ബില്ല് മാറണമെങ്കിൽ അസി. എക്സി. എഞ്ചിനീയർക്ക് രണ്ട് ശതമാനം കമ്മീഷൻ വേണം; പിടിച്ചപ്പോൾ അതിലും വലുത് കാറിനകത്ത്

By Web TeamFirst Published Jul 3, 2024, 11:27 AM IST
Highlights

മാറാനുള്ള ബില്ലിന്റെ രണ്ട് ശതമാനം കണക്കാക്കി ആറായിരം രൂപയാണ് കൈക്കൂലി ചോദിച്ചത്. അത് വാങ്ങുന്നതിനിടെ പിടിയിലായി. കാർ പരിശോധിച്ചപ്പോൾ അതിനുള്ളിൽ വേറെയും പണം.

കൈക്കൂലി വാങ്ങുന്നതിനിടെ ബ്ലോക്ക് പഞ്ചായത്ത് അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ പിടിയിലായി. തൃശ്ശൂർ ജില്ലയിലെ കൊടകര ബ്ലോക്ക് പഞ്ചായത്ത് അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയറായ ആന്റണി എം വട്ടോളി ആണ് 6,000 രൂപ കൈക്കൂലി വാങ്ങുന്നതിനിടയിൽ വിജിലൻസിന്റെ പിടിയിലായത്. 

തൃശ്ശൂർ ജില്ലയിലെ കൊടകര ബ്ലോക്കിന്റെ പരിധിയിലുള്ള അളഗപ്പനഗർ ഗ്രാമ പഞ്ചായത്തിലെ നിർമ്മാണ പ്രവൃത്തികൾ ഏറ്റെടുത്ത് നടത്തുന്ന ഒരു കരാറുകാരനാണ് അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർക്കെതിരെ പരാതി നൽകിയത്. കഴിഞ്ഞ സാമ്പത്തിക വാർഷത്തെ പദ്ധതി തുകയിൽ നിന്നും അനുവദിച്ച കോൺവെന്റ് റോഡിന്റെ ഓട നിർമ്മാണത്തിന്റെ പ്രവൃത്തി ഏറ്റെടുത്ത ഇദ്ദേഹം  ഏപ്രിൽ മാസത്തിൽ പണി പൂർത്തികരിച്ചിരുന്നു. ഇതിന്റെ അവസാന ബിൽ തുകയായ 3,21,911 രൂപയുടെ ബില്ല് അളഗപ്പനഗർ പഞ്ചായത്തിലെ അസി. എഞ്ചിനീയർ തയ്യാറാക്കി. ഇത് മാറി നൽകുന്നതിനാണ് കൊടകര ബ്ലോക്ക് പഞ്ചായത്ത് അസി. എക്സിക്യൂട്ടീവ് എഞ്ചിനീയറായ ആന്റണി എം വട്ടോളിക്ക് കൈമാറിയത്. 

എന്നാൽ അസി. എക്സിക്യൂട്ടീവ് എഞ്ചിനീയർ കരാറുകാരനെ വിളിച്ച് ബില്ല് മാറി നൽകണമെങ്കിൽ രണ്ട് ശതമാനം കമ്മീഷൻ വേണമെന്ന് ആവശ്യപ്പെട്ടു. 6,000 രൂപയാണ് കൈക്കൂലി കണക്കാക്കി ചോദിച്ചത്. എന്നാൽ കരാറുകാരൻ ഈ വിവരം വിജിലൻസ് മദ്ധ്യമേഖല പോലീസ് സൂപ്രണ്ട് ഹിമേന്ദ്രനാഥിനെ അറിയിച്ചു. തൃശ്ശൂർ വിജിലൻസ് ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട് സേതുവിന്റെ  നേതൃത്വത്തിലുള്ള വിജിലൻസ് സംഘം ഇയാളെ കുടുക്കാനായി കെണിയൊരുക്കി 

ഇന്നലെ ഉച്ചക്ക് രണ്ടരയോടെ കൊടകര ബ്ലോക്ക് പഞ്ചായത്ത് ഓഫീസിൽ വെച്ച് കരാറുകാരനിൽ നിന്നും 6,000 രൂപ കൈക്കൂലി വാങ്ങവെ വിജിലൻസ് സംഘം ആന്റണി എം വട്ടോളിയെ കൈയോടെ പിടികൂടി തുടർന്ന് ഇയാളുടെ സ്വകാര്യ കാർ പരിശോധിച്ചപ്പോൾ മറ്റൊരു കരാറുകാരൻ നൽകിയതെന്ന് പറയപ്പെടുന്ന 50,000 രൂപ കൂടി വിജിലൻസ് കണ്ടെടുക്കുകയും ചെയ്തു. അറസ്റ്റ് ചെയ്ത പ്രതിയെ തൃശ്ശൂർ വിജിലൻസ് കോടതിയിൽ ഹാജരാക്കുമെന്ന് വിജിലൻസ് അറിയിച്ചു.

വിജിലൻസ് സംഘത്തിൽ ഡി.വൈ.എസ്.പി സേതു.കെ.സിയെ കൂടാതെ ഇൻസ്പെക്ടർമാരായ ഇഗ്നേഷ്യസ്, ജയേഷ്ബാലൻ, സ്റ്റെപ്റ്റോജോൺ, പോലീസ് സബ് ഇൻസ്പെക്ടർമാരായ രാജൻ, ജയകുമാർ.സി.കെ, ബൈജു, ജയകുമാർ.ഇ.കെ, സുദർശനൻ, കമൽദാസ്, പോലീസ് ഉദ്ദ്യോഗസ്ഥരായ ജോഷി, നിബാഷ്, വിബീഷ്, സൈജുസോമൻ, അരുൺ, ഗണേഷ്, സുധീഷ്, സരിത, എബി തോമസ്, തീഷ്, രാജീവ്, ബിജു തുടങ്ങിയവരും ഉണ്ടായിരുന്നു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം

click me!