തെരച്ചിലിനിടെ തൃശ്ശൂരിൽ നിന്ന് മറ്റൊരു പെൺകുട്ടിയെ കണ്ടെത്തി; തിരുപ്പൂരിൽ നിന്ന് കാണാതായതെന്ന് സ്ഥിരീകരിച്ചു

By Web TeamFirst Published Aug 21, 2024, 3:11 AM IST
Highlights

കാണാതായ കുട്ടിയുമായി സാമ്യമുള്ള ഒരു കുട്ടിയെക്കുറിച്ച് റെയിൽവെ സംരക്ഷണ സേനയാണ് വിവരം നൽകിയത്. തുടർന്ന് വിശദമായ അന്വേഷണം നടത്തുകയായിരുന്നു.

തൃശ്ശൂർ: കഴക്കൂട്ടത്ത് നിന്ന് കാണാതായ 13കാരി തസ്മിത് തംസുമിനായുള്ള അന്വേഷണത്തിനിടെ തൃശ്ശൂർ റെയിൽവെ സ്റ്റേഷനിൽ നിന്ന് മറ്റൊരു കുട്ടിയെ കണ്ടെത്തി. വിശദമായ അന്വേഷണത്തിൽ തമിഴ്നാട്ടിലെ തിരുപ്പൂരിൽ നിന്ന് കാണാതായ കുട്ടിയാണെന്ന് തിരിച്ചറിഞ്ഞതിന്റെ അടിസ്ഥാനത്തിൽ ഷെൽട്ടർ ഹോമിലേക്ക് മാറ്റി. കുട്ടിയുടെ ബന്ധുക്കളെ വിവരം അറിയിച്ചിട്ടുണ്ടെന്നും ഇവർ തൃശ്ശൂരിൽ എത്തുന്ന മുറയ്ക്ക് തുടർ നടപടികൾ സ്വീകരിക്കുമെന്നും പൊലീസ് അറിയിച്ചു.

കഴിക്കൂട്ടത്ത് നിന്ന് കാണാതായ തസ്മിത് തംസുമിനായി സംസ്ഥാനത്ത് പലയിടങ്ങളിലും അന്വേഷണം നടക്കുകയാണ്. ഇതിനിടെയാണ് കാണാതായ കുട്ടിയുമായി സാമ്യമുള്ള ഒരു കുട്ടിയെക്കുറിച്ച് റെയിൽവെ സംരക്ഷണ സേന വിവരം നൽകിയത്. തുടർന്ന് വിശദമായ അന്വേഷണം നടത്തി. ഇതിനൊടുവിലാണ് ഇത് തിരുവനന്തപുരത്ത് നിന്ന് കാണാതായ കുട്ടിയല്ലെന്നും തിരുപ്പൂരിൽ നിന്ന് കാണാതായ അനുപ്രിയ എന്ന കുട്ടിയാണെന്നും സ്ഥിരീകരിച്ചത്. ഈ കുട്ടിയ്ക്ക് തിരുവനന്തപുരത്ത് ബന്ധുക്കളുണ്ടെന്നും മനസിലായി.  തുടർന്ന് മാതാപിതാക്കളെ വിവരമറിയിച്ച ശേഷം കുട്ടിയെ ഷെൽട്ടർ ഹോമിലേക്ക് മാറ്റി.

Latest Videos

അതേസമയം കഴക്കൂട്ടത്ത് കാണാതായ കുട്ടിയ്ക്കായി പൊലീസ് സംഘം വിശദമായ പരിശോധന നടത്തുകയാണ്. മൂന്ന് മണിക്കൂർ വരെയുള്ള സിസിടിവി ദൃശ്യങ്ങളാണ് കഴക്കൂട്ടം ജംഗ്ഷൻ വരെ പൊലീസിന് ലഭിച്ചത്. തുടർന്ന് കുട്ടി എവിടേക്കാണ് പോയതെന്ന് വ്യകതമല്ല. കഴക്കൂട്ടം മേഖലയിലും നഗരത്തിലെ മറ്റ് പ്രദേശങ്ങളിലും പൊലീസ് വ്യാപക തെരച്ചിൽ നടത്തുകയാണ് ഇപ്പോൾ. 

കടകളുടെ പരിസരങ്ങളിലും ബസ് സ്റ്റാൻഡുകളിലുമൊക്കെ പരിശോധന നടത്തുന്നു. ഇതര സംസ്ഥാന തൊഴിലാളികളുടെ ക്യാമ്പുകളിലും പൊലീസ് എത്തി അന്വേഷണം നടത്തുന്നു. കേരളത്തിൽ എത്തിയിട്ട് ദിവസങ്ങൾ മാത്രമേ ആയിട്ടുള്ളൂ എന്നതിനാൽ കുട്ടിക്ക് എവിടെയെങ്കിലും പോകാൻ ടിക്കറ്റ് എടുക്കാനോ ഭാഷ അറിയാത്തതിനാൽ ആരുടെയെങ്കിലും സഹായം തേടാനോ പ്രയാസമായിരിക്കുമെന്നാണ് അനുമാനം. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം

click me!