സംസ്ഥാനത്തെ ഭരണ രംഗത്ത് ഇനി മുതൽ 'ടിയാരി' വേണ്ട; സർക്കുലർ ഇറക്കി ഉദ്യോഗസ്ഥ ഭരണ പരിഷ്കാര വകുപ്പ്

By Web Team  |  First Published Nov 16, 2024, 11:46 AM IST

സർക്കാർ രേഖകളിലും ഭരണ രംഗത്തുമൊക്കെ പ്രസ്തുത വ്യക്തി എന്ന അർത്ഥത്തിലാണ് 'ടിയാൻ' എന്ന വാക്ക് ഉപയോഗിക്കുന്നത്.


തിരുവനന്തപുരം: സംസ്ഥാനത്തെ ഭരണ രംഗത്ത് 'ടിയാൻ' എന്ന പദത്തിന്റെ സ്ത്രീലിംഗമായി 'ടിയാരി' എന്ന് ഉപയോഗിക്കേണ്ടെന്ന് ഉദ്യാഗസ്ഥ ഭരണ പരിഷ്കാര വകുപ്പിന്റെ (ഔദ്യോഗിക ഭാഷാ വകുപ്പ്) നിർദേശം. ടിയാരി എന്ന പദപ്രയോഗത്തെ സംബന്ധിച്ച് വകുപ്പ് ജോയിന്റ് സെക്രട്ടറി സർക്കുലറും ഇറക്കിയിട്ടുണ്ട്. ഭാഷാ മാർഗ നിർദേശക സമിതിയുടെ നിർദേശത്തിന്റെ അടിസ്ഥാനത്തിലാണ് തീരുമാനമെടുത്തത്. 

സർക്കാർ രേഖകളിലും ഭരണ രംഗത്തുമൊക്കെ പ്രസ്തുത വ്യക്തി എന്ന അർത്ഥത്തിലാണ് 'ടിയാൻ' എന്ന വാക്ക് ഉപയോഗിക്കുന്നത്. ടിയാൻ എന്നതിന്റെ സ്ത്രീലിംഗമായി ടിയാരി എന്ന് ഉപയോഗിക്കുന്നത് അനുചിതമാണെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് പുതിയ നിർദേശം. ഭരണരംഗത്ത് ടിയാൻ എന്ന പദത്തിന്റെ സ്ത്രീലിംഗമായി 'ടിയാരി’ എന്ന് വ്യാപകമായി ഉപയോഗിച്ചു വരുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും സർക്കുലർ പറയുന്നു.

Latest Videos

undefined

മേൽപ്പടിയാൻ അല്ലെങ്കിൽ പ്രസ്തുത ആൾ എന്ന രീതിയിൽ ഉപയോഗിക്കുന്ന 'ടിയാൻ’ എന്നതിന്റെ സ്ത്രീലിംഗമായി 'ടിയാൾ' എന്നതിനു പകരം 'ടിയാരി' എന്ന് ഉപയോഗിക്കുന്നത് അനുചിതമാണ്. 'ടിയാരി' എന്ന പദത്തിന്റെ ഉപയോഗ സാധുതയെ കുറിച്ച് ഭാഷാമാർഗ നിർദേശക വിദഗ്ദസമിതി പരിശോധിക്കുകയും ടിയാരി എന്ന പദം ഉപയോഗിക്കേണ്ടതില്ലെന്ന് നിർദേശിക്കുകയും ചെയ്തു. ഈ സാഹചര്യത്തിൽ ഭരണരംഗത്ത് ടിയാരി എന്ന പദം ഉപയോഗിക്കേണ്ടതില്ലെന്ന് നിർദേശിക്കുന്നു എന്നാണ് സർക്കുലറിൽ നിർദേശിക്കുന്നത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം

click me!