'അവനെ കൊലയ്ക്ക് കൊടുത്തുള്ള കുമ്പസാരം വേണ്ട, ലീവ് പോലും നൽകില്ല', കളക്ടർക്കെതിരെ നവീൻ ബാബുവിന്റെ ബന്ധു

By Web TeamFirst Published Oct 19, 2024, 9:40 AM IST
Highlights

നവീൻ ബാബുവിന്റെ ആത്മഹത്യയിലേക്ക് എത്തിച്ച ഗൂഡാലോചനയിൽ കണ്ണൂർ കളക്ടർക്കും പങ്കുണ്ട്. ലീവ് അനുവദിക്കുന്നതിൽ പോലും കളക്ടർ ഉപേക്ഷ കാണിച്ചിരുന്നു. യാത്ര അയപ്പ് ചടങ്ങിലെ വിവാദ പ്രസ്താവന വിലക്കാനോ നവീൻ ബാബുവിനെ ആശ്വസിപ്പിക്കാനോ കളക്ടർ തയ്യാറായില്ല

മലയാലപ്പുഴ: കണ്ണൂർ കളക്ടർക്കെതിരെ രൂക്ഷ വിമർശനവുമായി കണ്ണൂരിൽ ആത്മഹത്യ ചെയ്ത എഡിഎം നവീൻ ബാബുവിന്റെ ബന്ധു ബാലകൃഷ്ണൻ. പരാതിയിലെ ഒപ്പുകളിലെ വൈരുധ്യം കൂടി പുറത്ത് വന്നതോടെ എഡിഎമ്മിനെതിരെ വന്നത് വ്യാജ പരാതി തന്നെയാണെന്ന് ബാലകൃഷ്ണൻ പറയുന്നു. ഇതില് വലിയൊരു ഗൂഡാലോചന നടന്നിട്ടുണ്ട്. രണ്ടാഴ്ച മുൻപ് നവീൻ ബാബു നാട്ടിൽ വന്ന സമയത്ത് സംസാരിച്ചത് അനുസരിച്ച്  ജോലി സംബന്ധമായ സമ്മർദ്ദം നവീൻ ബാബു നേരിട്ടതായി മനസിലായിരുന്നു. ഒരു പരുവത്തിൽ ഇങ്ങനെ പോയിക്കൊണ്ടിരിക്കുകയാണ്, വല്യ ബുദ്ധിമുട്ടാണ്, എങ്ങനെയെങ്കിലും ട്രാൻസ്ഫർ വാങ്ങി തിരികെ വരണം എന്ന് നവീൻ ബാബു വിശദമാക്കിയതായാണ് ബാലകൃഷ്ണൻ  പറയുന്നത്. ട്രാൻസ്ഫർ വാങ്ങി വരണമല്ലോയെന്ന് കരുതി ആരോടും മറുത്ത് സംസാരിക്കാതെ ഇരിക്കുകയാണെന്നും നവീൻ ബാബു പറഞ്ഞിരുന്നു. പല കാര്യങ്ങളും നിയമം വിട്ട് ചെയ്യാൻ നവീൻ ബാബുവിനെ ബുദ്ധിമുട്ടിച്ചതായി മനസിലാക്കിയിരുന്നു. എതിർത്ത് പറഞ്ഞാൽ കള്ളക്കേസിൽ കുടുക്കുമെന്ന ഭയവും നവീനിന് ഉണ്ടായിരുന്നുവെന്നും ബന്ധു പറയുന്നു. 

കുറെ നാളുകളായി ഔദ്യോഗിക തലത്തിൽ പ്രശ്നങ്ങൾ നേരിട്ടിരുന്നു. ട്രാൻസ്ഫറിന് തടസം വന്ന സമയത്തായിരുന്നു നവീൻ ബാബു ബന്ധുവിനോട് ഇക്കാര്യം വിശദമാക്കിയിരുന്നു. എന്താണ് സംഭവമെന്ന് ചികഞ്ഞ് ചോദിച്ചിരുന്നില്ലെന്നും ബാലകൃഷ്ണൻ പറയുന്നു. ട്രാൻസ്ഫർ വൈകിക്കുന്നുവെന്ന വിഷമം നവീനിന് ഉണ്ടായിരുന്നു. സമാന സമയത്ത് സ്ഥലം മാറ്റം കിട്ടിയവർക്കെല്ലാം തന്നെ തിരികെ നാട്ടിലേക്ക് ട്രാൻസ്ഫർ ലഭിച്ചിട്ടും നവീനിന് ട്രാൻസ്ഫർ ലഭിച്ചിരുന്നില്ല. ഈ സമയത്താണ് ബാലകൃഷ്ണൻ ജില്ലാ സെക്രട്ടറി  വഴി അന്വേഷിച്ചപ്പോൾ മികച്ച ഉദ്യോഗസ്ഥനാണെന്നും ഉടനേ തിരിച്ച് അയയ്ക്കുന്നില്ലെന്നും അറിയാൻ കഴിഞ്ഞിരുന്നു. അതുപറഞ്ഞാണ് ട്രാൻസ്ഫർ തടഞ്ഞിരുന്നത്. 

