സ്വ‍‍ർണക്കടത്ത് കേസ് പ്രതികളുടെ കോൾ ലിസ്റ്റിൽ ഉന്നത‍‍ർ: പിആർ സരിത്തും ശിവശങ്കറും നിരന്തരം ഫോണിൽ ബന്ധപ്പെട്ടു

By Web Team  |  First Published Jul 14, 2020, 4:55 PM IST

സ്വപ്നയുടെ ഫോണിൻ്റെ ടവ‍ർ ലൊക്കേഷൻ പരിശോധിച്ചതിൽ ഞായറാഴ്ച വരെ സ്വപ്ന തിരുവനന്തപുരം ന​ഗരത്തിൽ തന്നെയുണ്ടായിരുന്നുവെന്നാണ് കോൾ ലിസ്റ്റിൽ വ്യക്തമാകുന്നത്.


തിരുവനന്തപുരം: സ്വർണകള്ളക്കടത്ത് കേസിലെ മുഖ്യപ്രതികളിലായ പിആർ സരിത്തിൻ്റേയും സ്വപ്ന സുരേഷിൻ്റെ കോൾ ലിസ്റ്റ് ഏഷ്യാനെറ്റ് ന്യൂസിന് ലഭിച്ചു. സർക്കാരിലെ പല പ്രമുഖരേയും ഇരുവരും ഫോണിൽ ബന്ധപ്പെട്ടതായി കോൾ ലിസ്റ്റിൽ നിന്നും വ്യക്തമായിട്ടുണ്ട്. ഉന്നതവിദ്യാഭ്യാസ - പ്രവാസികാര്യമന്ത്രി കെടി ജലീലിനെ സ്വപ്ന സുരേഷ് പലതവണ ബന്ധപ്പെട്ടതായി കോൾ ലിസ്റ്റിൽ വ്യക്തമാണ്. 

പിആർ സരിത്തും പലവട്ടം മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറിയായ എം.ശിവശങ്കറുമായി സംസാരിച്ചിട്ടുണ്ട്. സർക്കാർ പദവികളൊന്നും വഹിക്കാത്ത സർക്കാർ സ്ഥാപനങ്ങളോ ഏജൻസികളുമായോ നേരിട്ട് ബന്ധമില്ലാത്ത സരിത്ത് എന്തിന് മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൾ സെക്രട്ടറിയെ വിളിച്ചു എന്നത് ദുരൂഹത ഇരട്ടിപ്പിക്കുന്നു. 

Latest Videos

undefined

തിരുവനന്തപുരം യുഎഇ കോൺസുലേറ്റിലെ അറ്റാഷെയുമായും സരിത്തും സ്വപ്ന സുരേഷും തമ്മിൽ നിരന്തരം സംസാരിച്ചതായും കോൾ ലിസ്റ്റിൽ വ്യക്തമാണ്. ഏപ്രിൽ 20 മുതൽ ജൂൺ ഒന്ന് വരെ സ്വപ്ന സുരേഷും, പിആ‍ർ സരിത്തും ഫോണിൽ സംസാരിച്ചതിൻ്റെ വിശദാംശങ്ങളാണ് ഇപ്പോൾ ഏഷ്യാനെറ്റ് ന്യൂസ് പുറത്തു വിടുന്നത്.

അതേസമയം യുഎഇ കോൺസുലേറ്റ് ജനറൽ ആവശ്യപ്പെട്ട പ്രകാരമാണ് താൻ സ്വപ്ന സുരേഷുമായി സംസാരിച്ചതെന്ന് മന്ത്രി കെടി ജലീൽ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. റംസാൻ കാലത്ത് യുഎഇ കോൺസുലേറ്റിൽ നിന്നും തീരപ്രദേശത്തേയും മറ്റും നി‍ർധന കുടുംബങ്ങൾക്ക് കിറ്റുകൾ നൽകാറുണ്ട്. എന്നാൽ ഇക്കുറി കൊവിഡ് ഭീതി കാരണം കിറ്റ് വിതരണം മുടങ്ങി. താനും യുഎഇ കോൺസുലേറ്റ് ജനറലുമായി സംസാരിച്ചെന്നും തുട‍ർന്ന് അദ്ദേഹം നി‍ർദേശിച്ച പ്രകാരം സ്വപ്നയെ താൻ ബന്ധപ്പെടുകയായിരുന്നുവെന്നും മന്ത്രി പറയുന്നു. തന്റെ  വാദത്തിന് ബലമേക്കാൻ യുഎഇ കോൺസുല‍ർ ജനറലുമായി നടത്തിയ എസ്എംഎസ് ചാറ്റിൻ്റെ വിശദാംശങ്ങളും മന്ത്രി പങ്കുവച്ചു. ‌മന്ത്രി ജലീലിൻ്റെ പേഴ്സണൽ സ്റ്റാഫ് അംഗം നാസറും സ്വപ്നയെ ബന്ധപ്പെട്ടിരുന്നതായി വ്യക്തമായിട്ടുണ്ട്.

അറസ്റ്റിലാവുന്നതിന് മുൻപായി പത്ത് തവണ സ്വപ്നയും സരിത്തും അടങ്ങിയ സംഘം സ്വ‍ർണം കടത്തിയതായി നേരത്തെ കസ്റ്റംസ് കണ്ടെത്തിയിരുന്നു. സ്വ‍ർണക്കടത്ത് നടന്നതായി സംശയിക്കുന്ന തീയതികളിലും സരിത്ത് നിരന്തരം ശിവശങ്കറിനെ ബന്ധപ്പെട്ടതായി രേഖകളിൽ വ്യക്തമാണ്. അറ്റാഷെയുടെ നടപടികളും ഇപ്പോൾ സംശയത്തിൻ്റെ നിഴലിലാണ്. 

സ്വപ്നയുടെ ഫോണിൻ്റെ ടവ‍ർ ലൊക്കേഷൻ പരിശോധിച്ചതിൽ ഞായറാഴ്ച വരെ സ്വപ്ന തിരുവനന്തപുരം ന​ഗരത്തിൽ തന്നെയുണ്ടായിരുന്നുവെന്നാണ് കോൾ ലിസ്റ്റിൽ വ്യക്തമാകുന്നത്. ഞായറാഴ്ച ഉച്ചയോടെയാണ് സരിത്തിനെ കസ്റ്റംസ് ചോദ്യം ചെയ്യാൻ കസ്റ്റഡിയിലെടുക്കുന്നത്. തിങ്കളാഴ്ച രാവിലെയോടെ സരിത്തിനെ കൊച്ചിക്ക് കൊണ്ടു പോയി. ഈ സമയത്ത് സെക്രട്ടറിയേറ്റ് പരിസരത്താണ് സ്വപ്നയുടെ ലൊക്കേഷൻ കാണുന്നത്. സെക്രട്ടേറിയറ്റിന് സമീപത്തെ ശിവശങ്കറിൻ്റെ ഫ്ലാറ്റിൽ നിന്നാണ് സ്വപ്ന ഒളിവിൽ പോയതെന്ന ആരോപണത്തെ ടവ‍ർ ലൊക്കേഷൻ സംബന്ധിച്ച വിവരങ്ങൾ ശക്തിപ്പെടുത്തുന്നു.  

click me!