'അധികാരത്തിലെത്തിയാൽ സിഎഎ റദ്ദാക്കും', പ്രഖ്യാപിച്ച് പ്രിയങ്ക, വണ്ടിപ്പെരിയാറും വാളയാറും ചർച്ചയാക്കി പ്രസംഗം

By Web Team  |  First Published Apr 20, 2024, 4:54 PM IST

സി എ എയിൽ കോൺഗ്രസ് നിലപാടെന്താണെന്നുള്ള മുഖ്യമന്ത്രി പിണറായി വിജയന്‍റെ ചോദ്യത്തിനുള്ള ഉത്തരം കൂടിയാണ് പ്രിയങ്ക നൽകിയത്

CAA will cancel says priyanka gandhi in kerala

പത്തനംതിട്ട: കോൺഗ്രസ് അധികാരത്തിൽ വന്നാൽ മോദി സർക്കാർ കൊണ്ടുവന്ന പൗരത്വ ഭേദഗതി നിയമം റദ്ദാക്കുമെന്ന് എ ഐ സി സി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി. പത്തനംതിട്ടയിൽ യു ഡി എഫ് സ്ഥാനാർഥിക്ക് വേണ്ടി നടത്തിയ പൊതുയോഗത്തിനിടെയാണ് സി എ എ റദ്ദാക്കും എന്ന് പ്രിയങ്ക ഗാന്ധി പ്രഖ്യാപിച്ചത്. സി എ എയിൽ കോൺഗ്രസ് നിലപാടെന്താണെന്നുള്ള മുഖ്യമന്ത്രി പിണറായി വിജയന്‍റെ ചോദ്യത്തിനുള്ള ഉത്തരം കൂടിയാണ് പ്രിയങ്ക നൽകിയത്. രാഹുൽ സി എ എക്കെതിരെ ഒന്നും മിണ്ടുന്നില്ലെന്നടക്കം പിണറായി വിമർശിച്ചിരുന്നു.

കോൺഗ്രസ് അധികാരത്തിൽ തിരിച്ചെത്തിയാൽ മണിപ്പൂരിലെ പ്രശ്നങ്ങളിൽ ഇടപെടുമെന്നും പ്രിയങ്ക പറഞ്ഞു. കേന്ദ്രവും സംസ്ഥാനവും സ്ത്രീകളെ ആക്രമിക്കുന്നവരെ സംരക്ഷിക്കുകയാണെന്നും അവർ വിമർശിച്ചു. വാളയാർ,  വണ്ടിപ്പെരിയാർ വിഷയങ്ങൾ എടുത്ത് പറഞ്ഞായിരുന്നു പ്രിയങ്കയുടെ വിമർശനം. കേരളത്തിൽ പാർട്ടി പ്രവർത്തകർക്ക് മാത്രമാണ് സർക്കാർ ജോലി കൊടുക്കുന്നത്. ഇവിടെ ജോലി കിട്ടാതെ ആളുകൾ വിദേശത്ത് പോകുന്നു. 21 ലക്ഷം ആളുകൾ തൊഴിൽ തേടി പുറത്ത് പോകാൻ നിർബന്ധിതരായെന്നും കേന്ദ്രവും കേരള സർക്കാരും ഇക്കാര്യത്തിൽ ഒന്നും ചെയ്യുന്നില്ലെന്നും പ്രിയങ്ക അഭിപ്രായപ്പെട്ടു.

Latest Videos

പിണറായിക്കെതിരെ പ്രിയങ്കയും, ബിജെപിക്കൊപ്പം രാഹുലിനെ ആക്രമിക്കുന്നു; 'കെ സുരേന്ദ്രനെ കുഴൽപണ കേസിൽ തൊട്ടില്ല'

രാഹുൽ ഗാന്ധിക്കെതിരായ വിമർശനങ്ങളിൽ പിണറായി വിജയനെ പ്രിയങ്ക ഗാന്ധി രൂക്ഷമായി വിമർശിക്കുകയും ചെയ്തു. ബി ജെ പിക്കൊപ്പം നിന്ന് എന്‍റെ സഹോദരൻ രാഹുൽഗാന്ധിയെ ആക്രമിക്കുകയാണ് പിണറായി ചെയ്യുന്നത്. കേരള മുഖ്യമന്ത്രി ഒത്തു കളിക്കുന്ന ആളാണ്. ഒട്ടേറെ അഴിമതി ആരോപണം വന്നിട്ടും ഇതുവരെ മുഖ്യമന്ത്രിയെ ചോദ്യം ചെയ്തിട്ടില്ല. പിണറായിക്ക് ബി ജെ പിയുമായി ഒത്തുതീർപ്പ് രാഷ്ട്രീയമാണുള്ളതെന്നും പ്രിയങ്ക ഗാന്ധി പത്തനംതിട്ടയിൽ യു ഡി എഫ് സ്ഥാനാർഥിക്ക് വേണ്ടി നടത്തിയ പൊതുയോഗത്തിൽ വിമർശിച്ചു. പിണറായി വിജയൻ, രാഹുൽ ഗാന്ധിക്ക് എതിരെ മാത്രം സംസാരിക്കുന്നു. ലൈഫ് മിഷൻ, സ്വർണ്ണ കടത്ത് ഉൾപ്പെടെ അഴിമതികളിൽ പെട്ട ആളാണ് പിണറായിയെന്നും പ്രിയങ്ക പറഞ്ഞു. കുഴൽപണ കേസിൽ ഉൾപ്പെട്ട ബി ജെ പി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രനെ പിണറായി തൊട്ടില്ലെന്നും പ്രിയങ്ക ചൂണ്ടികാട്ടി. രാജ്യം മുഴുവൻ സഞ്ചരിച്ചു ജനങ്ങൾക്ക് വേണ്ടി സംസാരിക്കുന്ന രാഹുൽ ഗാന്ധിക്ക് എതിരെയാണ് പിണറായി എപ്പോഴും പറയുന്നതെന്നും എ ഐ സി സി ജനറൽ സെക്രട്ടറി അഭിപ്രായപ്പെട്ടു.

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

vuukle one pixel image
click me!
vuukle one pixel image vuukle one pixel image