Latest Videos

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

യാത്ര അയപ്പിൽ നേരിട്ട അപമാനത്തേക്കുറിച്ച് നവീൻ ബാബു ഭാര്യയോട് സംസാരിച്ചിരുന്നു. കളക്ടർ ലീവ് അനുവദിക്കില്ലായിരുന്നു. അവധി ദിവസങ്ങളിൽ വീട്ടിലെത്താനൊന്നും നവീനിന് സാധിച്ചിരുന്നില്ല. ലീവ് കൊടുക്കാൻ മടിക്കും. അഥവാ ലീവ് നൽകിയാൽ തന്നെ നാട്ടിലെത്തുമ്പോഴേയ്ക്കും തിരികെ എത്താൻ നിർദ്ദേശം നൽകും. എല്ലാ ഉത്തരവാദിത്തങ്ങളും നവീൻ ബാബുവിന് ഏൽപ്പിച്ച് പോകുന്ന ആളായിരുന്നു കളക്ടർ അരുൺ കെ വിജയൻ എന്നും ബാലകൃഷ്ണൻ പറയുന്നു. കളക്ടർ ഇതിൽ ഒരു പ്രധാന കക്ഷിയാണ്. അതിൽ ഒരു സംശയവുമില്ലെന്നും നവീൻ ബാബുവിന്റെ ബന്ധു ബാലകൃഷ്ണൻ ആരോപിക്കുന്നത്. 

നവീൻ ബാബുവിന്റെ  മരണത്തിന് പിന്നിലെ ഗൂഡാലോചനയിൽ കളക്ടർക്ക് പങ്കുണ്ട്. അവനെ കൊലയ്ക്ക് കൊടുത്തിട്ടുള്ള കുമ്പസാരം തങ്ങൾക്ക് വേണ്ടെന്നാണ് ബാലകൃഷ്ണൻ കളക്ടറുടെ അനുശോചന കുറിപ്പിനേക്കുറിച്ച് പറയുന്നത്. പൊലീസിന് ശ്രമിച്ചാൽ ഗൂഡാലോചന നടത്തിയവരെ ചോദ്യം ചെയ്യാൻ സാധിക്കും. ജില്ലയുടെ അധികാരിയായ കളക്ടർ ദിവ്യ സംസാരിച്ചതിനേ തിരുത്താനോ പിന്നീട് നവീൻ ബാബുവിനെ ആശ്വസിപ്പിക്കാനോ ശ്രമിച്ചില്ല. ഇതും നവീനിനെ വിഷമം തോന്നാൻ കാരണമായിട്ടുണ്ട്. നവീൻ ബാബു അത്തരക്കാരനല്ലെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റിനോട് കളക്ടർക്ക് പറയാമായിരുന്നു. ഒരു പക്ഷേ കളക്ടർക്ക് ജില്ലാ പഞ്ചായത്ത് പ്രസിഡന്റിനെ പേടിയായിരിക്കാമെന്നും ബാലകൃഷ്ണൻ പറയുന്നു. ദിവ്യ പോയതിന് ശേഷം ഒരു ആശ്വാസ വാക്കുപോലും പറയാൻ കളക്ടർ തയ്യാറായില്ല. മരണത്തിന് ശേഷം നവീൻ ബാബു കൈക്കൂലിക്കാരനല്ലെന്ന് കളക്ടർ പറഞ്ഞു. എന്നാൽ യാത്രയയപ്പ് ചടങ്ങിലെ സംഭവങ്ങൾക്ക് ശേഷം ഒരു ആശ്വാസ വാക്ക് പറയാൻ കളക്ടർ അരുൺ കെ വിജയൻ തയ്യാറായില്ലെന്നും നവീൻ ബാബുവിന്റെ അമ്മാവൻ ആരോപിക്കുന്നത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

click me!