കുറഞ്ഞ നിരക്കില്‍ പ്ലാനുകൾ, മൊബൈൽ ഫോൺ റീച്ചാ‍ർജ് ചെയ്യാമെന്ന് പരസ്യം; വൻ തട്ടിപ്പിനെ കുറിച്ച് മുന്നറിയിപ്പ്

By Web Team  |  First Published Nov 8, 2024, 7:53 AM IST

ലിങ്കില്‍ ക്ലിക്ക് ചെയ്യുന്നതോടെ ഫോണ്‍ പേ, ഗൂഗിള്‍ പേ, പേടിഎം മുതലായ ആപ്പുകളിലേക്കാണ് പ്രവേശിക്കുക. തുടര്‍ന്ന് റീചാര്‍ജിംഗിനായി യുപിഐ പിന്‍ നല്‍കുന്നതോടെ പരാതിക്കാരന് തന്‍റെ അക്കൗണ്ടില്‍ നിന്ന്  പണം നഷ്ടമാകുന്നതാണ് രീതി


തിരുവനന്തപുരം: മൊബൈല്‍ ഫോണ്‍ റീചാര്‍ജിംഗ് കുറഞ്ഞ നിരക്കില്‍ ലഭിക്കുന്നു എന്ന വ്യാജപ്രചരണം സാമൂഹ്യ മാധ്യമങ്ങളിലൂടെ നടക്കുന്നതായി ശ്രദ്ധയില്‍ പെട്ടിട്ടുണ്ടെന്ന് പൊലീസ് മുന്നറിയിപ്പ്. ഇതോടൊപ്പം ഒരു വ്യാജ ലിങ്കും ലഭിക്കും. ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുന്നതോടെ ഫോണ്‍ പേ, ഗൂഗിള്‍ പേ, പേടിഎം മുതലായ ആപ്പുകളിലേക്കാണ് പ്രവേശിക്കുക. തുടര്‍ന്ന് റീചാര്‍ജിംഗിനായി യുപിഐ പിന്‍ നല്‍കുന്നതോടെ പരാതിക്കാരന് തന്‍റെ അക്കൗണ്ടില്‍ നിന്ന്  പണം നഷ്ടമാകുന്നതാണ് രീതി. ഇത്തരത്തില്‍ ലഭിക്കുന്ന വ്യാജ റീചാര്‍ജ് സന്ദേശങ്ങള്‍ തീര്‍ച്ചയായും അവഗണിക്കണമെന്ന് പൊലീസ് മുന്നറിയിപ്പില്‍ പറയുന്നു. 

സാമ്പത്തികലാഭം വാഗ്‌ദാനം ചെയ്‌ത് നിക്ഷേപകരെ ക്ഷണിക്കുന്ന തട്ടിപ്പുകളിൽ കൂടുതലും നടക്കുന്നത് സാമൂഹ്യ മാധ്യമങ്ങളിലൂടെയാണ്. പരസ്യങ്ങളിലൂടെ വലയിലാക്കുന്നവരെ  വളരെ പെട്ടെന്ന് വൻ തുക കരസ്ഥമാക്കാമെന്ന് പറഞ്ഞു വിശ്വസിപ്പിക്കുകയാണ് ചെയ്യുന്നത്. ഇതിൽ താൽപര്യം പ്രകടിപ്പിക്കുന്നവരെ ടെലിഗ്രാം/ വാട്ട്സാപ്പ് ഗ്രൂപ്പിൽ ചേരാൻ തട്ടിപ്പുകാർ പ്രേരിപ്പിക്കുന്നു. തങ്ങൾക്ക് ലഭിച്ച വൻ തുകയുടെയും മറ്റും കണക്കുകൾ ആകും ഈ ഗ്രൂപ്പിലെ മറ്റ് അംഗങ്ങൾക്ക് പറയാനുണ്ടാവുക. 

Latest Videos

അവർക്ക് പണം ലഭിച്ചു എന്നു തെളിയിക്കാൻ സ്ക്രീൻഷോട്ടുകളും പങ്കുവെയ്ക്കും. എന്നാൽ, ആ ഗ്രൂപ്പിൽ നിങ്ങൾ ഒഴികെ ബാക്കി എല്ലാവരും തട്ടിപ്പുകാരുടെ ആൾക്കാരാണെന്ന കാര്യം നമ്മൾ ഒരിക്കലും അറിയില്ല എന്നതാണ് സത്യം. തുടർന്ന് ഒരു വ്യാജ വെബ്‌സൈറ്റ് കാണിച്ച് അതിലൂടെ നിക്ഷേപം നടത്താൻ ആവശ്യപ്പെടുന്നു. മിക്ക തട്ടിപ്പുകളും ഏതാണ്ട് സമാനമായ രീതിയിലാണ്. തുടക്കത്തിൽ ചെറിയ തുക നിക്ഷേപിക്കുന്നവർക്കുപോലും തട്ടിപ്പുകാർ അമിത ലാഭം നൽകും.

ഇതോടെ തട്ടിപ്പുകാരിൽ ഇരകൾക്ക് കൂടുതൽ വിശ്വാസമാകും. നിക്ഷേപിച്ചതിനേക്കാൾ രണ്ടോ മൂന്നോ ഇരട്ടി ലാഭം നേടിയതായി പിന്നീട് സ്ക്രീൻഷോട്ട് നൽകും. എന്നാൽ ഇത് സ്ക്രീൻഷോട്ട് മാത്രമാണെന്നും പിൻവലിക്കാൻ ആകില്ലെന്നും നിക്ഷേപകർക്ക് വൈകിയാണ് മനസിലാകുന്നത്.  ഇത്തരം തട്ടിപ്പിന് ഇരയായാല്‍ പരമാവധി ഒരുമണിക്കൂറിനകം തന്നെ വിവരം 1930 എന്ന നമ്പറിലോ www.cybercrime.gov.in  എന്ന വെബ് സൈറ്റ് മുഖേനയോ സൈബര്‍ പൊലീസിനെ അറിയിക്കണം.

രോഗികൾ പേയ്മെന്‍റ് നടത്തും, പക്ഷേ ആശുപത്രി അക്കൗണ്ടിൽ അതൊന്നും എത്തുന്നില്ല; യുവതി അടിച്ച് മാറ്റിയത് 52 ലക്ഷം

ഇടിമിന്നൽ പോലെ ദാ വീട്ടിൽ കറണ്ട് എത്തി! ഒരു മാസം, 1002 കണക്ഷനുകൾ അപേക്ഷിച്ച ദിവസം തന്നെ; ചരിത്രമെഴുതി കെഎസ്ഇബി

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

 

click me!