'രാജ്യസ്നേഹികൾക്ക് കോൺഗ്രസിൽ പ്രവർത്തിക്കാനാവാത്ത സാഹചര്യം'; അനിൽ ആന്‍റണിക്ക് പിന്തുണയുമായി കെ സുരേന്ദ്രൻ

By Web Team  |  First Published Jan 25, 2023, 3:54 PM IST

രാജ്യത്തിൻ്റെ അഖണ്ഡതയ്ക്കും ഐക്യത്തിനും പരമാധികാരത്തിനും നേരെയുള്ള വിദേശശക്തികളുടെ കടന്നുകയറ്റത്തെ എതിർത്തതാണ് അനിൽ ആന്റണി കോൺഗ്രസിന് അനഭിമതനാവാൻ കാരണമെന്ന് കെ സുരേന്ദ്രൻ പ്രതികരിച്ചു. 


തിരുവനന്തപുരം: രാജ്യസ്നേഹികൾക്ക് കോൺഗ്രസിൽ പ്രവർത്തിക്കാനാവാത്ത സാഹചര്യമാണെന്നതിന്റെ ഉദാഹരണമാണ് അനിൽ ആന്റണിയുടെ രാജിയെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. രാജ്യത്തിൻ്റെ അഖണ്ഡതയ്ക്കും ഐക്യത്തിനും പരമാധികാരത്തിനും നേരെയുള്ള വിദേശശക്തികളുടെ കടന്നുകയറ്റത്തെ എതിർത്തതാണ് അനിൽ ആന്റണി കോൺഗ്രസിന് അനഭിമതനാവാൻ കാരണമെന്ന് കെ സുരേന്ദ്രൻ പ്രതികരിച്ചു. 

കോൺഗ്രസ് താത്ക്കാലിക ലാഭത്തിന് വേണ്ടി രാജ്യതാത്പര്യം ഹനിക്കുന്നത് പതിവാക്കിയിരിക്കുകയാണ്. വിദേശശക്തികൾ ഇന്ത്യയിൽ വന്ന് തങ്ങളുടെ താത്പര്യത്തിന് അനുസരിച്ച് അന്വേഷണം നടത്തി രാജ്യത്തിന്റെ പരമോന്നത നീതി പീഠത്തെ ചോദ്യം ചെയ്യുന്ന രീതിയിൽ എടുത്ത വികലമായ ഡോക്യുമെന്ററിയെ എതിർക്കേണ്ടതിന് പകരം അത് സംസ്ഥാനം മുഴുവൻ പ്രദർശിപ്പിക്കുകയാണ് കേരളത്തിലെ കോൺഗ്രസ് ചെയ്യുന്നത്. കമ്മ്യൂണിസ്റ്റ് പാർട്ടിയെ പോലെ ഇന്ത്യാ വിരുദ്ധ സമീപനം സ്വീകരിക്കുന്ന പാർട്ടിയായി കോൺഗ്രസും അധപതിച്ച് കഴിഞ്ഞുവെന്ന് കെ സുരേന്ദ്രൻ കുറ്റപ്പെടുത്തി. 

Latest Videos

undefined

Also Read: 'ഐടി ആക്ട് പ്രകാരം നിരോധിച്ച ഡോക്യുമെന്‍ററി പ്രദർശിപ്പിക്കാൻ കേരള സർക്കാർ കൂട്ടുനിൽക്കുന്നു' വി മുരളീധരന്‍

പോപ്പുലർ ഫ്രണ്ടിന്റെ ജോലിയാണ് കേരളത്തിൽ കോൺഗ്രസ് ചെയ്യുന്നതെന്ന് എല്ലാവർക്കും ബോധ്യമായി. രാജ്യത്തെ തകർക്കാനുള്ള ഇടത്-ജിഹാദി സഖ്യത്തിന് കേരളത്തിലെ കോൺഗ്രസ് കൈകൊടുത്തിരിക്കുകയാണ്. തീവ്രവാദികളുടെ വോട്ട് ലക്ഷ്യം വെച്ചുള്ള അപകടകരമായ ഈ നീക്കത്തിന് കോൺഗ്രസുകാർ തന്നെ മറുപടി കൊടുക്കുമെന്നുറപ്പാണ്. കോൺഗ്രസ് നേതൃത്വത്തിന്റെ ദേശവിരുദ്ധ സമീപനത്തിന് ലഭിച്ച തിരിച്ചടിയാണ് ഡിജിറ്റൽ മീഡിയ കൺവീനറുടെ രാജിയെന്നും കെ സുരേന്ദ്രൻ പറഞ്ഞു.

Also Read: അനിലിനെതിരെ നടപടി കൂടിയേ തീരൂവെന്ന് നേതാക്കൾ, പ്രതിച്ഛായ നഷ്ടപ്പെട്ട് എകെ ആന്റണിയും

കേരളത്തിൽ ദേശവിരുദ്ധ ഡോക്യുമെന്ററി പ്രദർശിപ്പിക്കാൻ സർക്കാർ സഹായം ചെയ്യുകയാണ്. അനധികൃതമായി നടക്കുന്ന പ്രദർശനങ്ങൾക്ക് സംരക്ഷണം കൊടുക്കുകയും അതിനെതിരെ രാജ്യസ്നേഹികൾ നടത്തുന്ന ജനാധിപത്യ പ്രതിഷേധങ്ങളെ അടിച്ചമർത്താനുമാണ് പൊലീസ് ശ്രമിക്കുന്നത്. മതസ്പർധയുണ്ടാക്കുന്ന ഡോക്യുമെന്ററി പ്രദർശിപ്പിച്ച് നാട്ടിൽ കലാപമുണ്ടാക്കി ഭരണവിരുദ്ധ വികാരത്തിൽ നിന്നും ശ്രദ്ധ തിരിക്കാമെന്നാണ് സംസ്ഥാന സർക്കാർ കരുതുന്നതെന്നും കെ സുരേന്ദ്രൻ പറഞ്ഞു.  

click me!