'മൊഴി നൽകിയ ആരെങ്കിലും പരാതിയുമായി വന്നാൽ എത്ര ഉന്നതനായാലും ഉചിതമായ നടപടിയുണ്ടാവും': മുഖ്യമന്ത്രി പിണറായി

By Web Team  |  First Published Aug 20, 2024, 5:37 PM IST

ശുപാർശ നടപ്പാക്കുന്നതിന് പൊതു മാർഗ്ഗ രേഖ കൊണ്ട് വരാൻ സർക്കാരിന് അവകാശമുണ്ടോ എന്നും പരിഗണിച്ചുവെന്നും മുഖ്യമന്ത്രി പറഞ്ഞു. വാർത്താസമ്മേളനത്തിൽ മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. 

chief minister pinarayi vijayan about justice hema committee report

തിരുവനന്തപുരം: ഹേമ കമ്മിറ്റി റിപ്പോർട്ട് സർക്കാർ പൂഴ്ത്തിയിട്ടില്ലെന്നും പുറത്ത് വിടരുതെന്ന് ജസ്റ്റിസ് ഹേമ തന്നെ കത്ത് നൽകിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. സ്ത്രീകളുടെ വെളിപ്പെടുത്തൽ അടങ്ങുന്ന അതീവ രഹസ്യാത്മക റിപ്പോർട്ടെന്ന് കത്തിൽ ആവർത്തിക്കുന്നുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. സർക്കാരിന് ഇക്കാര്യത്തിൽ ഒറ്റ നയമാണുള്ളത്. ഒരു തരത്തിലും റിപ്പോർട്ട് പുറത്ത് വരുന്നതിന് സർക്കാർ എതിരല്ല. സാക്ഷികളുടെ വിശ്വാസം പൂർണ്ണമായും സംരക്ഷിക്കണമെന്ന് റിപ്പോർട്ട് എടുത്ത് പറയുന്നുണ്ടെന്നും  മുഖ്യമന്ത്രി പറഞ്ഞു. വാർത്താസമ്മേളനത്തിൽ മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. 

സിനിമാ മേഖലയുമായി ബന്ധപ്പെട്ട ഉയർന്ന ഗൗരവകരമായ പ്രശ്നങ്ങളുടെ തുടർച്ചയായിട്ടായിരുന്നു ഹേമ കമ്മിറ്റി റിപ്പോർട്ട്. ഹേമ കമ്മിറ്റി ശുപാർശ അതീവ പ്രാധാന്യത്തോടെ പരിഗണിക്കാനാണ് സർക്കാർ തീരുമാനിച്ചത്. ശുപാർശ നടപ്പാക്കുന്നതിന് പൊതു മാർഗ്ഗ രേഖ കൊണ്ട് വരാൻ സർക്കാരിന് അവകാശമുണ്ടോ എന്നും പരിഗണിച്ചുവെന്നും മുഖ്യമന്ത്രി പറഞ്ഞു. രാജ്യത്ത് തന്നെ ആദ്യമായാണ് ഇത്തരമൊരു സമിതി രൂപംകൊണ്ടത്. റിപ്പോർട്ടിന്റെ ആമുഖത്തിൽ തന്നെ ഇക്കാര്യം ഉണ്ട്. സിനിമ മേഖലയിൽ ഐസിസി രൂപീകരിക്കുന്നത് അടിയന്തര സ്വഭാവത്തോടെ നടപ്പാക്കി എന്ന് ഉറപ്പാക്കി. സിനിമാ സീരിയൽ രംഗത്തെ ചൂഷണം തടയാൻ ട്രൈബ്യൂണൽ രൂപീകരിക്കണമെന്ന് നിർദ്ദേശം ഉണ്ട്. ഭാരിച്ച സാമ്പത്തിക ബാധ്യത വരുന്ന നിർദ്ദേശം ആണിത്. ട്രൈബ്യൂണൽ ഗൗരവമായി തന്നെ പരിഗണിക്കും. വിപുലമായ ചർച്ച നടത്തി സിനിമാ നയം രൂപീകരിക്കും. അതിനായി കോൺക്ലേവ് അടക്കം അഭിപ്രായ രൂപീകരണ പരിപാടികൾ സംഘടിപ്പിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. സിനിമ മേഖലയിൽ തുല്യ വേതനത്തിന് സാങ്കേതിക തടസം ഉണ്ട്. മദ്യവും മയക്കുമരുന്നും അടക്കം ലഹരി ഉപയോഗം തടയാനും, ലൈംഗികാതിക്രമവും തടയാൻ ഇപ്പോൾ തന്നെ സംവിധാനങ്ങളുണ്ട്. 

