യുകെജിയിൽ പഠിക്കുന്ന ആൻറിയ എത്തും അമ്മയുടെ സ്വപ്നം ഏറ്റുവാങ്ങാൻ; എവിടെയോയിരുന്ന് എല്ലാം പ്രിയ കാണുന്നുണ്ട്!

By Web TeamFirst Published Feb 1, 2024, 7:04 PM IST
Highlights

ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജിൽ ജന്തുശാസ്ത്ര വിഭാഗം ഗവേഷണ വിദ്യാർത്ഥിനിയായിരുന്നു പ്രിയ രാജൻ. ഡോ. ബാലു ടി കുഴിവേലിയുടെ കീഴിൽ 2011 ഓഗസ്റ്റ് 22 മുതൽ 2017 ഓഗസ്റ്റ് 21വരെയായിരുന്നു പ്രിയയുടെ ഗവേഷണം.

തിരുവനന്തപുരം: പ്രസവ ശസ്ത്രക്രിയക്കിടെ മരിച്ച ഗവേഷണ വിദ്യാർത്ഥിനിക്ക് മരണാനന്തര ബഹുമതിയായി പി എച്ച് ഡി നൽകാൻ കാലിക്കറ്റ് സർവ്വകലാശാലാ സിൻഡിക്കേറ്റ് തീരുമാനിച്ചു. ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്‍ ബിന്ദു ഈ തീരുമാനത്തെ അഭിനന്ദിച്ചു. യു കെ ജിയിൽ പഠിക്കുന്ന മകൾ ആൻറിയ സർവ്വകലാശാലയിലെത്തി അമ്മയുടെ പി.എച്ച്.ഡി ഏറ്റുവാങ്ങുന്ന മുഹൂർത്തം എത്ര വൈകാരികമാകുമെന്ന് ഇപ്പോഴേ അറിയാനാവുന്നുവെന്ന് മന്ത്രി ഫേസ്ബുക്കിൽ കുറിച്ചു. 

ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജിൽ ജന്തുശാസ്ത്ര വിഭാഗം ഗവേഷണ വിദ്യാർത്ഥിനിയായിരുന്നു പ്രിയ രാജൻ. ഡോ. ബാലു ടി കുഴിവേലിയുടെ കീഴിൽ 2011 ഓഗസ്റ്റ് 22 മുതൽ 2017 ഓഗസ്റ്റ് 21വരെയായിരുന്നു പ്രിയയുടെ ഗവേഷണം. 2018 ഏപ്രിൽ 28ന് പ്രബന്ധം സർവ്വകലാശാലയ്ക്ക് സമർപ്പിച്ചു. അതേ വർഷം ജൂലൈ 21ന് ചേർന്ന സിൻഡിക്കേറ്റ് പ്രബന്ധം അംഗീകരിക്കുകയും ചെയ്തു. ഡോക്ടറേറ്റ് ഏറ്റുവാങ്ങും മുമ്പ്, ഓഗസ്റ്റിൽ പ്രസവശസ്ത്രക്രിയക്കിടെയാണ് പ്രിയയെ മരണം കീഴടക്കിയത്. 

Latest Videos

ഗവേഷകയുടെ അഭാവത്തിലും പ്രബന്ധത്തിന് ഡോക്ടറേറ്റ് നൽകാൻ ഡോ. ബാലു ടി കുഴിവേലി നൽകിയ അപേക്ഷ സിൻഡിക്കേറ്റ് അംഗീകരിക്കുകയായിരുന്നു. വാചാ പരീക്ഷയും മുഖാമുഖവും ഒഴിവാക്കി ഡോക്ടറേറ്റ് നൽകാനുള്ള അപേക്ഷയിലാണ് വൈസ് ചാൻസലറുടെ നിർദ്ദേശാനുസരണം സിൻഡിക്കേറ്റ് തീരുമാനമെടുത്തത്. തൃശൂർ ജില്ലയിലെ ചെമ്പൂക്കാവ് ആലക്കപ്പള്ളി എ ടി രാജൻ - മേഴ്സി ദമ്പതികളുടെ മകളായിരുന്നു പ്രിയ. 

പയസ് പോളിന്റെ ഭാര്യയാണ്. ഗവേഷകയായ അമ്മയുടെ ഏറെ നാളത്തെ സ്വപ്നമാണ് മകൾ ആൻറിയ ഏറ്റുവാങ്ങാൻ പോകുന്നതെന്നത് നമുക്കോരോരുത്തർക്കും എക്കാലത്തേക്കും പ്രിയതരമായ ഓർമ്മയായിരിക്കും എന്നുറപ്പാണ്. പ്രിയയുടെ പ്രയത്നത്തിനും തിളക്കമാർന്ന നേട്ടത്തിനും അവളുടെ അഭാവത്തിലും നമുക്ക് അഭിവാദനങ്ങൾ നേരാം. ഉചിതമായ തീരുമാനമെടുത്ത കാലിക്കറ്റ് സർവ്വകലാശാലാ സിൻഡിക്കേറ്റിനും അഭിനന്ദനങ്ങൾ അർപ്പിക്കാമെന്നും മന്ത്രി കുറിച്ചു. 

ഈ മാസം കാലാവസ്ഥ അത്ര ആശ്വാസകരമായിരിക്കില്ല; മഴ കടാക്ഷിക്കില്ല, സാധാരണയിലും കൂടുതൽ ചൂട് ഉയരും; മുന്നറിയിപ്പ്

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

click me!