ഗുരുവാണ് കേരളത്തെ മാറ്റിയത്, ഗുരുവചനം എത്തിയിരുന്നെങ്കിൽ പലസ്‌തീനിൽ ചോരപ്പുഴ ഒഴുകില്ലായിരുന്നു: മുഖ്യമന്ത്രി

By Web TeamFirst Published Dec 30, 2023, 11:36 AM IST
Highlights

പലസ്തീനിൽ ഇത്തവണ ക്രിസ്മസ് ആഘോഷം ഉണ്ടായില്ലെന്നത് മുഖ്യമന്ത്രി ശിവഗിരി തീര്‍ത്ഥാടനം ഉദ്ഘാടനം ചെയ്ത് കൊണ്ട് ഓര്‍മ്മിപ്പിച്ചു

വര്‍ക്കല: ശ്രീനാരായണ ഗുരുവിന്റെ ഇടപെടലാണ് കേരളത്തെ മനുഷ്യർക്ക് ജീവിക്കാൻ കൊള്ളാവുന്ന ഇടമാക്കി മാറ്റിയതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഭക്തി ആയാലും വിഭക്തി ആയാലും അതിന് പിന്നിൽ രാഷ്ട്രീയം ഉണ്ടെന്ന് വൈക്കം സത്യാഗ്രഹം ഓർമിപ്പിക്കുന്നു. ഇന്ത്യൻ നാഷണൽ കോൺഗ്രസാണ് വൈക്കം സത്യാഗ്രഹത്തിന് തുടക്കമിട്ടത്. വെള്ളത്തുണിയിൽ മഞ്ഞപ്പൊടി മുക്കിയാണ് ഉപയോഗിക്കേണ്ടത് എന്ന് ഗുരു പറഞ്ഞു. പട്ട് വേണ്ടെന്നും കാവി വേണ്ടെന്നും ഗുരു പറഞ്ഞു. പട്ട് ആർഭാടവും കാവി ഒരു പ്രത്യക മതവുമായി ബന്ധപ്പെട്ടതായത് കൊണ്ടുമാണ് അങ്ങനെ പറഞ്ഞത്. ഗുരു നിരാകരിച്ചത് ആരെങ്കിലും തിരിച്ചു കൊണ്ടുവരാൻ ശ്രമിക്കുന്നെങ്കിൽ അതോർക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

പലസ്തീനിൽ ഇത്തവണ ക്രിസ്മസ് ആഘോഷം ഉണ്ടായില്ലെന്നത് മുഖ്യമന്ത്രി ശിവഗിരി തീര്‍ത്ഥാടനം ഉദ്ഘാടനം ചെയ്ത് കൊണ്ട് ഓര്‍മ്മിപ്പിച്ചു. ഗാസയിൽ ക്രൈസ്തവരും പള്ളികളും ഉണ്ട്. ഇസ്രായേൽ ആക്രമണം ഏതെങ്കിലും വിഭാഗത്തിന് എതിരെയല്ല. പലസ്തീൻ എന്ന നാടിന്റെ ചരിത്രത്തിൽ ഇതാദ്യമായാണ് ഇങ്ങനെ ഒരു ആഘോഷം. ഗുരുസന്ദേശത്തിന്റെ തെളിച്ചം അവിടെ എത്തിയിരുന്നെങ്കിൽ ഇങ്ങനെ ചോരപ്പുഴ ഒഴുകുമായിരുന്നില്ല. പല സംഘർഷങ്ങളുടെയും അടിസ്ഥാനം വംശീയതയാണ്. ഇത് ഇല്ലാതാകണമെങ്കിൽ ലോകമെങ്ങും ഗുരുവചനം എത്തണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

Latest Videos

ചടങ്ങിൽ അധ്യക്ഷ പ്രസംഗം നടത്തിയ ശ്രീ നാരായണധർമ്മ സംഘം ട്രസ്റ്റ് അധ്യക്ഷൻ സച്ചിദാനന്ദ സ്വാമികൾ മുഖ്യമന്ത്രിയെ പ്രശംസിച്ചാണ് സംസാരിച്ചത്. പിണറായി വിജയൻ ശിവഗിരിയുടെ സ്വന്തം മുഖ്യമന്ത്രിയാണ്. ശ്രീ നാരായണ ഗുരുവിനെ കേരളത്തിന്റെ ഗുരുവായി കണ്ട് ഓരോ പ്രസംഗങ്ങളിലും എടുത്തു പറയുന്നു. ക്ഷേത്രങ്ങളിൽ പൂജാരിമാരായി ഈഴവ വിഭാഗത്തെയും ഈ സർക്കാർ പ്രവേശിപ്പിച്ചു. ഇത് രണ്ടാം വിപ്ലവമാണ്. ശബരിമല, ഗുരുവായൂർ പോലെയുള്ള പ്രധാനപ്പെട്ട ക്ഷേത്രങ്ങളിൽ മേൽശാന്തിക്കാർ ബ്രാഹ്മണർ മാത്രമാണ്. അത് രാജ്യത്തിന് ഭൂഷണമല്ല. സവർണ വരേണ്യ വർഗത്തിന്റെ ഈ കുത്തക മാറണം. അതിനാവശ്യമായ പ്രവർത്തനങ്ങൾ സര്‍ക്കാരിന്റെ ഭാഗത്ത് ഉണ്ടാകണം. ശ്രീനാരായണ ഗുരു രചിച്ച ദൈവദശകം കേരളത്തിന്റെ ഗാനമായി അംഗീകരിക്കണം. നിയമസഭയിൽ ഇക്കാര്യം ഉന്നയിക്കണമെന്നും സച്ചിദാനന്ദ സ്വാമികൾ ആവശ്യപ്പെട്ടു.

Asianet News Live | ഏഷ്യാനെറ്റ് ന്യൂസ്

click me!