IFS പരീക്ഷയിൽ റാങ്ക്; മത്സ്യത്തൊഴിലാളി മേഖലയിൽ നിന്ന് UPSC കടന്ന് ആനന്ദ് ജസ്റ്റിൻ

By Web Team  |  First Published Jul 4, 2023, 6:43 PM IST

തിരുവനന്തപുരം ഫോർച്യൂൺ ഐ.എ.എസ് അക്കാദമിയിലെ സീനിയർ ഫാക്കൽറ്റിയാണ് ആനന്ദ് ജസ്റ്റിൻ


തിരുവനന്തപുരത്തെ മത്സ്യത്തൊഴിലാളി സമൂഹത്തിൽ നിന്ന് ആദ്യ ഐ.എഫ്‍.എസ് (ഇന്ത്യൻ ഫോറസ്റ്റ് സർവ്വീസ്) ഉദ്യോ​ഗസ്ഥനാകാൻ ഒരുങ്ങുകയാണ് ആനന്ദ് ജസ്റ്റിൻ. ഐ.എ.എസ്, ഐ.പി.എസ് പരീക്ഷകൾക്ക് സമാനമായി യു.പി.എസ്.സി നടത്തുന്ന പരീക്ഷയാണ് ഐ.എഫ്‍.എസ്. ഇത്തവണത്തെ പരീക്ഷയിൽ 117-ാം റാങ്കാണ് ആനന്ദ് നേടിയത്.

തിരുവനന്തപുരം ഫോർച്യൂൺ ഐ.എ.എസ് അക്കാദമിയിലെ സീനിയർ ഫാക്കൽറ്റിയാണ് ആനന്ദ് ജസ്റ്റിൻ. ഇതിന് മുൻപ് എട്ട് തവണ യു.പി.എസ്.സി പരീക്ഷ ആനന്ദ് എഴുതിയിട്ടുണ്ട്. ഏഴ് തവണ പ്രിലിമിനറി പരീക്ഷ എഴുതിയ ആനന്ദ്, മൂന്നു തവണ അവസാനഘട്ട അഭിമുഖ പരീക്ഷയും നേരിട്ടു. ആദ്യ തവണ തന്നെ ഫോറസ്റ്റ് സർവ്വീസ് പരീക്ഷയിൽ പങ്കെടുത്ത് വിജയം നേടി എന്ന പ്രത്യേകതയും ഉണ്ട്.

Latest Videos

സമ്മർദ്ദം നൽകിയ അഭിമുഖമായിരുന്നു ഇത്തവണത്തെത് എന്ന് ആനന്ദ് ജസ്റ്റിൻ പറയുന്നു. അര മണിക്കൂർ നീണ്ട പരീക്ഷയിൽ ഏഴോ എട്ടോ ചോദ്യങ്ങൾക്ക് 'ഉത്തരമറിയില്ല' എന്ന് തന്നെ പറഞ്ഞു. പരീക്ഷ കഴിഞ്ഞപ്പോൾ ആശങ്കയുണ്ടായിരുന്നു, 'സന്തോഷത്തേക്കാൾ ഒരു ആശ്വാസമാണ്' തോന്നുന്നതെന്നും ആനന്ദ് പറയുന്നു.

സിവിൽ സർവ്വീസ് അക്കാദമിയിൽ ആദ്യം പഠനം തുടങ്ങിയ ആനന്ദ്, പിന്നീട് സ്വയം പഠിച്ചാണ് പരീക്ഷകൾക്ക് തയാറെടുത്തിരുന്നത്. അതിന് ശേഷം ഫോർച്യൂൺ അക്കാദമിയിൽ യു.പി.എസ്.സി അധ്യാപകനായി ചേർന്നു. ഇത് പരീക്ഷയ്ക്ക് ഒരുങ്ങാൻ സഹായിച്ചെന്നാണ് ആനന്ദ് പറയുന്നത്. ഇതുവരെയുള്ള തന്റെ പഠനത്തിൽ ഫോർച്യൂൺ അക്കാദമി വലിയ പങ്കുവഹിച്ചിട്ടുണ്ട്. സാമ്പത്തികമായും ഇമോഷണലായും പരീക്ഷയ്ക്ക് ഒരുങ്ങുന്നതിന് ഫോ‍ർച്യൂൺ അക്കാമദി സഹായിച്ചു - ആനന്ദ് ജസ്റ്റിൻ പറഞ്ഞു.

തിരുവനന്തപുരം പട്ടം സെന്റ് മേരീസ് സ്കൂളിലായിരുന്നു ആനന്ദിന്റെ സ്കൂൾ വിദ്യാഭ്യാസം. കേരള സർവ്വകലാശാലയിൽ നിന്ന് ജിയോളജിയിൽ ബിരുദം പൂർത്തിയാക്കി. ആനന്ദിന്റെ നേട്ടത്തിൽ അഭിമാനമുണ്ടെന്ന് തിരുവനന്തപുരം എം.പി ശശി തരൂർ ട്വീറ്റ് ചെയ്തു.
 

click me!