ഉമ്മൻ ചാണ്ടിയുടെ കാലത്തെ 'കേരള ഗാനം' മാറ്റുകയാണോ? എന്തിനാണ് ഔദ്യോഗിക ഗാനം തേടുന്നത്; മന്ത്രിയോട് കെസി ജോസഫ്

By Web TeamFirst Published Feb 6, 2024, 1:15 PM IST
Highlights

കേരള ഗാനത്തെച്ചൊല്ലി ദൗർഭാഗ്യകരമായ വിവാദങ്ങളാണ് ഇപ്പോൾ ഉയർന്നുവരുന്നതെന്ന് മുൻ സാംസ്‌കാരിക മന്ത്രി കെ സി  ജോസഫ്. 

തിരുവനന്തപുരം: കേരള ഗാനത്തെച്ചൊല്ലി ദൗർഭാഗ്യകരമായ വിവാദങ്ങളാണ് ഇപ്പോൾ ഉയർന്നുവരുന്നതെന്ന് മുൻ സാംസ്‌കാരിക മന്ത്രി കെ സി  ജോസഫ്. ഉമ്മൻ ചാണ്ടി സര്‍ക്കാര്‍ 2014-ൽ ബോധേശ്വരന്റെ 'കേരള ഗാനം' സാംസ്‌കാരിക വകുപ്പിന്റെ ഔദ്യോഗിക ഗാനമാക്കാനുള്ള തീരുമാനം ഉപേക്ഷിച്ചോ എന്ന് സാംസ്‌കാരിക മന്ത്രി വ്യക്തമാക്കണമെന്നും മന്ത്രി സജി ചെറിയാനയച്ച കത്തിൽ  ആവശ്യപ്പെട്ടു.

ഹരിപ്പാട് ശ്രീകുമാരൻ തമ്പിയെപ്പോലെ പ്രശസ്തനും പ്രഗത്ഭനുമായ ഒരു കവിയോട് കേരളഗാനം എഴുതി നൽകുവാൻ കേരള സാഹിത്യ അക്കാദമി പ്രസിഡന്റും സെക്രട്ടറിയും ആവശ്യപ്പെട്ടശേഷം അദ്ദേഹത്തെ അപമാനിക്കുന്ന രീതിയിൽ അക്കാദമിയുടെ ഭാഗത്ത് നിന്ന് പെരുമാറ്റമുണ്ടായതും ബാലചന്ദ്രൻ ചുള്ളിക്കാടിനെ സാഹിത്യോത്സവത്തിൽ ക്ഷണിച്ചുവരുത്തിയ ശേഷം 'നക്കാപ്പിച്ച' യാത്രാക്കൂലി നൽകി അദ്ദേഹത്തെ അപമാനിച്ചതും സംസ്കാരിക വകുപ്പിനു തന്നെ വളരെയേറെ അവമതിപ്പുണ്ടാക്കുന്ന കാര്യമാണ്‌. ഈ സാഹചര്യത്തിൽ മന്ത്രി ചില കാര്യങ്ങളിൽ വ്യക്തത വരുത്തണമെന്ന് കെസി ജോസഫ് അഭ്യർത്ഥിച്ചു.

Latest Videos

ഉമ്മൻ ചാണ്ടി സർക്കാരിന്റെ കാലത്ത് കേരളത്തിന് തനതായ ഒരു ഔദ്യോഗിക ഗാനം വേണമെന്ന കാര്യം ചർച്ചാവിഷയമായതാണ്. തിരുവന്തപുരം കേന്ദ്രമായി പ്രവർത്തിക്കുന്ന ബോധേശ്വരൻ ഫൌണ്ടേഷൻ ഈ കാര്യം ഉന്നയിച്ചുകൊണ്ട് ഒരു കത്ത് സര്‍ക്കാറിന് നൽകി. സുഗതകുമാരി ടീച്ചർ ഈ കാര്യം മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ ശ്രദ്ധയിലും പെടുത്തിയിരുന്നു. സ്വാതന്ത്ര്യസമര സേനാനിയായ ആദരണീയനായ ബോധേശ്വരന്റെ 'ജയ ജയ കോമള കേരള ധരണി' എന്ന് തുടങ്ങുന്ന കവിത കേരള ഗാനമായി അംഗീകരിക്കണമെന്ന ആവശ്യമാണ് ഫൌണ്ടേഷൻ ഉന്നയിച്ചത്.

