'മര്‍ദ്ദിച്ചത് ആര്‍എസ്എസ് പ്രവര്‍ത്തകന്‍';നിരന്തരം ആക്രമിക്കപ്പെടുന്നു,നീതി ലഭിക്കുന്നില്ലെന്ന് ബിന്ദു അമ്മിണി

By Web Team  |  First Published Jan 5, 2022, 11:13 PM IST

പൊലീസ് എത്തിയത് താന്‍ വിളിച്ചിട്ടല്ല. തന്നെ അറസ്റ്റ് ചെയ്ത് പ്രതിയെ സംരക്ഷിക്കാനാണ് പൊലീസ് എത്തിയതെന്നും ബിന്ദു അമ്മിണി.


കോഴിക്കോട്: നിരന്തരം ആക്രമിക്കപ്പെടുകയാണെന്നും നീതി ലഭിക്കുന്നില്ലെന്നും സാമൂഹ്യ പ്രവര്‍ത്തക ബിന്ദു അമ്മിണി (Bindu Ammini). ഇന്ന് വൈകിട്ട് കോഴിക്കോട് നോർത്ത് ബീച്ചിൽ വച്ച് ആക്രമിക്കപ്പെട്ടതിന് പിന്നാലെ ഏഷ്യാനെറ്റ് ന്യൂസിനോട് സംസാരിക്കുകയായിരുന്നു ബിന്ദു അമ്മിണി. ആര്‍എസ്എസുകാരനാണ് തന്നെ ഇന്ന് ആക്രമിച്ചത്. പൊലീസ് എത്തിയത് താന്‍ വിളിച്ചിട്ടല്ല. തന്നെ അറസ്റ്റ് ചെയ്ത് പ്രതിയെ സംരക്ഷിക്കാനാണ് പൊലീസ് എത്തിയതെന്നും ബിന്ദു അമ്മിണി പറഞ്ഞു. 

വാഹനം നിർത്തുന്നതുമായി ബന്ധപ്പെട്ട തർക്കം അടിപിടിയിൽ കലാശിക്കുകയായിരുന്നെന്നാണ് പൊലീസ് പറയുന്നത്. എന്നാല്‍ വണ്ടി ഓടിക്കാനറിയാത്ത താനെങ്ങനെയാണ് വണ്ടിയുമായി ബന്ധപ്പെട്ട തര്‍ക്കത്തിലേക്ക് എത്തുന്നതെന്നും ബിന്ദു അമ്മിണി ചോദിക്കുന്നു. പ്രതിയായ ആളെക്കുറിച്ച്  വെളിപ്പെടുത്താനാവില്ലെന്നാണ് പൊലീസുകാര്‍ പല മാധ്യമങ്ങളോടും പറഞ്ഞത്. പ്രതിയെ പൊലീസുകാര്‍ സംരക്ഷിക്കുന്നത് എന്തിനാണ്. പൊലീസിന്‍റെ നിര്‍ദ്ദേശപ്രകാരമാണ് പ്രതി ആശുപത്രിയിലേക്ക് പോവുന്നത്. എന്നിട്ടും പ്രതിയെക്കുറിച്ച് അറിയില്ലെന്ന് പൊലീസ് പറയുന്നതില്‍ ഒത്തുകളിയുണ്ടെന്നും ബിന്ദു അമ്മിണി പറഞ്ഞു.

Latest Videos

undefined

ഇന്ന് വൈകിട്ട് നാല് മണിയോടെയാണ് ബിന്ദു അമ്മിണിക്ക് ബീച്ചില്‍ വെച്ച് മര്‍ദ്ദനമേറ്റത്. ബിന്ദുവിൻ്റെ പരാതിയിൽ അടിപിടി, സ്ത്രീകളെ അപമാനിക്കല്‍ എന്നീ വകുപ്പുകളില്‍ ഒരാള്‍ക്കെതിരെ വെള്ളയിൽ പൊലീസ് കേസെടുത്തിട്ടുണ്ട്. ശബരിമല ദര്‍ശനം നടത്തിയതിന് പിന്നാലെ പലപ്പോഴായി ബന്ദു അമ്മിണിക്ക് നേരെ ആക്രമണം നടന്നിരുന്നു. ശബരിമല സംഭവത്തിന് ശേഷം കനക ദുർഗയ്‍ക്ക് ഒപ്പം ബിന്ദു അമ്മിണിക്കും പൊലീസ് സംരക്ഷണം നൽകാൻ സുപ്രീംകോടതി ഉത്തരവിട്ടിരുന്നു. എന്നാൽ സംരക്ഷണ ചുമതലയുണ്ടായിരുന്ന പൊലീസ് ഉദ്യോഗസ്ഥ മോശമായി പെരുമാറിയതിനെ തുടർന്ന് ബിന്ദു അവർക്കെതിരെ പരാതി നൽകി.

മറ്റൊരു ഉദ്യോഗസ്ഥയെ നിയമിക്കുന്നതിന് പകരം പൊലീസ് സംരക്ഷണം പിൻവലിക്കുകയാണ് ചെയ്തതെന്ന് ബിന്ദു ഫേസ്ബുക്ക് കുറിപ്പിൽ പറഞ്ഞു.നേരത്തെ കൊച്ചിയിൽ കമ്മീഷണർ ഓഫീസിന് മുന്നിൽ വെച്ച്  ഒരാൾ ബിന്ദു അമ്മിണിയുടെ കണ്ണിൽ മുളകുവെള്ളം ഒഴിച്ചിരുന്നു. ഒരുമാസം മുമ്പ് കൊയിലാണ്ടിയിൽ ഓട്ടോ മനപൂർവം ഇടിപ്പിച്ചതിനെ തുടർന്ന് ബിന്ദുവിൻ്റെ മൂക്കിന് പരിക്കേൽക്കുകയും ചെയ്തിരുന്നു.

click me!