പാലക്കാട് ജയിക്കുമെന്ന് മുന്നണികൾ; 10000 ലീഡ് നേടുമെന്ന് യുഡിഎഫ്, 8000 ഭൂരിപക്ഷമെന്ന് ബിജെപി; ഇടതിനും പ്രതീക്ഷ

നഗരസഭയിൽ മാത്രം 5000 വോട്ടിന്റെ ലീഡെന്നാണ് ബിജെപി അവകാശവാദം. നഗരസഭയിൽ എൻഡിഎയ്ക്ക് ഒപ്പത്തിനൊപ്പം, പിരായിരിയിൽ വലിയ മേൽക്കൈ, മാത്തൂരിൽ എൽഡിഎഫിനെ മറികടക്കുമെന്ന് യുഡിഎഫും

All 3 political fronts in Palakkad expects to win Byelection 2024

പാലക്കാട്: രാഷ്ട്രീയ വിവാദങ്ങളുടെ മാലപ്പടക്കം തീർത്ത് പാലക്കാട് ഉപതെരഞ്ഞെടുപ്പിന്റെ പോളിങ് പൂർത്തിയായപ്പോൾ, പാലക്കാട് മണ്ഡലത്തിൽ മൂന്ന് മുന്നണികളും വിജയിക്കുമെന്ന ആത്മവിശ്വാസം പ്രകടിപ്പിക്കുകയാണ്. നഗരത്തിലെ പോളിംഗ് വർദ്ധനയിൽ പ്രതീക്ഷ വയ്കുന്ന എൻഡിഎ, 8000ത്തിലേറെ വോട്ടിന് ജയിക്കും എന്നതിന്റെ കണക്ക് നിരത്തുകയാണ്. നഗരസഭയിൽ ഒപ്പത്തിനൊപ്പവും പിരായിരിയിൽ ശക്തമായ മേൽകൈയും ഉറപ്പെന്ന് വാദിക്കുന്ന യുഡിഎഫ് മാത്തൂരിൽ കൂടി മുന്നേറ്റമുണ്ടാക്കി ജയിച്ചുവരുമെന്നാണ് വിശദീകരിക്കുന്നത്. അഞ്ചക്ക ഭൂരിപക്ഷം എന്ന അവകാശവാദം ഇപ്പോഴും ആവർത്തിക്കുന്നുണ്ട് നേതാക്കൾ. ത്രികോണ മത്സരത്തിൽ രാഹുൽ മാങ്കൂട്ടത്തിൽ പിന്നിലായെന്നും പി സരിന്റെ സാധ്യതയാണ് തെളിഞ്ഞു വരുന്നതെന്നെന്നും സമർത്ഥിക്കുകയാണ് എൽഡിഎഫ്.