ഈ കാര്യം വിശദമായി പരിശോധിച്ച ശേഷം എല്ലാ സംസ്ഥാനങ്ങൾക്കും ബാധകമായ ദേശീയ ഗാനം നിലവിലുള്ളപ്പോൾ കേരളത്തിന് പ്രത്യേകമായ ഒരു ഗാനം ആവശ്യമില്ലെന്ന നിഗമനത്തിലാണെത്തിയത്. എങ്കിലും സാംസ്‌കാരിക വകുപ്പിന്റേതായ ഒരു ഔദ്യോഗിക ഗാനം ഉണ്ടാകുന്നത് അഭികാമ്യമാണെന്ന അഭിപ്രായം ചർച്ചകളിൽ ഉരുത്തിരിഞ്ഞു വന്നു. ഇത് പരിഗണിച്ചു കൊണ്ട് സാംസ്കാരിക വകുപ്പിന് ഒരു ഔദ്യോഗിക ഗാനം നിശ്ചയിച്ചുകൊണ്ട് 29/10/2014ൽ സർക്കാർ ഉത്തരവ് നമ്പർ കൈ 40/14/CAD ആയി അന്നത്തെ സാംസ്കാരിക വകുപ്പ് സെക്രട്ടറി ഒരു ഉത്തരവിറക്കി.

സാംസ്കാരിക വകുപ്പ് സെക്രട്ടറി ഇറക്കിയ ഉത്തരവിൽ ഇപ്രകാരം പറയുന്നു. "സാമൂഹ്യ പരിഷ്കർത്താവായ ബോധേശ്വരന്റെ 'കേരളഗാനം' സാംസ്‌കാരിക വകുപ്പിന്റെ  ഔദ്യോഗിക ഗാനമായി അംഗീകരിക്കുന്നതിനോടൊപ്പം, വകുപ്പിന് കീഴിലുള്ള വിവിധ അക്കാദമികളും സാംസ്കാരിക സ്ഥാപനങ്ങളും പൊതുചടങ്ങുകളിലും നവംബർ 1ന്  ശ്രേഷ്ഠ ഭാഷാ ദിനത്തിലും ഈ ഗാനം ആലപിക്കണമെന്ന്  സംസ്ഥാന ഗവൺമെന്റ് നിർദ്ദേശിച്ച് ഉത്തരവാകുന്നു". 

ഈ സാഹചര്യത്തിൽ താഴെ പറയുന്ന കാര്യങ്ങളിൽ സാംസ്കാരിക മന്ത്രി വ്യക്തത വരുത്തണം 

1)സ്വാതന്ത്ര്യ സമര സേനാനിയായ കേരളം മുഴുവൻ ആദരിക്കുന്ന മഹാനായ ബോധേശ്വരന്റെ 'കേരള ഗാനം ' സാംസ്‌കാരിക വകുപ്പിന്റെ ഔദ്യോഗിക ഗാനമാക്കാനുള്ള ഉമ്മൻ ചാണ്ടി സർക്കാരിന്റെ തീരുമാനത്തിൽ എന്തെങ്കിലും മാറ്റം വരുത്താൻ സാസ്കാരിക വകുപ്പ് തീരുമാനിച്ചിട്ടുണ്ടോ? 

2) ഇല്ലെങ്കിൽ ഏതു സാഹചര്യത്തിലാണ് സാംസ്കരിക വകുപ്പിനുവേണ്ടി ഒരു ഔദ്യോഗിക ഗാനം കണ്ടെത്താൻ സാഹിത്യ അക്കാദമിയോട് സംസ്ഥാന ഗവൺമെന്റ് ആവശ്യപ്പെട്ടത് ?         

3) ആവശ്യപ്പെട്ടിട്ടില്ലെങ്കിൽ എന്ത് അടിസ്ഥാനത്തിലാണ് സാസ്കാരിക വകുപ്പിനു വേണ്ടി ഒരു ഗാനം കണ്ടെത്താൻ വകുപ്പിന് കീഴിലെ ഒരു അക്കാദമി മാത്രമായ സാഹിത്യ അക്കാദമിക്കുവേണ്ടി സെക്രട്ടറി മുൻകൈ എടുത്തത്?

4) 2014 ലെ സർക്കാർ ഉത്തരവിന്റെ വിവരങ്ങളും ഗാനത്തിന്റെ CD യും വകുപ്പിൽ ഉണ്ടായിരിക്കെ ഈ വിവരങ്ങൾ എങ്ങിനെയാണ് സാഹിത്യ അക്കാദമി അറിയാതെ പോയത് ?

ഇത്തരം കാര്യങ്ങൾ ഇപ്പോഴും അവ്യക്തമാണെന്നും കൂടുതൽ വിവാദങ്ങൾ ഒഴിവാക്കാൻ ഇതിനെയെല്ലാം സംബന്ധിച്ച് ഒരു വ്യക്തത വരുത്തുവാൻ സാംസ്കാരിക വകുപ്പ് മന്ത്രി തയ്യാറാകണമെന്നും കെ സി ജോസഫ് കത്തിൽ അഭ്യർത്ഥിച്ചു.

'ഇനിയൊരു ജന്മം വേണ്ട, ജനിച്ചാൽ ലതയാകാനും വയ്യ', മരണമില്ലാത്ത ശബ്ദത്തിൽ മാത്രമായി വാനമ്പാടി ഓര്‍മക്ക് 2 വയസ്

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

click me!