വീട്ടിലേക്ക് വിളിച്ചുവരുത്തി ഒരു ലക്ഷം രൂപ ആവശ്യപ്പെട്ടു, നിർവാഹമില്ലാത്തതിനാൽ കുറച്ചു പണം നൽകി; പരാതിക്കാരന്‍

By Web TeamFirst Published Oct 15, 2024, 1:42 PM IST
Highlights

പെട്രോൾ പമ്പിന് എൻഒസി ലഭിക്കാൻ ആഴ്ചയിൽ രണ്ട് തവണയെങ്കിലും നവീൻ ബാബുവിനെ കണ്ടിരുന്നതായി സം​രംഭകനായ ടി വി പ്രശാന്തൻ ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചു. പല കാരണങ്ങളും പറഞ്ഞ് നവീൻ ബാബു അനുമതി വൈകിപ്പിച്ചു.

കണ്ണൂർ: കണ്ണൂരിലെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയ എഡിഎം നവീൻ ബാബുവിനെതിരെ ഉയർന്ന അഴിമതി ആരോപണത്തിൽ വെളിപ്പെടുത്തലുമായി പരാതിക്കാരനായ ടിവി പ്രശാന്തൻ. പെട്രോൾ പമ്പിന് എൻഒസി നൽകുന്നതുമായി ബന്ധപ്പെട്ട അഴിമതി ആരോപണമാണ് നവീൻ ബാബുവിനെതിരെ ഉന്നയിക്കപ്പെട്ടത്. പെട്രോൾ പമ്പിന് എൻഒസി ലഭിക്കാൻ ആഴ്ചയിൽ രണ്ട് തവണയെങ്കിലും നവീൻ ബാബുവിനെ കണ്ടിരുന്നതായി സം​രംഭകനായ ടി വി പ്രശാന്തൻ ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചു.

പല കാരണങ്ങളും പറഞ്ഞ് നവീൻ ബാബു അനുമതി വൈകിപ്പിച്ചു. ആറാം തീയതി വീട്ടിലേക്ക്  വിളിച്ചുവരുത്തി ഒരു ലക്ഷം രൂപ കൈക്കൂലി ആവശ്യപ്പെട്ടു എന്നും നിർവാഹമില്ലാതെ കുറച്ചു പൈസ നൽകിയെന്നും പ്രശാന്തൻ പറയുന്നു. ഇക്കാര്യം ജില്ല പഞ്ചായത്ത് പ്രസിഡന്റ് ദിവ്യയോട് പറഞ്ഞതായും പ്രശാന്തൻ വെളിപ്പെടുത്തി. മുഖ്യമന്ത്രിക്ക് വാട്ട്സ് ആപ്പ് മുഖേന പരാതി അയച്ചെന്നും പ്രശാന്തൻ പ്രതികരിച്ചു. 

