പല ഇടത്തും ബെവ്ക്യു വഴിയുള്ള ടോക്കൺ വിതരണത്തിൽ വൻ ആശയക്കുഴപ്പമാണ് ദൃശ്യമായിരുന്നത്. പല ബാറുകൾക്കും യൂസർ നെയിമും പാസ്‍വേഡ് കിട്ടുന്നില്ല. ക്യു ആർ കോഡ് സ്കാൻ ചെയ്യാനും പറ്റുന്നില്ല. പലർക്കും ഒടിപിയും കിട്ടുന്നില്ല.
തിരുവനന്തപുരം: സംസ്ഥാനത്തെ മദ്യവിൽപ്പനയിൽ ആദ്യദിനം ആശയക്കുഴപ്പങ്ങൾ തുടരുമ്പോൾ നാളേയ്ക്കുള്ള ബുക്കിംഗും വൈകുമെന്ന് ഉറപ്പായി. ഇന്നലെ അർദ്ധരാത്രിയോടെ പ്ലേസ്റ്റോറിലെത്തിയ ബെവ്ക്യു വഴി ഇന്ന് രാവിലെ 6 മണി വരെ ബുക്കിംഗ് അനുവദിച്ചിരുന്നു. പക്ഷേ ബുക്ക് ചെയ്യാൻ നോക്കിയ പലർക്കും ഒടിപി കിട്ടുന്നില്ലെന്നും, ഒടിപി രണ്ടാമത് അയക്കാൻ നോക്കുമ്പോൾ 'Resend OTP' ഓപ്ഷൻ വർക്കാകുന്നില്ലെന്നും പരാതിയുണ്ടായി. ഈ സാഹചര്യത്തിൽ കൂടുതൽ ഒടിപി സേവനദാതാക്കളെ തേടുകയാണ് ബെവ്ക്യു. അതിനാൽത്തന്നെ നാളത്തേക്കുള്ള ബുക്കിംഗും വൈകുമെന്ന് ഉറപ്പായി. ഇന്ന് ഇതുവരെ രണ്ട് ലക്ഷത്തി പതിനാറായിരം പേർക്കാണ് ടോക്കൺ നൽകിയിരിക്കുന്നത്. നിലവിൽ ടോക്കൺ ബുക്കിംഗ് അവസാനിപ്പിച്ചിരിക്കുകയാണ്.
നിലവിൽ ഒരു കമ്പനി മാത്രമാണ് ഒടിപി നൽകുന്നതെന്ന് ഫെയർകോഡ് ടെക്നോളജീസ് വ്യക്തമാക്കി. ഇത് മൂന്നെണ്ണമെങ്കിലും ആക്കും. ഇതിനുള്ള ചർച്ചകൾ നടത്തി വരികയാണ്. കൂടുതൽ ഒടിപി പ്രൊവൈഡേഴ്സ് വന്നാൽ നാല് മണിക്കൂറിനുള്ളിൽ നിലവിലുള്ള കാലതാമസം പരിഹരിക്കാനാകുമെന്നും ബെവ്ക്യു അധികൃതർ വ്യക്തമാക്കുന്നു. ഈ പുതിയ ഒടിപി പ്രൊവൈഡേഴ്സ് കൂടി പ്രവർത്തനക്ഷമം ആയ ശേഷമേ നാളത്തേക്കുള്ള ബുക്കിംഗ് തുടങ്ങൂ എന്ന് ബെവ്ക്യൂ അറിയിക്കുന്നു. കൃത്യമായ സമയം അറിയിച്ചിട്ടില്ലെങ്കിലും, വൈകുന്നേരത്തോടെ വീണ്ടും ബുക്കിംഗ് തുടങ്ങാമെന്നാണ് പ്രതീക്ഷ എന്നാണ് ബെവ്ക്യു അറിയിക്കുന്നത്.
undefined
സംസ്ഥാനത്ത് മദ്യവിൽപ്പന വീണ്ടും തുടങ്ങി ആദ്യദിനം കടുത്ത ആശയക്കുഴപ്പമാണ് പല ബാർ വിതരണ കേന്ദ്രങ്ങളിലും ദൃശ്യമായിരുന്നത്. പല ബാറുകൾക്കും യൂസർനെയിമും പാസ്‍വേഡും ഇതുവരെ കിട്ടിയിട്ടില്ല. അതുകൊണ്ടുതന്നെ ക്യു ആർ കോഡ് സ്കാൻ ചെയ്യാനുള്ള സംവിധാനവും പ്രവർത്തിപ്പിക്കാനായിട്ടില്ല. രാവിലെ ഒമ്പത് മണി മുതൽ മദ്യം വാങ്ങാൻ എത്തിയ പലരും പെരുവഴിയിലായി. മണിക്കൂറുകളോളം കാത്തുനിൽക്കേണ്ടി വന്നു.
അവസാനം ക്യു ആർ കോഡ് സ്കാൻ ചെയ്യുന്ന പരിപാടി ഉപേക്ഷിച്ച്, ടോക്കണുമായി വന്നവരുടെ സമയം പരിശോധിച്ച് അതും, ടോക്കൺ നമ്പറും രേഖപ്പെടുത്തിയാണ് ഇപ്പോൾ മദ്യവിൽപ്പന തുടങ്ങിയിരിക്കുന്നത്. അതേസമയം, ബെവ്ക്യു ആപ്പ് ഉപയോഗിച്ച് ടോക്കൺ വിതരണം എന്ന ആശയം മദ്യവിൽപ്പന കേന്ദ്രങ്ങളിലെ തിരക്ക് കുറയ്ക്കാൻ സാധിച്ചുവെന്നാണ് സംസ്ഥാനമെമ്പാടുമുള്ള സ്ഥിതി പരിശോധിച്ചാൽ വ്യക്തമാകുന്നത്. രാവിലെ സംസ്ഥാനത്തെ മിക്ക മദ്യവിൽപ്പനശാലകളിലും തിരക്കില്ല. ദില്ലിയുൾപ്പടെ, ലോക്ക്ഡൗൺ നാലാം ഘട്ടത്തിൽ മദ്യവിൽപ്പന തുടങ്ങിയ ഇടങ്ങളിൽ കണ്ട ഉന്തും തള്ളും കേരളത്തിൽ കണ്ടില്ല.