സമയം അധികമായി അനുവദിക്കണമെന്ന ആവശ്യത്തിലാണ് മനുഷ്യാവകാശ കമ്മീഷന്റെ ഇടപെടൽ.


തിരുവനന്തപുരം: ടൈപ്പ് വൺ പ്രമേഹ ബാധിതരായ കുട്ടികൾക്ക് പരീക്ഷകൾക്ക് അധികസമയം അനുവദിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ. ടൈപ്പ് വൺ പ്രമേഹ ബാധിതരായ വിദ്യാർത്ഥികൾക്ക് എസ്.എസ്.എൽ.സി, പ്ലസ്ടു പരീക്ഷകൾക്ക് മണിക്കൂറിന് 20 മിനിറ്റ് അധികസമയം സംസ്ഥാന സർക്കാർ കൂടുതൽ അനുവദിച്ചിരിക്കുന്ന മാതൃകയിൽ സി.ബി.എസ്.ഇ സിലബസിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്ക് കൂടി സമയം അധികമായി അനുവദിക്കണമെന്ന ആവശ്യത്തിൽ മനുഷ്യാവകാശ കമ്മീഷൻ സി.ബി.എസ്.ഇ യിൽ നിന്നും റിപ്പോർട്ട് ആവശ്യപ്പെട്ടു.

സി.ബി.എസ്.ഇ ഡയറക്ടറും പൊതുവിദ്യാഭ്യാസ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയും ഒരു മാസത്തിനകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമ്മീഷൻ ചെയർപേഴ്സൺ ജസ്റ്റിസ് അലക്സാണ്ടർ തോമസ് ആവശ്യപ്പെട്ടു. മണിക്കൂറിന് 20 മിനിറ്റ് സമയം വീതമാണ് സംസ്ഥാന സർക്കാർ നൽകുന്നത്. എസ്.എസ്.എൽ.സി, ഹയർ സെക്കൻഡറി തലങ്ങളിൽ ഇപ്പോൾ പ്രസ്തുത ആനുകൂല്യം ലഭിക്കുന്നുണ്ട്. സംസ്ഥാനത്ത്  8000 ലധികം കുട്ടികൾ ടൈപ്പ് വൺ പ്രമേഹ ബാധിതരാണെന്ന് കാര്യവട്ടം ബുഷ്റ ഷിഹാബ് സമർപ്പിച്ച പരാതിയിൽ പറയുന്നു. സംസ്ഥാന സർക്കാരിന്റെ മിഠായി പദ്ധതിയിൽ 2500 കുട്ടികൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. രാജ്യത്ത് 8 ലക്ഷത്തിലധികം കുട്ടികൾ ടൈപ്പ് വൺ പ്രമേഹ ബാധിതരാണെന്നും പരാതിയിൽ പറയുന്നുണ്ട്. 

Latest Videos

READ MORE: 'നഴ്സ് തീപ്പെട്ടി ഉരച്ചു…പിഞ്ചുകുഞ്ഞുങ്ങളുണ്ടായിരുന്ന വാർഡ് കത്തിച്ചാമ്പലായി'; ദൃക്സാക്ഷിയുടെ വെളിപ്പെടുത്തൽ

click me!