ബിനോയ് വിശ്വത്തെ ചരിത്രം പഠിപ്പിക്കാൻ എസ്എഫ്ഐ വളര്‍ന്നിട്ടില്ല: സിപിഎം നേതാക്കൾക്കെതിരെയടക്കം എഐഎസ്എഫ്

By Web TeamFirst Published Jul 5, 2024, 7:24 PM IST
Highlights

ബിനോയ്‌ വിശ്വത്തിന്റെ വിമർശനങ്ങളോടുള്ള എസ്എഫ്ഐയുടെയും ചില സിപിഎം നേതാക്കളുടെയും പ്രതികരണം രാഷ്ട്രീയ പാപ്പരത്തത്തെമെന്ന് എഐഎസ്എഫ്

തിരുവനന്തപുരം: ബിനോയ്‌ വിശ്വത്തെ ചരിത്രം പഠിപ്പിക്കാൻ എസ് എഫ് ഐ വളർന്നിട്ടില്ലെന്ന് എഐഎസ്എഫ്. ബിനോയ്‌ വിശ്വത്തിന്റെ ക്രിയാത്മക വിമർശനങ്ങളോടുള്ള എസ്എഫ്ഐയുടെയും ചില സിപിഎം നേതാക്കളുടെയും പ്രതികരണം അവരുടെ രാഷ്ട്രീയ പാപ്പരത്തത്തെയാണ് വെളിപ്പെടുത്തുന്നത്. വിമർശനങ്ങളെ സഹിഷ്ണുതയോടെ കണ്ട്, തെറ്റ് തിരുത്തി കലാലയങ്ങളെ അക്രമവിമുക്തമാക്കാനും ജനാധിപത്യവൽക്കരിക്കാനുമുള്ള പക്വത കാണിക്കണം. അതിന് പകരം പാർട്ടി സംസ്ഥാന സെക്രട്ടറിയെയും എഐഎസ്എഫിനെയും താറടിച്ച് സ്വയം അപഹാസ്യരാവുകയാണ് എസ്എഫ്ഐയെന്നും എഐഎസ്എഫ് നേതാക്കൾ പ്രസ്താവനയിൽ വിമര്‍ശിച്ചു.

എസ്എഫ്ഐയുടെ പ്രവര്‍ത്തന ശൈലിയെ ചൊല്ലി സിപിഎം സിപിഐ വാക് പോര് നടക്കുന്നതിനിടെയാണ് എഐഎസ്എഫും രംഗത്ത് വരുന്നത്. ഇങ്ങനെ പോയാൽ എസ്എഫ്ഐ  ഇടതുപക്ഷത്തിന് ബാധ്യതയാകുമെന്നും വിമര്‍ശനത്തിൽ ഉറച്ചു നിൽക്കുകയാണെന്നും സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം പറഞ്ഞു. ചെറിയ വീഴ്ചകൾ ഉണ്ടെങ്കിൽ സംഘടന പരിഹരിക്കുമെന്നും ബിനോയ് വിശ്വത്തിന്  പദാനുപദ മറുപടിക്കില്ലെന്നും എംവി ഗോവിന്ദൻ തിരിച്ചടിച്ചു.

Read more: ഒരു ക്യാംപസിലും ഇടിമുറിയില്ല, പരിശോധിക്കാം: സ്വാഗതം ചെയ്ത് എസ്എഫ്ഐ

കാര്യവട്ടം ക്യാമ്പസിലെ അതിക്രമങ്ങളിലക്കം എസ്എഫ്ഐ ഇടപെടലുകൾ പൊതു സമൂഹത്തിൽ സജീവ ചര്‍ച്ചയാകുന്നതിനിടെയാണ് പ്രവര്‍ത്തന ശൈലിയെ ചൊല്ലി ഇടുമുന്നണിയിൽ പൊട്ടിത്തെറി. മുഖ്യമന്ത്രി നിയമസഭയിൽ നൽകിയ പിന്തുണക്ക് പിന്നാലെ എസ്എഫ്ഐയെ രൂക്ഷമായാണ് ഇന്നലെ ബിനോയ് വിശ്വം വിമർശിച്ചത്. എസ്എഫ്ഐയുടേത്  പ്രാകൃത സംസ്കാരമാണെന്നും തിരുത്തിയില്ലെങ്കിൽ ഇടതുപക്ഷത്തിന് വലിയ ബാധ്യതയാകുമെന്നുള്ള വിമർശനത്തിനെതിരെ  സംഘടനാ ചുമതലയുള്ള എകെ ബാലൻ രംഗത്ത് വന്നു. ആര്‍ക്കും കൊട്ടാൻ പാകത്തിൽ വഴിയിൽ കെട്ടിയ ചെണ്ടയല്ല എസ്എഫ്ഐ എന്ന് പറഞ്ഞ ബാലന് പിന്നാലെ, സിപിഎം സംസ്ഥാന സെക്രട്ടറിയും ബിനോയ് വിശ്വത്തെ തള്ളി.

എന്നാൽ പറഞ്ഞതിൽ ഉറച്ച് നിൽക്കുകയാണെന്ന് പ്രതികരണത്തിൽ വ്യക്തമാക്കി ബിനോയ് വിശ്വം രംഗത്ത് വന്നു. വലതുപക്ഷ അജണ്ടകൾക്ക് തലവയ്ക്കുന്ന തരത്തിൽ ഉത്തവാദിത്തപ്പെട്ടവര്‍ പെരുമാറരുതെന്നാണ് ബിനോയ് വിശ്വത്തിന് എസ്എഫ്ഐ സംസ്ഥാന നേതൃത്വത്തിന്‍റെ നടപടി. തെരഞ്ഞെടുപ്പ് അവലോകനത്തിന് ചേര്‍ന്ന പാര്‍ട്ടി യോഗങ്ങളിൽ അടക്കം വിദ്യാര്‍ത്ഥി യുവജന പ്രസ്ഥാനങ്ങളുടെ പ്രവര്‍ത്തനം വിമര്‍ശന വിധേയമാകുന്നതിനിടെയാണ് സിപിഎം-സിപിഐ തർക്കവും ഉടലെടുക്കുന്നത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്

click me!