Latest Videos

സിനിമാ മേഖലയാകെ മോശമെന്ന അഭിപ്രായം സർക്കാരിനില്ല. സിനിമാ മേഖലയെ ആകെ ചെളിവാരി എറിയരുത്. സിനിമക്കുള്ളിൽ സിനിമയെ വെല്ലുന്ന തിരക്കഥ പാടില്ല. മാന്യമായ തൊഴിലവസരം ഉണ്ടാക്കാൻ സിനിമാ മേഖലയിൽ നിന്നുള്ളവർ തന്നെ മുൻകയ്യെടുക്കണം.  ഗ്രൂപ്പുകളോ കോക്കസുകളോ ഭരിക്കുന്നതാകരുത് സിനിമ. ലൈംഗികമായാലും മാനസികമായാലും ശാരീരികമായാലും ചൂഷകരോട് സർക്കാരിന് സന്ധിയില്ല. കഴിവും സർഗ്ഗാത്മകതയുമായിരിക്കണം മാനദണ്ഡമെന്നും മുഖ്യമന്ത്രി പറഞ്ഞു. 

സിനിമാ മേഖലയിലെ സ്ത്രീ വിരുദ്ധപ്രവണതകളെ ശക്തമായി നേരിടും. അതിന് സർക്കാരിന് ചെയ്യാൻ കഴിയുന്നതെല്ലാം ചെയ്യും. ഇനിയും ചെയ്യാൻ തന്നെയാണ് തീരുമാനം. പൊതു സ്വഭാവത്തിൽ കൈകാര്യം ചെയ്യാവുന്ന ഒരു രേഖയല്ല പൊലീസിന് മുന്നിലും എത്തിയത്. കേസെടുത്ത് അന്വേഷിക്കണം എന്ന ശുപാർശ ജസ്റ്റിസ് ഹേമ റിപ്പോർട്ടിൽ ഉൾപ്പെടുത്തിയിട്ടില്ല. നടിയെ ആക്രമിച്ച സംഭവത്തിലെല്ലാം സർക്കാർ നിലപാട് നേരത്തെ തെളിയിച്ചതാണെന്നും മുഖ്യമന്ത്രി പറഞ്ഞു. സിനിമയിൽ അവസരം നൽകാമെന്ന വാഗ്ദാനം നൽകി പീഡിപ്പിച്ചെന്ന പരാതികളിൽ സംവിധായകനും പ്രമുഖ നടനെതിരെയും കേസ് എടുത്തിട്ടുണ്ട്. മൊഴി നൽകിയ ആരെങ്കിലും പരാതിയുമായി വന്നാൽ എത്ര ഉന്നതനായാലും ഉചിതമായ നടപടിയുണ്ടാവും. ഇത് സർക്കാർ നൽകുന്ന ഉറപ്പാണ്. ഉണ്ടാകാൻ പാടില്ലാത്ത അപജയങ്ങൾ സിനിമാ മേഖലയിൽ ഉണ്ട്, അതിന് പരിഹാരം വേണം. അതിന് തന്നെയാണ് കമ്മീഷനെ വച്ചതെന്നും പിണറായി കൂട്ടിച്ചേർത്തു. 

വയനാട് ദുരന്തം; പുരനധിവാസം കാലതാമസം ഇല്ലാതെ നടപ്പാക്കും, 119 പേരെ ഇനിയും കണ്ടെത്താനുണ്ടെന്നും മുഖ്യമന്ത്രി

https://www.youtube.com/watch?v=Ko18SgceYX8

vuukle one pixel image
click me!
vuukle one pixel image vuukle one pixel image