തിരഞ്ഞെടുപ്പ് പ്രചാരണം: വാഹനങ്ങള്‍ക്ക് അനുമതി വാങ്ങണം, ഇല്ലെങ്കില്‍ നടപടിയെന്ന് സഞ്ജയ് കൗള്‍

By Web TeamFirst Published Apr 13, 2024, 7:48 PM IST
Highlights

സംസ്ഥാനമൊട്ടാകെ സഞ്ചരിക്കുന്ന വാഹനത്തിന് മുഖ്യതിരഞ്ഞെടുപ്പ് ഓഫീസറില്‍ നിന്നാണ് അനുമതി വാങ്ങേണ്ടത്. ഇത്തരത്തില്‍ ഒരു പാര്‍ട്ടിക്ക് അഞ്ച് വാഹനമാണ് അനുവദിക്കുക.

തിരുവനന്തപുരം: ലോക്‌സഭ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് വാഹനങ്ങള്‍ അനുമതിയില്ലാതെ ഉപയോഗിക്കരുതെന്ന് മുഖ്യതിരഞ്ഞെടുപ്പ് ഓഫീസര്‍ സഞ്ജയ് കൗള്‍ അറിയിച്ചു. അനുമതിയില്ലാതെ വാഹനം ഉപയോഗിക്കുന്നതായി കണ്ടെത്തിയാല്‍ അനധികൃത പ്രചാരണം നടത്തുന്നതായി കണക്കാക്കി ഐപിസി 9(എ) പ്രകാരമുള്ള ശിക്ഷാ നടപടി സ്വീകരിക്കുമെന്ന് സഞ്ജയ് കൗള്‍ പറഞ്ഞു.

'തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ഉപയോഗിക്കുന്ന എല്ലാ വാഹനങ്ങളുടെയും വിശദവിവരങ്ങള്‍ ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസര്‍ക്ക് സമര്‍പ്പിച്ച് അനുമതി വാങ്ങിയ ശേഷമേ അവ ഉപയോഗിക്കാവൂ. വാഹനത്തിന്റെ രജിസ്‌ട്രേഷന്‍ നമ്പര്‍, അനുമതി ലഭിച്ച തീയതി, സ്ഥാനാര്‍ഥിയുടെ പേര്, പ്രചാരണം നടത്തുന്ന പ്രദേശം എന്നിവ അനുമതിയില്‍ രേഖപ്പെടുത്തിയിരിക്കും. ഈ അനുമതി പത്രത്തിന്റെ അസ്സല്‍ ദൂരെനിന്ന് എളുപ്പത്തില്‍ കാണാവുന്നത്ര വലിപ്പത്തില്‍ വാഹനത്തിന്റെ വിന്‍ഡ് സ്‌ക്രീനില്‍ പതിച്ചിരിക്കണം. അധികവാഹനം ഉപയോഗിക്കുന്നുണ്ടെങ്കില്‍ അത് സംബന്ധിച്ച വിവരവും അധികൃതരെ അറിയിച്ച് അനുമതി വാങ്ങിയിരിക്കണം.'

Latest Videos

'പ്രചാരണത്തിന് ഉപയോഗിക്കുന്ന മുഴുവന്‍ വാഹനങ്ങളുടെയും വിശദവിവരങ്ങള്‍ സ്ഥാനാര്‍ഥി തിരഞ്ഞെടുപ്പ് ചെലവ് നിരീക്ഷരെയും അറിയിച്ചിരിക്കണം. ഒരു സ്ഥാനാര്‍ഥിക്ക് ഉപയോഗിക്കാന്‍ അനുമതി നല്‍കിയ വാഹനം മറ്റൊരു സ്ഥാനാര്‍ഥി ഉപയോഗിച്ചാല്‍ അനുമതി റദ്ദാവുകയും വാഹനം പിടിച്ചെടുക്കുകയും ചെയ്യും. അനുമതി ലഭിച്ച വാഹനം രണ്ട് ദിവസത്തിലധികം ഉപയോഗിക്കുന്നില്ലെങ്കില്‍ അത് ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസറെ അറിയിക്കണം. ഇല്ലെങ്കില്‍ വാഹനം ഉപയോഗിക്കുന്നതായി കണക്കാക്കി തിരഞ്ഞെടുപ്പ് ചെലവില്‍ ഉള്‍പ്പെടുത്തും. പ്രചാരണത്തിന് സംസ്ഥാനമൊട്ടാകെ സഞ്ചരിക്കുന്ന വാഹനത്തിന് മുഖ്യതിരഞ്ഞെടുപ്പ് ഓഫീസറില്‍ നിന്നാണ് അനുമതി വാങ്ങേണ്ടത്. ഇത്തരത്തില്‍ ഒരു പാര്‍ട്ടിക്ക് അഞ്ച് വാഹനമാണ് അനുവദിക്കുക. സ്വകാര്യവാഹനങ്ങള്‍ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിക്കുന്നതായി കണ്ടെത്തിയാല്‍ പിടിച്ചെടുക്കുകയും തിരഞ്ഞെടുപ്പ് പൂര്‍ത്തിയാവുന്നത് വരെ കസ്റ്റഡിയില്‍ സൂക്ഷിക്കുകയും ചെയ്യും.'