പാലക്കാട്ട് 70.51 എന്ന പോളിംഗ് ശതമാനത്തിൽ മൂന്ന് മുന്നണികളും സന്തുഷ്ടരല്ല. ഉപതെരഞ്ഞെടുപ്പായിട്ടും എഴുപതിൽ താഴെ പോയില്ലല്ലോ എന്ന് ആശ്വസിക്കുകയും ചെയ്യുന്നുണ്ട് നേതാക്കൾ. കഴിഞ്ഞ തവണ പാലക്കാട് നഗരത്തിലുണ്ടായിരുന്ന 6237 വോട്ടായി ഭൂരിപക്ഷം കുറഞ്ഞത് ഇ ശ്രീധരൻ സ്ഥാനാർത്ഥിയായത് കൊണ്ടെന്ന് യുഡിഎഫ് പറയുന്നു. ലോക്സഭയിൽ കൃഷ്ണകുമാർ മത്സരിച്ച സമയത്ത് അത് വെറും 497 വോട്ടിന്റെ ലീഡ് ആയി ചുരുങ്ങിയതും ഓർമിപ്പിക്കുന്നു.  മാസങ്ങൾക്ക് മുമ്പേ നടന്ന ലോക്സഭ തെരഞ്ഞെടുപ്പിൽ പാലക്കാട് നിയമസഭ മണ്ഡലത്തിൽ കിട്ടിയ 9707 വോട്ടിന്റെ ഭൂരിപക്ഷം ചൂണ്ടിക്കാട്ടി അന്നും 70 ശതമാനമായിരുന്നില്ലേ പോളിംഗ് എന്ന വാദവും യുഡിഎഫ് ഉന്നയിക്കുന്നു. പത്ര പരസ്യം, പെട്ടിവിവാദം ഒക്കെ എൽഡിഎഫിനെ തിരിച്ചടിച്ചെന്നും ന്യൂനപക്ഷത്തിന്റെ വോട്ട് പൂർണമായും സമാഹരിക്കാനായി എന്നും യുഡിഎഫിന് ആത്മവിശ്വാസമുണ്ട്. ചുരുക്കിപറഞ്ഞാൽ നഗരസഭയിൽ എൻഡിഎയ്ക്ക് ഒപ്പത്തിനൊപ്പം, പിരായിരിയിൽ വലിയ മേൽക്കൈ, മാത്തൂരിൽ എൽഡിഎഫിനെ മറികടക്കും അങ്ങനെ ഭൂരിപക്ഷം പതിനായിരം കടത്തും എന്നാണ് യുഡിഎഫ് നേതാക്കൾ അവകാശപ്പെടുന്നത്.

Tap to resize

Latest Videos

നഗരസഭയിലെ പോളിംഗ് വർധനയിൽ പ്രതീക്ഷ വയ്ക്കുകയാണ് എൻഡിഎ. ബിജെപി ശക്തികേന്ദ്രമായ മൂത്താൻതറ കോഴിപ്പറമ്പ് വടക്കന്തറ, കറുകോടി എന്നിവിടങ്ങളിൽ നല്ലപോളിംഗ് നടന്നതോടെ നഗരസഭയിൽ മാത്രം 5000 വോട്ടിന്റെ ലീഡെന്നാണ് ബിജെപി അവകാശവാദം. യുഡിഎഫ് വോട്ടിൽ അടിയൊഴുക്കുണ്ടായി. സിപിഎം വോട്ടുയർത്തുകയും യുഡിഎഫ് 45000ത്തിൽ താഴെ വരികയും ചെയ്യുന്നതോടെ ബിജെപി 55000 വോട്ട് നേടുമെന്നാണ് സ്ഥാനാർത്ഥിയുടെ കണക്കുകൂട്ടൽ.

നിലവിൽ കണ്ണാടി പഞ്ചായത്തിൽ മാത്രം വ്യക്തമായ മേൽകൈ ഉള്ള സിപിഎം പ്രതീക്ഷിക്കുന്നത് ഡോ പി സരിൻ എന്ന സ്ഥാനാർത്ഥിയിലും ഒപ്പം തെരഞ്ഞെടുപ്പിനിടെ മെനഞ്ഞ തന്ത്രങ്ങളിലുമാണ്. സന്ദീപ് വാര്യരെ ഏറ്റെടുത്ത കോൺഗ്രസിനെ തുറന്ന് കാണിക്കാനായതോടെ ന്യൂനപക്ഷം ഒപ്പം നിൽക്കുമെന്നും ഷാഫി വ്യക്തി പ്രഭാവം കൊണ്ട് നേടിയിരുന്ന ഇടത് മതേതര വോട്ടുകൾ ഇക്കുറി എൽഡിഎഫിന്റെ പെട്ടിയിൽ തന്നെ വീഴുമെന്നും എൽഡിഎഫ് കണക്ക് കൂട്ടുന്നു. ബിജെപിയിലെയും കോൺഗ്രസിലെയും അസ്വസ്ഥരുടെ വോട്ടുകൾ കൂടി തനിക്ക് കിട്ടിയെന്ന് വാദിക്കുന്ന സരിൻ ഇക്കുറി അട്ടിമറി ഉറപ്പെന്ന് വാദിക്കുന്നു.

vuukle one pixel image
click me!
vuukle one pixel image vuukle one pixel image