'സന്ദീപിന് ഇവിടെ കിട്ടിയതിനേക്കാൾ വലിയ കസേരകൾ കിട്ടട്ടെ, സതീശനും സുധാകരനും ആശംസകള്‍': പരിഹസിച്ച് സുരേന്ദ്രൻ

By Web Team  |  First Published Nov 16, 2024, 12:24 PM IST

സന്ദീപിന് ഇവിടെ കിട്ടിയതിനേക്കാൾ  വലിയ കസേരകൾ കിട്ടട്ടെ എന്നായിരുന്നു സുരേന്ദ്രൻ പരിഹാസരൂപേണയുള്ള പരാമർശം. 


പാലക്കാട്: സന്ദീപ് വാര്യരുടെ കോൺ​ഗ്രസ് പ്രവേശനത്തെ പരിഹസിച്ച് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. സന്ദീപിന് ഇവിടെ കിട്ടിയതിനേക്കാൾ  വലിയ കസേരകൾ കിട്ടട്ടെ എന്നായിരുന്നു സുരേന്ദ്രൻ പരിഹാസരൂപേണയുള്ള പരാമർശം. ബലിദാനികളെ സന്ദീപ് വഞ്ചിച്ചുവെന്നും കെ സുരേന്ദ്രൻ പറഞ്ഞു. 

''ഇവിടെ കിട്ടിയതിനേക്കാൾ വലിയ കസേരകൾ സന്ദീപിന് കിട്ടട്ടെ. സന്ദീപ് വാര്യർ കോൺ​ഗ്രസിൽ ചേരാൻ തെരഞ്ഞെടുത്ത ദിവസം വളരെ പ്രധാനപ്പെട്ടതാണ്. വിഡി സതീശൻ ശ്രീനിവാസന്റെയും സഞ്ജിത്തിന്റെയും കൊലയാളികളുടെ ബന്ധുക്കളുമായി കൂടിക്കാഴ്ച നടത്തിയതിന്റെ പിറ്റേദിവസം തന്നെയാണ് സന്ദീപിനെ കോൺ​ഗ്രസിൽ ചേർത്തത്. പാലക്കാട്ടെ വോട്ടർമാർക്ക് അത് ശരിയായ രീതിയിൽ ഉൾക്കൊള്ളാൻ കഴിയുമെന്ന് ഞാൻ വിചാരിക്കുന്നു. ബലിദാനികളുടെ കാര്യത്തിൽ അവരെ വഞ്ചിക്കുന്ന സമീപനമാണ് ഇപ്പോൾ ഉണ്ടായിരിക്കുന്നത്. ഇതൊരു  അപ്രസക്തമായ തിരക്കഥയാണ്. ഈ തെരഞ്ഞെടുപ്പിലോ കേരളത്തിലെ ബിജെപിക്ക് അകത്തോ ഇതൊരു ചലനവും ഉണ്ടാക്കുന്നില്ല. നിങ്ങൾ ഉറപ്പിച്ചോളൂ. ഈ കോൺ​ഗ്രസ് പ്രവേശനം ഒരു ചലനവും ഉണ്ടാക്കുന്നില്ല. സന്ദീപിനെതിരെ നേരത്തെയും പാർട്ടി നടപടി എടുത്തതാണ്. ആ നടപടി ഫേസ്ബുക്ക് പോസ്റ്റിട്ടത് കൊണ്ടൊന്നും ആയിരുന്നില്ല. നിങ്ങൾക്കെല്ലാവർക്കും അറിയാം. ഞാനാ നടപടിയുടെ കാര്യങ്ങൾ അന്ന് പുറത്തു പറയാതിരുന്നത് ഒരു രാഷ്ട്രീയ പാർട്ടി പുലർത്തേണ്ട സാമാന്യമായ പാലിക്കേണ്ട മര്യാദയുടെ പേരിൽ മാത്രമാണ്. അതുകൊണ്ട് വിഡി സതീശനും സുധാകരനും ഞാൻ എല്ലാ ആശംസയും നേരുകയാണ്. സന്ദീപ് വാര്യർ കോൺ​ഗ്രസിൽ നീണാൾ വാഴട്ടെ എന്ന് ഞാൻ ആശംസിക്കുകയാണ്. സന്ദീപ് വാര്യരെ മുറുകെ പിടിക്കാൻ ഞാൻ സുധാകരനോടും സതീശനോടും ഞാൻ വീണ്ടും വീണ്ടും അഭ്യർത്ഥിക്കുകയാണ്.'' കെ സുരേന്ദ്രൻ പറഞ്ഞു.  

Latest Videos

undefined

അതേ സമയം, സന്ദീപ് വാര്യരുടെ കോൺഗ്രസ് പ്രവേശനത്തിൽ ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ച് കേരള ബിജെപിയുടെ ചുമലയുള്ള ജന സെക്രട്ടറി പ്രകാശ് ജാവ്ദേക്കർ. അപ്രസക്തനായ വ്യക്തി അപ്രസക്തമായ പാർട്ടിയിലേക്കാണ് പോകുന്നതെന്ന് പ്രകാശ് ജാവ്ദേക്കർ പറഞ്ഞു. തന്നോട് സന്ദീപ് വാര്യർ ഒന്നും പറഞ്ഞിട്ടില്ലെന്നും കൂടുതല്‍ ഒന്നും പറയാനില്ലെന്നും ജാവ്ദേക്കർ പറഞ്ഞു.

click me!