Latest Videos

സംഭവത്തെക്കുറിച്ച് പ്രശാന്തന്റെ വെളിപ്പെടുത്തലിങ്ങനെ. ''ഞാൻ 6 മാസമായിട്ട് എൻഒസിക്ക് വേണ്ടിയിട്ട് ഇവിടെ കയറിയിറങ്ങിക്കൊണ്ടിരിക്കുന്നുണ്ട്. ആഴ്ചയിൽ രണ്ട് ദിവസം വെച്ച് എല്ലാ ആഴ്ചയും ഞാൻ എഡിഎമ്മിനെ കാണാൻ പോകുമായിരുന്നു. അപ്പോഴൊക്കെ ഫയൽ പഠിക്കട്ടെ എന്ന് പറഞ്ഞുകൊണ്ടിരിക്കും. 3 മാസം കഴിഞ്ഞപ്പോൾ ഞാൻ പറഞ്ഞു, സാറിനത് തരാൻ പറ്റില്ലെങ്കിൽ സാറത് ക്യാൻസൽ ചെയ്തോളൂ. അല്ലെങ്കിൽ തരാൻ പറ്റില്ലെന്ന് എഴുതിക്കോളൂ. ബാക്കി ഞാൻ നോക്കിക്കൊള്ളാം എന്ന് പറഞ്ഞു. അപ്പോഴും പറഞ്ഞത് ഞാനിത് പഠിക്കട്ടെ, നോക്കട്ടെ എന്നാണ്. കഴിഞ്ഞ 5ാം തീയതി വൈകുന്നേരം ഞാനവിടെ പോയ സമയത്ത് എന്റെ ഫോൺ നമ്പർ ചോദിച്ചു. വാങ്ങി, ഞാൻ വിളിക്കാം എന്ന് പറഞ്ഞു. ഞായറാഴ്ച രാവിലെ 11 മണിക്ക് എന്നെ വിളിച്ചിട്ട് പറഞ്ഞു. കണ്ണൂരേക്ക് വരണമെന്ന്. കൃഷ്ണമേനോൻ കോളേജിന്റെ അടുത്തേക്ക് വന്നാൽ മതിയെന്ന് പറഞ്ഞു. അവിടെയെത്തി ഞാൻ വീണ്ടും വിളിച്ചു. അപ്പോൾ റോഡിലേക്ക് വരാന്ന് പറഞ്ഞു. ഞങ്ങൾ രണ്ടുപേരും കൂടി വീട്ടിലേക്ക് പോയി. വീട്ടിൽവെച്ച് എന്നോട് ഒരു ലക്ഷം രൂപ തന്നാൽ മാത്രമേ ഇത് കിട്ടുകയുള്ളൂ എന്നും ഇല്ലെങ്കിൽ ഇത് എന്നെന്നേയ്ക്കുമായി ക്യാൻസലാകും എന്നും പറഞ്ഞു. അത് ചെയ്തിട്ടേ ഞാൻ പോകുകയുള്ളൂ എന്നും പറഞ്ഞു. എനിക്ക് വേറെ നിർവാഹമില്ലാത്തത് കൊണ്ട് ഞാൻ എവിടുന്നൊക്കെയോ പൈസ അഡ്ജസ്റ്റ് ചെയ്തു. ക്യാഷ് ആയിട്ടേ വാങ്ങുകയുള്ളൂ എന്നും പറഞ്ഞു. ജിപേയോ ബാങ്ക് ട്രാൻസ്ഫറോ പറ്റില്ലെന്നും പറഞ്ഞു. പൈസ അഡ്ജസ്റ്റ് ചെയ്ത് കുറച്ചു പൈസ കൊടുത്തു. അതിന് ശേഷം അ​ദ്ദേഹം പറഞ്ഞു, ചൊവ്വാഴ്ച ഉച്ചക്ക് ശേഷം വന്നോളൂ, റെഡിയാക്കി വെക്കാം. ചൊവ്വാഴ്ച തന്നെ എനിക്ക് എൻഒസി കിട്ടി. ഞാനിതിനെക്കുറിച്ച് പിപി ദിവ്യയോട് പറഞ്ഞിട്ടുണ്ടായിരുന്നു. ഞാൻ ദിവ്യയോട് പറഞ്ഞു, എൻഒസി തന്നു, പക്ഷേ അതിനൊപ്പം കാഷ് തന്നില്ലെങ്കിൽ നടക്കില്ലെന്ന് പറഞ്ഞു. കാശ് വാങ്ങിയെന്ന് പറഞ്ഞു. ദിവ്യ എന്നോട് മുഖ്യമന്ത്രിക്ക് കംപ്ലെയിന്റ് കൊടുക്കാൻ പറഞ്ഞു. മുഖ്യമന്ത്രിക്ക് പരാതി എഴുതി വാട്ട്സ്ആപ്പ് ചെയ്യുകയാണ് ചെയ്തത്.'' ടി വി പ്രശാന്തൻ ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചു. പരാതിക്കാരനായ ടി വി പ്രശാന്തൻ സിപിഎം പാർട്ടി അം​ഗമാണ്. കൂടാതെ എകെജി സെന്റർ ഓഫീസ് സെക്രട്ടറി ബിജു കണ്ടക്കൈയുടെ ബന്ധുവാണ്. കണ്ണൂർ ജില്ല സെക്രട്ടറിയേറ്റ് അം​ഗം പി വി ​ഗോപിനാഥനും ബന്ധുവാണ്.

കണ്ണൂർ എഡിഎം നവീൻ ബാബുവിനെ  പള്ളിക്കുന്നിലെ വീട്ടിലാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. കണ്ണൂരിൽ നിന്നും സ്വന്തം നാടായ പത്തനംതിട്ടയിലേക്ക് ട്രാൻസ്ഫർ ലഭിച്ച അദ്ദേഹം ഇന്ന് പത്തനംതിട്ടയിലേക്ക് ട്രെയിനിൽ ജോലിക്ക് പോകേണ്ടതായിരുന്നു. എന്നാൽ ഇന്ന് രാവിലത്തെ ട്രെയിനിൽ കയറിയില്ലെന്ന് കണ്ട് ബന്ധുക്കൾ കണ്ണൂരിൽ വിവരമറിയിക്കുകയായിരുന്നു. താമസ സ്ഥലത്ത് പരിശോധിച്ചപ്പോഴാണ് വീട്ടിൽ തൂങ്ങിയ നിലയിൽ കണ്ടെത്തിയത്. 

വിരമിക്കാൻ 7 മാസം മാത്രം, നാട്ടിലേക്ക് ട്രാൻസ്ഫർ നവീൻ ബാബു ചോദിച്ചുവാങ്ങിയത്, ഭാര്യ തഹസിൽദാർ; പ്രതിഷേധം ശക്തം

എഡിഎം നവീൻ ബാബു മരിച്ച നിലയിൽ, യാത്രയയപ്പിനിടെ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഴിമതി ആരോപിച്ചതിന് പിന്നാലെ മരണം

click me!