അസ്‌ന ചുഴലിക്കാറ്റ് തീവ്ര ന്യുന മർദ്ദമായി ശക്തി കുറഞ്ഞിട്ടുണ്ടെങ്കിലും കിഴക്കൻ വിദർഭക്കും തെലുങ്കാനക്കും മുകളിലായി നിലവിൽ തീവ്ര ന്യുന മർദ്ദം സ്ഥിതി ചെയ്യുന്നുണ്ട്. ഇത് അടുത്ത 12 മണിക്കൂറിനുള്ളിൽ ശക്തി കൂടിയ ന്യൂന മർദ്ദമായി മാറാനാണ് സാധ്യത.
തിരുവനന്തപുരം: കേരളത്തിൽ അടുത്ത ഏഴ് ദിവസം വ്യാപക മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. കിഴക്കൻ വിദർഭക്കും തെലുങ്കാനക്കും മുകളിലായി നിലവിൽ തീവ്ര ന്യുന മർദ്ദം സ്ഥിതി ചെയ്യുന്നുണ്ട്. ഈ ന്യൂന മർദം അടുത്ത 12 മണിക്കൂറിനുള്ളിൽ വടക്ക് പടിഞ്ഞാറ് ദിശയിൽ സഞ്ചരിച്ചു ശക്തി കൂടിയ ന്യൂന മർദ്ദമായി മാറാനുള്ള സാധ്യതയാണ് കാലാവസ്ഥാ വകുപ്പ് കാണുന്നത്. ഇത് കാരണം അടുത്ത ഏഴ് ദിവസത്തേക്ക് മഴയുണ്ടാകും.
സെപ്റ്റംബർ രണ്ടാം തീയ്യതി മുതൽ നാലാം തീയ്യതി വരെയുള്ള സമയത്ത് ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ മഴ ലഭിക്കാനാണ് സാധ്യത. ഇതിന് പുറമെ അടുത്ത ഏഴ് ദിവസം വ്യാപകമായി നേരിയതോ ഇടത്തരം തീവ്രതയുള്ളതോ ആയ മഴക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് പറയുന്നു. ഇന്ന് സംസ്ഥാനത്ത് എട്ട് ജില്ലകളിലാണ് മഞ്ഞ ജാഗ്രതാ നിർദേശം നൽകിയിരിക്കുന്നത്. ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലാണിത്. നാളെ ആലപ്പുഴ, എറണാകുളം, ഇടുക്കി, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് എന്നീ ജില്ലകളിലും മഞ്ഞ ജാഗ്രതാ നിർദേശം നൽകിയിരിക്കുന്നത്.
നേരത്തെ വടക്ക് പടിഞ്ഞാറൻ അറബിക്കടലിൽ രൂപം കൊണ്ട അസ്‌ന ചുഴലിക്കാറ്റ് തീവ്ര ന്യുന മർദ്ദമായി ശക്തി കുറഞ്ഞതായും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. തെക്ക് -തെക്ക് പടിഞ്ഞാർ ദിശയിൽ നിലവിൽ സഞ്ചരിക്കുന്ന തീവ്ര ന്യുന മർദ്ദം ശക്തി കൂടിയ ന്യുന മർദ്ദമായി വീണ്ടും ശക്തി കുറയാനുള്ള സാധ്യതയും കാണുന്നതായി കേന്ദ്ര കാലാവസ്ഥാ വകുപ്പ് പുറത്തിറക്കിയ അറിയിപ്പിൽ പറയുന്നു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം