കൊവിഡ് കാലത്ത് നമ്മളറിയാതെ പോയ, എന്നാൽ നമ്മളെ മുന്നോട്ട് നയിക്കുന്നതിൽ സ്വാധീനശക്തിയായവർ. തടസ്സങ്ങളേറെ ഉണ്ടായിരുന്ന മഹാമാരിക്കാലത്ത് അത് വകവയ്ക്കാതെ പൊരുതി നിന്നവരെയാണ് വിവിധ മേഖലകളിൽ നിന്നായി ഏഷ്യാനെറ്റ് ന്യൂസ് തെരഞ്ഞെടുത്തത്.
കൊച്ചി: കൊവിഡ് കാലത്ത് അസാധാരണ പോരാട്ടം നടത്തിയവരെ ആദരിക്കുന്ന ഏഷ്യാനെറ്റ് ന്യൂസിന്‍റെ 'സല്യൂട്ട് കേരളം' പുരസ്കാര വിജയികളെ പ്രഖ്യാപിച്ചു. സാധാരണക്കാർ മുതൽ കോർപ്പറേറ്റ് സ്ഥാപനങ്ങളിലെ ജീവനക്കാർ വരെ ഉള്ള ആറ് പേരാണ് പുരസ്കാര ജേതാക്കളായത്. ഈ മാസം 21-ന് കൊച്ചിയിൽ നടക്കുന്ന ചടങ്ങിൽ അവാർഡുകൾ സമ്മാനിക്കും.
കൊവിഡ് കാലത്ത് നമ്മളറിയാതെ പോയ, എന്നാൽ നമ്മളെ മുന്നോട്ട് നയിക്കുന്നതിൽ സ്വാധീനശക്തിയായവർ. തടസ്സങ്ങളേറെ ഉണ്ടായിരുന്ന മഹാമാരിക്കാലത്ത് അത് വകവയ്ക്കാതെ പൊരുതി നിന്നവരെയാണ് വിവിധ മേഖലകളിൽ നിന്നായി ഏഷ്യാനെറ്റ് ന്യൂസ് തെരഞ്ഞെടുത്തത്.
undefined
പൊതുജനങ്ങൾക്കുള്ള വിഭാഗത്തിൽ വിജയിയായത് റാന്നി നാറാണംമുഴി ഉന്നത്താനി ലക്ഷം വീട് കോളനിയിലെ താമസക്കാരനായ സലാംകുമാർ. തനിക്കുള്ള ശാരീരിക ബുദ്ധിമുട്ടുകളൊന്നും കൊവിഡ് കാലത്ത് സേവന സന്നദ്ധനാകുന്നതിൽ സലാമിന് തടസ്സമായില്ല. കൊവിഡ് രോഗികളെ ആശുപത്രിയിലേക്ക് എത്തിക്കുന്നതിന് തന്‍റെ വാഹനം വിട്ട് നൽകുകയും, ഓൺലൈൻ പഠനസമഗ്രികൾക്കായി ബുദ്ധിമുട്ടിയ കുട്ടികളെ സഹായിക്കുകയും ചെയ്ത സലാംകുമാറിന്‍റെ പ്രതിബദ്ധതയെ ആണ് ഏഷ്യാനെറ്റ് ന്യൂസ് ആദരിക്കുന്നത്.
മാനസികമായി പലരും തകർത്തെറിയപ്പെട്ട കൊവിഡ് കാലത്ത് സമൂഹത്തിന് കരുത്ത് പകരാൻ ഒരു വർഷത്തിലധികം സമയം തിരുവനന്തപുരം ജനറൽ ആശുപത്രിയിൽ അവധിയില്ലാതെ ജോലി ചെയ്ത ക്ലിനിക്കൽ സൈക്കോളജിസ്റ്റ് നിതിൻ എ എഫാണ് ആരോഗ്യപ്രവർത്തകർക്കുള്ള വിഭാഗത്തിലെ വിജയി.
കൊവിഡ് കാലത്ത് വമ്പൻ സിലിണ്ടറുകളിൽ നിന്ന് ഓക്സിജൻ വിതരണം കൈയ്യിൽ ഒതുക്കി ചിലവ് കുറഞ്ഞ രീതിയിൽ വിതരണം ഉറപ്പാക്കിയ കൊല്ലം പൂയപ്പള്ളി സ്വദേശി ജിത്തു കൃഷ്ണനാണ് ചെറുകിട ഇടത്തരം സംരംഭകർക്കുള്ള കാറ്റഗറിയിൽ വിജയിയായത്. കൊവിഡ് കാലത്ത് തൊഴിലാളികളുടെ ലഭ്യത കുറഞ്ഞപ്പോൾ അത് നിർമ്മാണ മേഖലയിലെ ദൈനംദിന ജോലികളെ ബാധിക്കാത്ത രീതിയിൽ ചലിപ്പിച്ചതിനാണ് കോൺഫിഡന്‍റ് ഗ്രൂപ്പിന്‍റെ ജനറൽ മാനേജർ ഷിജിത ഉല്ലാസ് വിജയിയായത്.
സദാസേവനസന്നദ്ധരായിരുന്ന പൊലീസുകാർക്ക് കരുതൽ ഉറപ്പാക്കിയ തിരുവനന്തപുരം കരമന സ്വദേശി ജി ഗിരിജയും, കൊവിഡ് മുന്നണിപ്പോരാളിയായി സമൂഹത്തിനെ ചേർത്ത് പിടിച്ച തൃശ്ശൂർ പീച്ചി സ്വദേശി എബി മോസ്സസും ജൂറിയുടെ പ്രത്യേക പരാമർശത്തിന് അർഹരായി.
വ്യത്യസ്ത മേഖലകളിലായി സമൂഹത്തിൽ വ്യക്തിമുദ്ര പതിപ്പിച്ച അഞ്ച് പേരാണ് സല്യൂട്ട് കേരള പുരസ്കാരത്തിന്‍റെ അവാർഡ് ജൂറിയായത്. റബ്ബർ ബോർഡ് ചെയർമാൻ കെ എൻ രാഘവനായിരുന്നു ജൂറി അദ്ധ്യക്ഷൻ. ലിഡ ജേക്കബ് ഐഎഎസ്, വ്യവസായ സംരംഭക ലിസ മായൻ മുഹമ്മദ്, കെഎംഎ മുൻ പ്രസിഡന്‍റ് ജിബു പോൾ, എഴുത്തുകാരി ശ്രീകുമാരി രാമചന്ദ്രൻ എന്നിവരായിരുന്നു മറ്റ് ജൂറി അംഗങ്ങൾ. നൂറുകണക്കിന് എൻട്രികളിൽ നിന്ന് വിശദമായ പരിശോധനകൾക്ക് ശേഷമാണ് ജൂറി വിജയികളെ പ്രഖ്യാപിച്ചത്.
വരുന്ന ചൊവ്വാഴ്ച കൊച്ചിയിൽ നടക്കുന്ന പരിപാടിയിലാണ് പുരസ്കാര വിജയികളെ ആദരിക്കുക. ഓരോ കാറ്റഗറിയിലെ വിജയികളെയും, ജൂറി പരാമർശം ലഭിച്ചവർക്കും 50,000 രൂപയും പ്രശസ്തി പത്രവുമടങ്ങുന്നതാണ് അവാർഡ്.