തെരഞ്ഞെടുപ്പ് തോൽവി: കോൺഗ്രസിന്റെ കേരളത്തിലെ കണക്കുകൂട്ടലും തെറ്റി, രാഹുലിന്റെ പ്രഭാവത്തിനും മങ്ങൽ

By Web TeamFirst Published Dec 4, 2023, 7:21 AM IST
Highlights

തെലങ്കാന വിജയത്തിന് പിന്നിലും സുനില്‍ കനഗോലുവിന്‍റെ തലയാണെന്നത് കേരളത്തിലെ കോണ്‍ഗ്രസ് നേതൃത്വത്തിന് പ്രതീക്ഷയാണ്

തിരുവനന്തപുരം: നാല് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് ഫലം കേരള രാഷ്ട്രീയത്തിൽ ഉണ്ടാക്കുക ചെറുതല്ലാത്ത ചലനങ്ങൾ. കർണ്ണാടകയ്ക്ക് പിന്നാലെ സെമിയിലും വിജയം നേടി ആത്മവിശ്വാസത്തോടെ കേരളത്തിൽ 2019 ആവർത്തിക്കാമെന്ന കോൺഗ്രസ് കണക്കുകൂട്ടലാണ് തെറ്റിയത്. ബിജെപിയോട് ഏറ്റുമുട്ടി ജയിക്കാൻ ഇപ്പോഴും കോൺഗ്രസിന് കരുത്തില്ലെന്ന പ്രചാരണം, സിപിഎം ന്യൂനപക്ഷ വോട്ട് ലക്ഷ്യമിട്ട് ശക്തമാക്കും.

ബിജെപിയിൽ നിന്നും കർണ്ണാടക പിടിച്ചപ്പോൾ, പാര്‍ട്ടി തിരുച്ചുവരുന്നുവെന്നായിരുന്നു കോൺഗ്രസ് പറഞ്ഞത്. അയൽ സംസ്ഥാനത്തെ ജയം കേരളത്തിലും കോൺഗ്രസ്സിനും യുഡിഎഫിനും നൽകിയത് വലിയ ആത്മവിശ്വാസമായിരുന്നു. നാല് സംസ്ഥാനങ്ങളിലും നേട്ടം ആവർത്തിക്കുമെന്നായിരുന്നു കോൺഗ്രസ് കരുതൽ. പക്ഷെ ഹിന്ദി ഹൃദയഭൂമിയിൽ ഇത്ര വലിയ തിരിച്ചടി ഒട്ടും പ്രതീക്ഷിക്കാത്തതായിരുന്നു. സെമിയിൽ കൂടി നേട്ടമുണ്ടാക്കി വയനാട്ടിലെ രാഹുലിൻറെ രണ്ടാം വരവോടെ കേരളത്തില്‍ മിന്നും വിജയം ആവര്‍ത്തിക്കാമെന്നായിരുന്നു കണക്കകൂട്ടിയത്. 

Latest Videos

തെലങ്കാന ഒഴികെയുള്ള സംസ്ഥാനങ്ങളിലേറ്റ കനത്ത പരാജയം രാഹുല്‍ ഗാന്ധിയുടെ പ്രഭാവത്തിനും മങ്ങലേൽപ്പിക്കും. ബിജെപിയെ നേരിടാനുള്ള ശേഷി കോണ്‍ഗ്രസിനില്ലെന്ന ശക്തമായ പ്രചാരണത്തിലേക്ക് സിപിഎം കടക്കും. ഫലത്തില്‍ ന്യൂനപക്ഷ വോട്ടുകളെ അത് ആശയക്കുഴപ്പത്തിലാക്കും. ലോക്സഭ തിര‍ഞ്ഞെടുപ്പില്‍ നേട്ടമുണ്ടാക്കി, നിയമസഭയിലേക്ക് ആത്മവിശ്വാസം കൂട്ടാമെന്ന കോണ്‍ഗ്രസ് തോന്നലിന് തിരിച്ചടിയാണ് ഈ തോല്‍വികള്‍. അതേസമയം കര്‍ണാടകയ്ക്ക് പിന്നാലെ തെലങ്കാന വിജയത്തിന് പിന്നിലും തിരഞ്ഞെടുപ്പ് തന്ത്രജ്ഞനായ സുനില്‍ കനഗോലുവിന്‍റെ തലയാണെന്നത് കേരളത്തിലെ കോണ്‍ഗ്രസ് നേതൃത്വത്തിന് പ്രതീക്ഷയാണ്. കനഗോലു ഏറ്റെടുത്തിരിക്കുന്ന അടുത്ത ലക്ഷ്യം കേരളത്തിലെ പാര്‍ട്ടിയുടെ തിരിച്ചുവരവാണ്.

Asianet News Live | Election Results | ബിജെപി മുന്നേറ്റം

click me!