'അഭിമാനത്തോടും ആദരവോടും ഞാൻ കൂടെയുണ്ട്'; അച്ചു ഉമ്മന് പിന്തുണയുമായി ഭർത്താവിന്‍റെ കുറിപ്പ്

By Web Team  |  First Published Aug 28, 2023, 10:09 PM IST

'കണ്ടന്‍റ് ക്രിയേറ്റർ എന്ന നിലയിലുള്ള എന്റെ ഭാര്യ അച്ചു ഉമ്മന്റെ യാത്രയിൽ ഞാൻ പൂർണ ഹൃദയത്തോടെ ഒപ്പം നിൽക്കുന്നു. ആദ്യം മുതലേ അചഞ്ചലമായ അഭിമാനത്തോടും ആദരവോടും കൂടെ ഞാൻ അവർക്കു പരിപൂർണ പിന്തുണ നൽകുന്നുണ്ട്'.


കോട്ടയം: പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ മകൾ അച്ചു ഉമ്മനെതിരെ സമൂഹ മാധ്യമങ്ങളിൽ വലിയ ആക്രമണം നടക്കുകയാണ്.  തനിക്കെതിരെ നടക്കുന്ന സൈബർ ആക്രമണത്തിൽ നിയമനടപടിയുമായി മുന്നോട്ട് പോകുകയാണ് അച്ചു ഉമ്മൻ‌. അധിക്ഷേപ പോസ്റ്റുകള്‍ക്കെതിരെ പൊലീസിനും സൈബർ സെല്ലിനും വനിതാ കമ്മീഷനും അച്ചു ഉമ്മൻ പരാതി നൽകി. അച്ചു ഉമ്മന് നേരെ നടക്കുന്ന സൈബർ ആക്രമണത്തിനെതിരെ പ്രതികരിച്ച് അവരുടെ ഭർത്താവ് ലീജോ ഫിലിപ്പും രംഗത്തെത്തിയിരിക്കുകയാണ്. സൈബർ ആഖ്രമണത്തിനെതിരെ അച്ചുവിന് പൂർണ്ണ പിന്തുണ നൽകി കൂടെയുണ്ടാകുമെന്ന് ലീജോ ഫേസ്ബുക്കിഷ കുറിച്ചു.

'കണ്ടന്‍റ് ക്രിയേറ്റർ എന്ന നിലയിലുള്ള എന്റെ ഭാര്യ അച്ചു ഉമ്മന്റെ യാത്രയിൽ ഞാൻ പൂർണ ഹൃദയത്തോടെ ഒപ്പം നിൽക്കുന്നു. ആദ്യം മുതലേ അചഞ്ചലമായ അഭിമാനത്തോടും ആദരവോടും കൂടെ ഞാൻ അവർക്കു പരിപൂർണ പിന്തുണ നൽകുന്നുണ്ട്.  അർപ്പണബോധത്തിന്റെയും സർഗാത്മകതയുടെയും തെളിവാണ് അച്ചുവിന്‍റെ നേട്ടങ്ങളെല്ലാം. അവൾ നേരിടുന്ന എല്ലാ ആരോപണങ്ങളും നീതിരഹിതവും അസത്യവുമാണ്. ആത്മാർഥമായ പരിശ്രമത്തിന്റെയും ധാർമ്മിക നിലപാടിന്റെയും ഫലമാണ് അച്ചുവിന്റെ വിജയം. കണ്ടന്റ് ക്രിയേറ്റർ എന്ന നിലയിലുള്ള സ്വപ്നങ്ങളിലേക്കുള്ള യാത്രയിൽ ഞാനും എന്റെ കുട്ടികളും ഏറ്റവും അഭിമാനത്തോടെ അവൾക്കൊപ്പമുണ്ടായിരുന്നു. അത് ഇനിയും തുടരും'- ലീജോ ഫിലിപ് ഫേസ്ബുക്കിൽ കുറിച്ചു. 

Latest Videos

undefined

ബിസിനസ് പാരമ്പര്യമുള്ള കുടുംബത്തിലെ കണ്ണിയെന്ന നിലയിൽ, ആ പൈതൃകം ഉയർത്തിപ്പിടിച്ച് കുടുംബത്തിന് പരിപൂർണ പിന്തുണ നൽകിയിട്ടുണ്ടെന്നും ലീജോ വ്യക്തമാക്കി.  രണ്ടുതവണ മുഖ്യമന്ത്രിയായിരുന്ന വ്യക്തിയാണ് തന്റെ പിതാവെന്നും അധികാരം ദുർവിനിയോഗം നടത്തി ഒരു രൂപ പോലും സമ്പാദിച്ചതായി തനിക്കെതിരെ ഒരു ആരോപണവും ഇതുവരെ ഉയർന്നിട്ടില്ലെന്നായിരുന്നു സൈബർ ആക്രമണങ്ങളോട് അച്ചു ഉമ്മന്‍റെ പ്രതികരണം.  ജീവിച്ചിരിക്കുമ്പോൾ അച്ഛനെ വേട്ടയാടി, ഇപ്പോൾ മക്കളെ വേട്ടയാടുന്നു എന്ന് അച്ചു ഉമ്മൻ മുമ്പ് പ്രതികരിച്ചിരുന്നു.  മുഖമില്ലാത്തവർക്കെതിരെ നിയമനടപടിക്കില്ല. ധൈര്യമുണ്ടെങ്കിൽ നേർക്കുനേർ ആരോപണം ഉന്നയിക്കട്ടെ. സൈബർ ആക്രമണം അഴിമതിയിൽ നിന്ന് ശ്രദ്ധ തിരിച്ചുവിടാനാണെന്നും അച്ചു ഉമ്മൻ പറഞ്ഞു. 

അച്ചുവിനെതിരെ സമൂഹമാധ്യമങ്ങളിലൂടെ നടക്കുന്ന സൈബർ ആക്രമണം ശുദ്ധ മര്യാദകേടെന്ന് പുതുപ്പള്ളിയിലെ ഇടത് സ്ഥാനാർത്ഥി ജെയ്ക്ക് സി തോമസും പ്രതികരിച്ചിരുന്നു. മുൻ മുഖ്യമന്ത്രിയുടെ മകൾക്കെതിരെ ആയാലും മുഖ്യമന്ത്രിയുടെ മകൾക്കെതിരെ ആയാലും വ്യക്തി അധിക്ഷേപം അംഗീകരിക്കാൻ കഴിയില്ല. അന്തസുള്ളവർ വ്യക്തി അധിക്ഷേപത്തെ പിന്തുണക്കില്ലെന്നും ജെയ്ക്ക് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
 

Read More :  ഓണക്കാല പരിശോധന; 4 ദിവസം 711 വാഹനങ്ങൾ, പാലിലും പാലുൽപന്നങ്ങളിലും രാസപദാർത്ഥ സാന്നിധ്യമില്ല

click me!