'തിരഞ്ഞെടുപ്പ് പ്രചാരണങ്ങളുമായി ബന്ധപ്പെട്ട് 10 വാഹനങ്ങളിലധികം കോണ്‍വോയ് ആയി സഞ്ചരിക്കാന്‍ പാടില്ല. പ്രചാരണങ്ങള്‍ക്ക് ഉപയോഗിക്കുന്ന ബൈക്കുകളുടെ കാര്യത്തിലും 10 വാഹനങ്ങള്‍ എന്ന പരിധി ബാധകമാണ്. തിരഞ്ഞെടുപ്പ് പ്രചാരണത്തിനുള്ള വീഡിയോ വാനുകള്‍ക്ക് മോട്ടോര്‍വാഹന ചട്ടങ്ങള്‍ക്ക് വിധേയമായി മുഖ്യതിരഞ്ഞെടുപ്പ് ഓഫീസറില്‍ നിന്നാണ് അനുമതി വാങ്ങേണ്ടത്.  വീഡിയോ വാനില്‍ ഉപയോഗിക്കുന്ന പ്രചാരണ സാമഗ്രികള്‍ക്ക് മീഡിയ സര്‍ട്ടിഫിക്കേഷന്‍ ആന്റ് മോണിട്ടറിങ് കമ്മറ്റിയില്‍(എംസിഎംസി) നിന്ന് മുന്‍കൂര്‍ സര്‍ട്ടിഫിക്കറ്റും വാങ്ങിയിരിക്കണം. തിരഞ്ഞെടുപ്പ് ദിവസം വോട്ടെടുപ്പ് കേന്ദ്രത്തിലേക്കും തിരിച്ചും വോട്ടര്‍മാര്‍ക്ക് സൗജന്യ യാത്രയൊരുക്കാന്‍ വാഹനം ഉപയോഗിക്കുന്നത് തിരഞ്ഞെടുപ്പ് കുറ്റകൃത്യമായി പരിഗണിച്ച് ജനപ്രാതിനിധ്യ നിയമത്തിലെ സെക്ഷന്‍ 133 പ്രകാരം ശിക്ഷാനടപടി സ്വീകരിക്കും.' തിരഞ്ഞെടുപ്പ് കമ്മീഷന്‍ പുറപ്പെടുവിച്ച എല്ലാ മാര്‍ഗനിര്‍ദേശങ്ങളും പാലിച്ചുകൊണ്ട് സ്വതന്ത്രവും നീതിയുക്തവുമായ വോട്ടെടുപ്പ് ഉറപ്പാക്കാന്‍ എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും സഹകരിക്കണമെന്നും മുഖ്യതിരഞ്ഞെടുപ്പ് ഓഫീസര്‍ അഭ്യര്‍ത്ഥിച്ചു.

കൊടും വനത്തിലെ ഉത്സവം: പ്രവേശനം വര്‍ഷത്തില്‍ ഒറ്റ ദിവസം, പോകാനൊരുങ്ങുന്നവര്‍ക്ക് നിര്‍ദേശങ്ങളുമായി കളക്ടര്‍ 
 

click me!