എഡിഎം നവീൻ ബാബുവിന്റെ മരണം; പി പി ദിവ്യയെ ഇന്ന് പൊലീസ് ചോദ്യം ചെയ്തേക്കും, പ്രശാന്തന്റെ മൊഴിയും രേഖപ്പെടുത്തും

By Web TeamFirst Published Oct 18, 2024, 5:54 AM IST
Highlights

ആത്മഹത്യാ പ്രേരണ കുറ്റം ചുമത്തി പ്രതിയാക്കിയതിന് പിന്നാലെ ദിവ്യയെ ജില്ലാ പഞ്ചായത്ത്‌ അധ്യക്ഷ സ്ഥാനത്ത് നിന്ന് സിപിഎം ഒഴിവാക്കിയിരുന്നു.

കണ്ണൂര്‍: എഡിഎം നവീൻ ബാബുവിന്റെ മരണത്തിൽ ആത്മഹത്യാ പ്രേരണ കുറ്റം ചുമത്തി പ്രതിയാക്കിയ കണ്ണൂർ ജില്ലാ പഞ്ചായത്ത്‌ മുൻ പ്രസിഡന്റ്‌ പി പി ദിവ്യയെ പൊലീസ് ഇന്ന് ചോദ്യം ചെയ്തേക്കും. ദിവ്യയെ പ്രതി ചേർത്ത് ഇന്നലെ കോടതിയിൽ കണ്ണൂർ ടൗൺ പൊലീസ് റിപ്പോർട്ട്‌ നൽകിയിരുന്നു. നവീൻ ബാബുവിനെതിരെ കൈക്കൂലി ആരോപണം ഉന്നയിച്ച പ്രശാന്തന്റെ മൊഴിയും രേഖപ്പെടുത്തും. കൂടുതൽ പേരെ പ്രതി ചേർക്കുന്ന കാര്യവും ആലോചനയിലുണ്ട്. ഇന്നലെ രാത്രി ദിവ്യയെ ജില്ലാ പഞ്ചായത്ത്‌ അധ്യക്ഷ സ്ഥാനത്ത് നിന്ന് സിപിഎം ഒഴിവാക്കിയിരുന്നു. അതേസമയം പ്രശാന്തൻ ഉന്നയിച്ച കൈക്കൂലി പരാതിയിലും പമ്പ് അപേക്ഷ നൽകിയത് ഉൾപ്പെടെയുള്ള വിഷയങ്ങളിലും വിജിലൻസിന്റെ കോഴിക്കോട് യൂണിറ്റിന്റെ അന്വേഷണവും ഇന്ന് തുടങ്ങും.

കണ്ണൂരിൽ നിന്ന് പത്തനംതിട്ടയിലേക്കുള്ള സ്ഥലംമാറ്റവുമായി ബന്ധപ്പെട്ട യാത്രയയപ്പ് ചടങ്ങിൽ ക്ഷണിക്കാതെയെത്തിയ പി പി ദിവ്യ നടത്തിയ അധിക്ഷേപകരമായ പ്രസംഗത്തിന് പിന്നാലെ മണിക്കൂറുകൾക്കകമാണ് താമസിച്ച വീട്ടിനുള്ളിൽ നവീൻ ബാബുവിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. കണ്ണൂ‍ർ ചെങ്ങളായിയിലെ പെട്രോൾ പമ്പുമായി ബന്ധപ്പെട്ടായിരുന്നു വിവാദം. പരിയാരം മെഡിക്കൽ കോളേജിലെ കരാർ തൊഴിലാളിയായ പ്രശാന്താണ് പെട്രോൾ പമ്പ് തുടങ്ങാൻ അനുമതിക്കായി എഡിഎമ്മിനെ സമീപിച്ചത്. പെട്രോൾ പമ്പിന് എൻഒസി വേണമെന്നായിരുന്നു ആവശ്യം. എന്നാൽ പമ്പ് സ്ഥാപിക്കാൻ ഉദ്ദേശിച്ച സ്ഥലത്തോട് ചേർന്ന് റോഡിൽ വളവുണ്ടായിരുന്നതിനാൽ അതിന് അനുമതി നൽകുന്നതിന് പ്രയാസമുണ്ടായിരുന്നു. എന്നാൽ സ്ഥലംമാറ്റമായി കണ്ണൂർ വിടുന്നതിന് രണ്ട് ദിവസം മുൻപ് നവീൻ ബാബു പമ്പിന് എൻഒസി നൽകി. ഇത് വൈകിപ്പിച്ചെന്നും പണം വാങ്ങിയാണ് അനുമതി നൽകിയതെന്നുമാണ് പിപി ദിവ്യ യാത്രയയപ്പ് പരിപാടിയിൽ ആരോപിച്ചത്. ഇതിന് പിന്നാലെയാണ് തൊട്ടടുത്ത ദിവസം രാവിലെ എഡിഎമ്മിനെ മരിച്ച നിലയിൽ കണ്ടെത്തിയത്.

Latest Videos

click me!