പി ജി ദേശീയ പുരസ്‌കാരം അരുന്ധതി റോയിക്ക്, 13-ന് തിരുവനന്തപുരത്ത് അവാര്‍ഡ് സമര്‍പ്പണം

By Web TeamFirst Published Dec 9, 2023, 6:40 PM IST
Highlights

 മൂന്നാമത് പി ജി ദേശീയ പുരസ്‌കാരം  ബുക്കര്‍ പുരസ്‌കാര ജേതാവും പ്രമുഖ എഴുത്തുകാരിയും ആക്ടിവിസ്റ്റുമായ
അരുന്ധതി റോയിക്ക്. വിടപറഞ്ഞ പ്രമുഖ മാര്‍ക്സിസ്റ്റ് ചിന്തകനും എഴുത്തുകാരനും വാഗ്മിയുമായിരുന്ന പി. ഗോവിന്ദപ്പിള്ളയുടെ ഓര്‍മ്മയ്ക്കായി നല്‍കുന്നതാണ് ഈ പുരസ്‌കാരം.  

തിരുവനന്തപുരം:  മൂന്നാമത് പി ജി ദേശീയ പുരസ്‌കാരം  ബുക്കര്‍ പുരസ്‌കാര ജേതാവും പ്രമുഖ എഴുത്തുകാരിയും ആക്ടിവിസ്റ്റുമായ അരുന്ധതി റോയിക്ക്. വിടപറഞ്ഞ പ്രമുഖ മാര്‍ക്സിസ്റ്റ് ചിന്തകനും എഴുത്തുകാരനും വാഗ്മിയുമായിരുന്ന പി. ഗോവിന്ദപ്പിള്ളയുടെ ഓര്‍മ്മയ്ക്കായി നല്‍കുന്നതാണ് ഈ പുരസ്‌കാരം.  

പി ഗോവിന്ദപ്പിള്ളയുടെ വിയോഗത്തിന്റെ 11-ാം വാര്‍ഷിക ദിനമായ ഡിസംബര്‍ 13-ന് മൂന്ന് മണിക്ക് തിരുവനന്തപുരം അയ്യങ്കാളി ഹാളില്‍ നടക്കുന്ന ചടങ്ങില്‍ പുരസ്‌കാരം അരുന്ധതി റോയ്ക്ക് സമ്മാനിക്കുമെന്ന് സംഘാടകര്‍ അറിയിച്ചു. പ്രമുഖ മാധ്യമപ്രവര്‍ത്തകന്‍ എന്‍ റാമാണ് മൂന്ന് ലക്ഷം രൂപ സമ്മാനത്തുകയുള്ള പുരസ്‌കാരം സമ്മാനിക്കുക. പ്രമുഖ അഭിഭാഷകനും ആക്‌വിസ്റ്റുമായ പ്രശാന്ത് ഭൂഷണ്‍, എന്‍ റാം എന്നിവര്‍ക്കാണ് ഇതിന് മുമ്പ് പിജി ദേശീയ പുരസ്‌കാരം ലഭിച്ചത്. 

Latest Videos

അരുന്ധതി റോയ്.

മാന്‍ ബുക്കര്‍ പുരസ്‌കാരം നേടിയ ആദ്യ ഇന്ത്യന്‍ വനിതയാണ് മലയാളിയായ അരുന്ധതി റോയ്. ദ് ഗോഡ് ഓഫ് സ്മാള്‍ തിങ്ങ്‌സ് എന്ന കൃതിക്ക് 1997-ലായിരുന്നു ബുക്കര്‍ പുരസ്‌കാരം. ക്രിസ്ത്യന്‍ പിന്തുടര്‍ച്ചാവകാശ നിയമം നിയമപോരാട്ടത്തിലൂടെ മാറ്റിയെഴുതിച്ച പ്രമുഖ വിദ്യാഭ്യാസ പ്രവര്‍ത്തക മേരി റോയിയുടെയും രാജീബ് റോയിയുടെയും മകളായി 1961 നവംബര്‍ 24-ന് ജനിച്ചു. ബാല്യകാലം കേരളത്തില്‍ ചിലവഴിച്ചു. പഠനശേഷം ആര്‍ക്കിടെക്റ്റ്, എയ്‌റോബിക് പരിശീലക എന്നീ നിലകളില്‍ ജോലി ചെയ്തു. 'ഇന്‍ വിച് ആനീ ഗിവ്‌സ് ഇറ്റ് ടു ദോസ് വണ്‍സ്', 'ഇലക്ട്രിക് മൂണ്‍' എന്നീ സിനിമകളുടെ തിരക്കഥ എഴുതി.  കോട്ടയത്തിനടുത്തുള്ള അയ്മനം ഗ്രാമത്തിന്റെ കഥ പറയുന്ന ദ് ഗോഡ് ഓഫ് സ്മാള്‍ തിങ്‌സ് എന്ന ആദ്യ നോവലിലൂടെ ബുക്കര്‍ പുരസ്‌കാരം നേടി. ആ വര്‍ഷം ലോകത്തിലേറ്റവും കൂടുതല്‍ വിറ്റഴിഞ്ഞ കൃതികളിലൊന്നായി ഇതു മാറി. ഇ.എം.എസ്. നമ്പൂതിരിപ്പാട്, ഐജാസ് അഹമ്മദ് തുടങ്ങിയ കമ്യൂണിസ്റ്റ് ചിന്തകര്‍ കമ്മ്യൂണിസ്റ്റ് വിരുദ്ധമെന്നാണ് ഈ കൃതിയെ അന്ന് വിശേഷിപ്പിച്ചത്.  

