സംസ്ഥാനത്ത് 576 ബാറുകളും 301 ബെവ്കോ ഔട്ട്ലെറ്റുകളും 291 ബിയർ പാർലറുകളും വിൽപ്പനക്ക് തയ്യാറാണെന്ന് എക്സൈസ് മന്ത്രി ടിപി രാമകൃഷ്ണൻ പറഞ്ഞു
കൊച്ചി: സംസ്ഥാനത്ത് മദ്യ വിതരണത്തിനുള്ള ടോക്കൺ ലഭിക്കുന്നതിനായി ഏർപ്പെടുത്തിയ ബെവ് ക്യു ആപ്പ് ഇന്ന് അഞ്ച് മണി മുതൽ പ്ലേ സ്റ്റോറിൽ ലഭിക്കുമെന്ന് ഫെയർ കോഡ് ടെക്നോളജി അധികൃതർ. ആപ്പിന്റെ പ്രവർത്തനം തൃപ്തികരമാണോയെന്ന് ഇന്ന് വൈകിട്ട് ആറര മുതൽ അറിയാമെന്നും അവർ വ്യക്തമാക്കി.
അതേസമയം സംസ്ഥാനത്ത് 576 ബാറുകളും 301 ബെവ്കോ ഔട്ട്ലെറ്റുകളും 291 ബിയർ പാർലറുകളും വിൽപ്പനക്ക് തയ്യാറാണെന്ന് എക്സൈസ് മന്ത്രി ടിപി രാമകൃഷ്ണൻ പറഞ്ഞു. ഏറെ അനിശ്ചിതങ്ങള്‍ക്ക് ഒടുവില്‍ ആണ് ഓണ്‍ലൈൻ വഴി ടോക്കണെടുത്ത് മദ്യം വാങ്ങുന്നതിനുള്ള ആപ്പിന് ഗൂഗിളിന്‍റെ അനുമതി കിട്ടുന്നത്. സുരക്ഷ ഏജൻസികള്‍ നിർദ്ദേശിച്ച ഏഴ് പോരായ്മകള്‍ പരിഹരിച്ച ശേഷമാണ് ആപ്പ് ഗൂഗിള്‍ പ്ലേ സ്റ്റോറിലേക്ക് അനുമതിക്കായി അയച്ചത്. സ്മാർട്ട്ഫോൺ ഉപയോഗിക്കുന്നവർക്ക് ആപ്പിലൂടെയും സാധാരണ ഫീച്ചർ ഫോണുപയോഗിക്കുന്നവര്‍ എസ്എംഎസ് ബുക്കിംഗ് ആണ് നടത്തേണ്ടത്.
മദ്യം വാങ്ങുന്ന ആളുടെ പിൻകോഡ് അനുസരിച്ചാണ് ഇ ടോക്കൺ നൽകുന്നതും എവിടെ നിന്ന് മദ്യം വാങ്ങണമെന്ന് നിര്‍ദ്ദേശിക്കുന്നതും. ഉപഭോക്താക്കൾക്ക് കിട്ടുന്ന ക്യു ആര്‍ കോഡ് മദ്യ വിൽപ്പന ശാലകളിൽ പരിശോധിക്കും. നാല് ദിവസത്തിലൊരിക്കലാകും ഒരാൾക്ക് മദ്യം കിട്ടുക, അതും പരമാവധി മൂന്ന് ലിറ്റര്‍ വരെ.