ഇപ്പോഴത്തെ നിയമനങ്ങൾക്ക് ശേഷം അടുത്ത ഘട്ടമായി അനിവാര്യമായ തസ്തികകൾ കൂടുതൽ സൃഷ്ടിക്കുമെന്ന് മുഖ്യമന്ത്രി അറിയിച്ചു.
തിരുവനന്തപുരം: നിര്‍മ്മാണം പൂര്‍ത്തിയാക്കിയ കുടുംബ ആരോഗ്യ കേന്ദ്രങ്ങള്‍ പ്രവര്‍ത്തന സജ്ജമാക്കുന്നതിന് 570 തസ്തികകള്‍ സൃഷ്ടിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. അസിസ്റ്റന്‍റ് സര്‍ജന്മാരുടെ അഞ്ച് തസ്തികകളും ഗ്രേഡ് 2 നഴ്സിംഗ് ഓഫീസര്‍മാരുടെ 150 തസ്തികകളും, ഗ്രേഡ് 2 ഫാര്‍മസിസ്റ്റുകളുടെ 250 തസ്തികകളും, ഗ്രേഡ് 2 ലാബ് ടെക്നീഷ്യന്മാരുടെ 135 തസ്തികകളുമാണ് പുതിയതായി സൃഷ്ടിക്കുന്നത്.
ഇപ്പോഴത്തെ നിയമന നടപടികള്‍ പൂര്‍ത്തിയായ ശേഷം അടുത്ത ഘട്ടമായി അനിവാര്യമായ തസ്തികകള്‍ സൃഷ്ടിക്കുമെന്നും മുഖ്യമന്ത്രി വാർത്താ സമ്മേളനത്തിൽ പറഞ്ഞു. ഇക്കാര്യം പരിശോധിച്ച് നിര്‍ദ്ദേശം സമര്‍പ്പിക്കുവാന്‍ ആരോഗ്യവകുപ്പ് ഡയറക്ടറെ ചുമതലപ്പെടുത്തിയിട്ടുണ്ട്. ഓരോ ജില്ലയിലും അവശ്യം വേണ്ടുന്ന അസിസ്റ്റന്‍റ് സര്‍ജന്‍ ഒഴികെയുള്ള തസ്തികകള്‍ സംസ്ഥാന ആരോഗ്യവും കുടുംബ ക്ഷേമവും വകുപ്പിന് നിശ്ചയിക്കാവുന്നതാണെന്നാണ് അറിയിച്ചിരിക്കുന്നത്.
സംസ്ഥാനത്തെ നാല് ആരോഗ്യ സ്ഥാപനങ്ങള്‍ക്ക് കൂടി നാഷണല്‍ ക്വാളിറ്റി അഷുറന്‍സ് സ്റ്റാന്‍ഡേര്‍ഡ്‌സ് (എന്‍.ക്യു.എ.എസ്) അംഗീകാരം ലഭിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. കൊല്ലം ജില്ലയിലെ അലയമണ്‍ കുടുംബാരോഗ്യ കേന്ദ്രം 94.77 ശതമാനം സ്‌കോറും, തിരുവനന്തപുരം ജില്ലയിലെ കോരണംകോട് ജനകീയ ആരോഗ്യ കേന്ദ്രം 85.83 ശതമാനം സ്‌കോറും, എറണാകുളം ജില്ലയിലെ കട്ടിങ് പ്ലാന്റേഷന്‍ ജനകീയ ആരോഗ്യ കേന്ദ്രം 88.47 ശതമാനം സ്‌കോറും, വയനാട് ജില്ലയിലെ വടക്കനാട് ജനകീയ ആരോഗ്യ കേന്ദ്രം 90.55 ശതമാനം സ്‌കോറും നേടിയാണ് എന്‍.ക്യു.എ.എസ്. കരസ്ഥമാക്കിയത്. കൂടുതല്‍ ആശുപത്രികളെ ദേശീയ ഗുണനിലവാരത്തിലേക്ക് ഉയര്‍ത്താനുള്ള വികസന പ്രവര്‍ത്തനങ്ങളാണ് നടന്നുവരുന്നതെന്നും മന്ത്രി പറഞ്ഞു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം