വാടക നൽകാതെ പാറ പൊട്ടിക്കുന്ന യന്ത്രങ്ങൾ തട്ടിയെടുത്ത കേസ്; സിഐടിയു നേതാവിനെ 2 ദിവസം കസ്റ്റഡിയിൽ വിട്ടു

By Web Team  |  First Published Nov 6, 2024, 7:07 PM IST

നിരന്തരം കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്ന അർജുൻ ദാസിനെ റൗഡി ലിസ്റ്റിൽ ഉൾപ്പെടുത്തിയതായി ജില്ലാ പൊലീസ് മേധാവി അറിയിച്ചു.


പത്തനംതിട്ട: പത്തനംതിട്ടയിൽ വഞ്ചനാക്കേസിൽ അറസ്റ്റിലായ സിഐടിയു നേതാവും മുൻ ബ്രാഞ്ച് സെക്രട്ടറിയുമായ അർജുൻ ദാസിനെ രണ്ടു ദിവസത്തെ പൊലീസ് കസ്റ്റ‍ഡിയിൽ വിട്ടു. പാറ പൊട്ടിക്കുന്ന യന്ത്രങ്ങൾ വാടക നൽകാതെ തട്ടിയെടുത്തെന്ന കേസിലാണ് കോന്നി പൊലീസ് അറസ്റ്റ് ചെയ്തത്. നിരന്തരം കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്ന അർജുൻ ദാസിനെ റൗഡി ലിസ്റ്റിൽ ഉൾപ്പെടുത്തിയതായി ജില്ലാ പൊലീസ് മേധാവി അറിയിച്ചു.

സിപിഎം പുറത്താക്കിയതോടെ നേതാവ് പെട്ടു. പൊലീസും പണി കൊടുത്തു. പാറ പൊട്ടിക്കുന്ന യന്ത്രങ്ങൾ വാടകയ്ക്ക് എടുത്ത ശേഷം പണം നൽകാതെ കബളിപ്പിച്ചെന്ന കേസിലാണ് അർജുൻ ദാസിനെ അറസ്റ്റ് ചെയ്തത്. രാജസ്ഥാൻ സ്വദേശിയുടെ പരാതിയിൽ അതിവേഗമായിരുന്നു പൊലീസ് നടപടി. കേസ് എടുത്തതിന് പിന്നാലെ ഒളിപ്പിച്ച് വച്ചിരുന്ന യന്ത്രങ്ങൾ കണ്ടെടുത്തു.

Latest Videos

അറസ്റ്റ് ഉറപ്പായതോടെ അർജുൻ ദാസ് മുങ്ങി. ഇന്നലെ വൈകിട്ട് ഭാര്യ വീടിന് സമീപത്ത് നിന്ന് പൊക്കി. ബന്ധുവായ ജില്ലയിലെ മുതിർന്ന സിപിഎം നേതാവ്  സഹായിക്കാൻ ശ്രമിച്ചെങ്കിലും പാർട്ടി നേതൃത്വം പൊലീസിന് ഒപ്പമായിരുന്നു. ശക്തമായ നടപടിക്ക് നേതൃത്വം പച്ചക്കൊടി കാട്ടി. നിരന്തരം ശല്യമായതോടെയാണ് തുമ്പമൺ ടൗൺ തെക്ക് ബ്രാഞ്ച് സെക്രട്ടറി സ്ഥാനത്ത് നിന്നു അർജുൻ ദാസിനെ അടുത്തിടെ പുറത്താക്കിയത്.

ഇതിനിടെ, പിടിച്ചുനിൽക്കാൻ പാർട്ടി തണൽ അത്യാവശ്യമെന്ന് കണ്ട് സിഐടിയു ലേബലിൽ തട്ടിക്കൂട്ട് സംഘടന ഉണ്ടാക്കി അതിന്‍റെ ജില്ലാ സെക്രട്ടറിയുമായി. എന്തായാലും വഞ്ചനാ കേസിൽ അറസ്റ്റിലായതോടെ പൊലീസും സത്യം പറഞ്ഞുതുടങ്ങി. പലവിധ ക്രിമിനൽ കേസുകൾ തുടർച്ചയായി ഉൾപ്പെട്ട അർജുൻ ദാസ് റൗഡി ലിസ്റ്റിലുണ്ടെന്ന് ജില്ലാ പൊലീസ് മേധാവി അറിയിച്ചു.

click me!