ദില്ലിയിലെ യാമിനി സ്കൂള്‍ ഓഫ് ഡാന്‍സില്‍ നാളെ രാവിലെ 9 മണി മുതല്‍ പൊതു ദര്‍ശനം നടക്കും.
ദില്ലി : വിഖ്യാത നര്‍ത്തകി യാമിനി കൃഷ്ണമൂര്‍ത്തി (84) അന്തരിച്ചു. വാര്‍ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് ദില്ലി അപ്പോളോ ആശുപത്രിയിലായിരുന്നു അന്ത്യം. ക്ലാസിക്കൽ നൃത്തരൂപങ്ങളായ ഭരതനാട്യത്തിനും കുച്ചിപ്പുടിക്കും രാജ്യാന്തരതലത്തിൽ ശ്രദ്ധ നേടിക്കൊടുത്ത നര്‍ത്തകിയായിരുന്നു യാമിനി കൃഷ്ണമൂര്‍ത്തി. ആന്ധ്രയിലെ ചിറ്റൂർ ജില്ലക്കാരിയാണ്. പതിനേഴാം വയസിലായിരുന്നു നൃത്തത്തിലെ അരങ്ങേറ്റം. എ പാഷൻ ഫോർ ഡാൻസ്' എന്ന പേരിൽ ആത്മകഥയെഴുതിയിട്ടുണ്ട്. ദില്ലിയിലെ യാമിനി സ്കൂള്‍ ഓഫ് ഡാന്‍സില്‍ നാളെ രാവിലെ 9 മണി മുതല്‍ പൊതു ദര്‍ശനം നടക്കും.
സംസ്‌കൃത പണ്ഡിതനും കവിയുമായ എം.കൃഷ്‌ണമൂർത്തിയുടെ മകളായി ആന്ധ്രപ്രദേശിലെ ചിറ്റൂർ ജില്ലയിലെ മടനപ്പള്ളിയിൽ 1940 ഡിസംബർ 20 നായിരുന്നു ജനനം. അഞ്ച് വയസ് മുതൽ ഭരതനാട്യം പഠനം ആരംഭിച്ചു. പിന്നീട് തഞ്ചാവൂർ കിട്ടപ്പ പിള്ള, ദണ്ഡായുധപാണി പിള്ള, മൈലാപ്പുർ ഗൗരിയമ്മ തുടങ്ങിയ നർത്തകരുടെ കീഴിൽ കൂടുതൽ പരിശീലനം നേടി.
വേദാന്തം ലക്ഷ്മിനാരായണ ശാസ്ത്രി, ചിന്താ കൃഷ്ണമൂർത്തി തുടങ്ങിയവരുടെ ശിഷ്യയായി കുച്ചിപ്പുടിയും പങ്കജ് ചരൺ ദാസിന്റെയും കേളുചരൺ മഹാപത്രയുടെയും കീഴിൽ ഒഡീസിയും പഠിച്ചു. ഭരതനാട്യത്തിന്റെയും കുച്ചിപ്പുടിയുടെയും ക്ലാസിക്കൽ ശൈലികൾക്ക് രാജ്യാന്തര നൃത്തവേദികൾ അംഗീകാരം നേടിക്കൊടുത്തതിൽ യാമിനിയുടെ പങ്ക് വലുതാണ്. യാമിനി കൃഷ്ണമൂർത്തിയെ രാജ്യം 1968 ൽ പത്മശ്രീ, 2001ൽ പത്മഭൂഷൺ , 2016 ൽ പത്മവിഭൂഷൺ എന്നീ ബഹുമതികൾ നൽകി ആദരിച്ചിട്ടുണ്ട്.