രണ്ടു പതിറ്റാണ്ടിനുശേഷം അടുത്ത നോവല്‍ പുറത്തുവന്നു.  ദ് മിനിസ്ട്രി ഓഫ് അറ്റ്മോസ്റ്റ് ഹാപ്പിനെസ്. ഇതിനിടയില്‍, ഇന്ത്യന്‍ രാഷ്ട്രീയ പരിണാമങ്ങളെ അതിനിശിതമായി വിമര്‍ശിക്കുന്ന സവിശേഷമായ ലേഖനപരകളിലൂടെ ശ്രദ്ധേയയായി. നര്‍മ്മദ പ്രക്ഷോഭം മുതല്‍ കശ്മീര്‍ പ്രതിസന്ധി വരെയുള്ള വിഷയങ്ങളില്‍ എഴുത്തിനപ്പുറം ആക്ടിവിസത്തിന്റെ വഴികളിലൂടെ അരുന്ധതി സഞ്ചരിച്ചു. സമകാലിക വിഷയങ്ങളിലുള്ള ലേഖനങ്ങള്‍ വിവിധ പുസ്തകങ്ങളിലായി സമാഹരിക്കപ്പെട്ടു. 

പി.ഗോവിന്ദപിള്ള
മാര്‍ക്‌സിസ്റ്റ് സൈദ്ധാന്തികന്‍, ചിന്തകന്‍, ഗ്രന്ഥകാരന്‍,പത്രാധിപര്‍, വാഗ്മി എന്നീ നിലകളില്‍ പ്രശസ്തനായ പി.ജി. എന്ന പി.ഗോവിന്ദപിള്ള 1926 മാര്‍ച്ച് 25 ന് ജനിച്ചു. 2012 നവംബര്‍ 22-ന് വിടപറഞ്ഞു. ഇതിനിടയിലുള്ള 86 വര്‍ഷങ്ങളില്‍ സ്വാതന്ത്ര്യ സമര പ്രസ്ഥാനം, കമ്യൂണിസ്റ്റ് പ്രസ്ഥാനം എന്നീ വഴികളില്‍ രാഷ്ട്രീയജീവിതം നയിച്ചു. ഇതിനിടെ കമ്യൂണിസ്റ്റ് പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട് തടവു ശിക്ഷയും അനുഭവിച്ചു. 1957-ല്‍ നടന്ന ആദ്യ തിരഞ്ഞെടുപ്പില്‍ പെരുമ്പാവൂരില്‍ നിന്ന് നിയമസഭയിലെത്തി. പുരോഗമന കലാസാഹിത്യ സംഘത്തിന്റെ സ്ഥാപക നേതാക്കളില്‍ ഒരാളായിരുന്നു. കേരള നവോത്ഥാനം ഒരു മാര്‍ക്‌സിസ്റ്റ് വീക്ഷണം, ആഗോളവല്‍ക്കരണം സംസ്‌കാരം മാധ്യമം, ഇ എം എസും മലയാള സാഹിത്യവും, ഇസങ്ങള്‍ക്കിപ്പുറം, വിപ്ലവപ്രതിഭ, മാര്‍ക്‌സും മൂലധനവും, സ്വാതന്ത്ര്യത്തിന്റെ സാര്‍വദേശീയത, സാഹിത്യം അധോഗതിയും പുരോഗതിയും, ചരിത്രശാസ്ത്രം പുതിയ മാനങ്ങള്‍, മഹാഭാരതം മുതല്‍ മാര്‍ക്‌സിസം വരെ തുടങ്ങിയവയാണ് പ്രധാന കൃതികള്‍. ഇ.എം.എസുമായി ചേര്‍ന്ന് 'ഗ്രാംഷിയന്‍ വിചാരവിപ്‌ളവം', സി.ഭാസ്‌കരനുമായി ചേര്‍ന്ന് 'വിപ്ലവങ്ങളുടെ ചരിത്രം' എന്നീ കൃതികളും രചിച്ചിട്ടുണ്ട്. പ്രമുഖ കമ്യൂണിസ്റ്റ് നേതാവായിരുന്ന എം.എന്‍. ഗോവിന്ദന്‍ നായരുടെ അനന്തരവളും കോളേജ് അദ്ധ്യാപികയുമായിരുന്ന എം.ജെ. രാജമ്മയാണ് ഭാര്യ. ഏഷ്യാനെറ്റ് ന്യൂസിന്റെ മുന്‍ എഡിറ്റര്‍ എം.ജി. രാധാകൃഷ്ണന്‍, ആര്‍. പാര്‍വതി ദേവി എന്നിവരാണ് മക്കള്‍. വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി മരുമകനാണ്. മരുമകള്‍: എ ജയശ്രീ. 

click me!