കണ്ടെത്തിയത് അ‍ർജ്ജുൻ്റെ ലോറി തന്നെയെന്ന് എംഎൽഎ; ലക്ഷ്യം കണ്ട് ഈശ്വർ മൽപെയുടെ ശ്രമം; ലോറിയിൽ കയർ കെട്ടി

By Web TeamFirst Published Sep 21, 2024, 3:18 PM IST
Highlights

തലകീഴായി മറിഞ്ഞിരിക്കുന്ന നിലയിൽ പുഴയുടെ ഉപരിതലത്തിൽ നിന്ന് 15 അടി താഴ്ചയിലാണ് ലോറി കിടക്കുന്നത്

മംഗലാപുരം: ഈശ്വർ മൽപെ ഗംഗാവലിയുടെ അടിത്തട്ടിൽ പോയി ലോറിയുടെ അടിയിൽ കയർ കെട്ടി. ലോറിയുടെ കാബിൻ്റെ താഴെയുള്ള ടയറുകളോട് ചേർന്ന് ഇരുമ്പ് റോഡിൽ വടം കെട്ടി. മറ്റ് ലോറികളൊന്നും അപകട സ്ഥലത്ത് കാണാതായിട്ടില്ല എന്നാണ് ഇതുവരെയുള്ള വിവരം. അതിനാൽ അർജുൻ്റെ ലോറി തന്നെയാവും ഇതെന്ന് കരുതുന്നു. പുഴയുടെ അടിത്തട്ടിലേക്ക് പോയ ഈശ്വർ മൽപെ ദൃശ്യങ്ങളും തൻ്റെ മൊബൈലിൽ പകർത്തി. ഇദ്ദേഹം കെട്ടിയ കയർ ഉപയോഗിച്ച് ലോറിയുടെ കാബിൻ ഉയർത്താനാണ് ശ്രമം. 

ഇന്ന് 200 ശതമാനവും ഒരു ഉത്തരമുണ്ടാകുമെന്ന് എംഎൽഎ സതീഷ് സെയ്‌ദ് വ്യക്തമാക്കിയിരുന്നു. തലകീഴായി മറിഞ്ഞിരിക്കുന്ന നിലയിൽ പുഴയുടെ ഉപരിതലത്തിൽ നിന്ന് 15 അടി താഴ്ചയിലാണ് ലോറി കിടക്കുന്നത്. ഇവിടെ വടം കെട്ടിയ ഈശ്വർ മൽപെ പുഴയുടെ ഉപരിതലത്തിലേക്ക് വന്ന ശേഷം വീണ്ടും തിരികെ അടിത്തട്ടിലേക്ക് പോയി. ലോറിയുടെ കാബിൻ ഇന്ന് തന്നെ ഉയർത്താനുള്ള ശ്രമം നടത്തുമെന്നാണ് ലഭിക്കുന്ന വിവരം.

Latest Videos

മണ്ണിടിച്ചിലിൽ കാണാതായ കോഴിക്കോട് സ്വദേശി അർജുന്‍ ഉള്‍പ്പടെ മൂന്ന് പേരെ കണ്ടെത്താന്‍ വേണ്ടി ഗംഗാവലി പുഴയിൽ പരിശോധന പുരോഗമിക്കുകയാണ്. പുഴയിൽ ഇറങ്ങി നടത്തിയ പരിശോധനയില്‍  പ്രാദേശിക മുങ്ങൽ വിദഗ്ധൻ ഈശ്വർ മാൽപെ രാവിലെ അക്കേഷ്യ തടിക്കഷ്ണം മുങ്ങിയെടുത്തിരുന്നു. ഷിരൂർ മണ്ണിടിച്ചിലിൽ കാണാതായ അർജുൻ ലോറിയിൽ കൊണ്ട് വന്ന മരക്കഷ്ണങ്ങളാണ് കണ്ടെത്തിയത്. നേരത്തെ നദിക്കരയിൽ നിന്നും തടിക്കഷണങ്ങൾ ലഭിച്ചിരുന്നു. അർജുൻ ലോറിയിൽ കൊണ്ട് വന്ന തടിക്കഷ്ണമാണെന്ന് ലോറി ഉടമ മനാഫും സ്ഥിരീകരിച്ചു.  

ഗംഗാവലി പുഴയിൽ ഇറങ്ങി പരിശോധന നടത്താൻ പ്രാദേശിക മുങ്ങൽ വിദഗ്ധൻ ഈശ്വർ മാൽപെക്ക് ആദ്യം കർണാടക അനുമതി നൽകിയിരുന്നില്ല. ഒടുവിൽ ജില്ല ഭരണകൂടവുമായി നിരന്തരം ചർച്ച നടത്തിയ ശേഷമാണ് അനുമതി ലഭിച്ചത്. പുഴയിലെ സാഹചര്യം നിലവിൽ തെരച്ചിലിന് അനുകൂലമാണ്. നേരത്തെ പുഴയിൽ പരിശോധന നടത്തിയ നാവികസേനയും അവരുടെ ഡൈവിംഗ് സംഘവും നിർദേശിച്ച മൂന്ന് പ്രധാന പോയന്‍റുകളിലാണ് ഡ്രഡ്ജറും ക്യാമറയും ഉപയോഗിച്ചുളള തെരച്ചിൽ നടക്കുന്നത്. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്

click me!