ജാമ്യത്തിലിറങ്ങി മുങ്ങിയിട്ട് 21 വർഷം,‌ 28 കേസുകളിലെ പ്രതി ഒടുവി‌ൽ മലപ്പുറത്ത് പിടിയിൽ, നിർണായകമായത് ഫോൺ കോൾ 

By Web TeamFirst Published Oct 23, 2024, 6:30 PM IST
Highlights

പഴയ കേസുകൾ പൊടിതട്ടിയെടുത്ത പൊലീസ് വഞ്ചനാ കേസിലെ പ്രതിയായ ഫസലുദീനെ കണ്ടെത്താനായി കഴിഞ്ഞ ഒരു വർഷമായി അന്വേഷണത്തിലായിരുന്നു.

മലപ്പുറം: നീണ്ട 21 വർഷമായി ഒളിവിലായിരുന്ന വഞ്ചനാ കേസിലെ പ്രതിയെ പിടികൂടി പത്തനംതിട്ട പൊലീസ്. ചെക്ക്, വിസ തട്ടിപ്പ്, വഞ്ചന കേസുകളിൽ 2003ൽ അറസ്റ്റിലായ പത്തനംതിട്ട വെട്ടിപ്പുറം സ്വദേശി ഫസലുദ്ദീൻ ജാമ്യത്തിലിറങ്ങിയ ശേഷം 21 വർഷമാണ് മുങ്ങി നടന്നത്. പത്തനംതിട്ട ജില്ലയിലെ വിവിധ കോടതികളിലായി 26 കേസുകളും കോയിപ്രം പൊലീസ് സ്റ്റേഷനിൽ രണ്ട് കേസുകളുമായി ആകെ 28 കേസുകളിൽ പ്രതിയാണ് ഇയാൾ. പത്തനംതിട്ട പൊലീസിന്റെ വിദഗ്ധമായ അന്വേഷണത്തിനൊടുവിലാണ് പ്രതിയെ മലപ്പുറത്ത് നിന്ന് അറസ്റ്റ് ചെയ്തത്. 

തെളിയാതെ കിടന്നിരുന്ന കേസുകൾ തീർപ്പാക്കുന്നതിനായി പഴയ കേസുകൾ പൊടിതട്ടിയെടുത്ത പൊലീസ് വഞ്ചനാ കേസിലെ പ്രതിയായ ഫസലുദീനെ ഒരു വർഷമായി അന്വേഷിക്കുകയായിരുന്നു. 2003ൽ കോയിപ്രം പൊലീസ് അറസ്റ്റ് ചെയ്യുമ്പോൾ ഇയാൾ ഒരു സർക്കാർ വകുപ്പിൽ സീനിയർ സൂപ്രണ്ടായി ജോലി ചെയ്യുകയായിരുന്നു. ജാമ്യത്തിൽ ഇറങ്ങി ഒളിവിൽ പോയ ഇയാൾ മരിച്ചെന്ന് നാട്ടിൽ പ്രചരിച്ചിരുന്നു. 

Latest Videos

ഫസലുദ്ദീന്റെ ബന്ധുക്കളുടെ ഫോൺ നമ്പറുകൾ നിരീക്ഷിച്ചതാണ് അന്വേഷണത്തിൽ വഴിത്തിരിവായത്. മക്കളിൽ ഒരാളുടെ ഫോണിലേയ്ക്ക് മലപ്പുറത്ത് നിന്ന് തുടർച്ചയായി വന്ന കോൾ ശ്രദ്ധയിൽപ്പെട്ടു. ആ നമ്പർ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിൽ ഫസലുദ്ദീന്റെ ഫോൺ നമ്പർ തന്നെയാണതെന്ന് സ്ഥിരീകരിച്ചു. അയാളുടെ ലൊക്കേഷനും ഇപ്പോഴത്തെ ചുറ്റുപാടും മനസ്സിലാക്കിയ പത്തനംതിട്ട പൊലീസ് അയാളെ പിടികൂടാനായി മലപ്പുറത്തെത്തി. കോട്ടയ്ക്കലിൽ ഒരു സ്വകാര്യ സ്കൂളിലെ അഡ്മിനിസ്ട്രേറ്റീവ് ഓഫീസറായി ജോലി ചെയ്തിരുന്ന ഫസലുദ്ദീനെ മഫ്തിയിൽ സ്കൂളിലെത്തിയാണ് പൊലീസ് പിടികൂടിയത്. 

പത്തനംതിട്ട ഡി വൈ എസ് പി എസ്. നന്ദകുമാറിൻ്റെ നേതൃത്വത്തിൽ ഇൻസ്പെക്ടർ ഷിബു കുമാർ ഡി നയിച്ച സംഘമാണ് കേസ് അന്വേഷിച്ചത്. എസ് ഐ. ജിനു ജെ. യു, സിപിഒമാരായ രജിത് കെ. നായർ, അഷർ മാത്യു, അബ്ദുൽ ഷഫീഖ് എന്നിവരടങ്ങിയ സംഘമാണ് മലപ്പുറത്തെത്തി പ്രതിയെ പിടികൂടിയത്.  

READ MORE: സഹകരണ ഉത്പന്നങ്ങള്‍ക്ക് വിദേശ-ആഭ്യന്തര വിപണി കണ്ടെത്തും; ഐ.ടി പ്രയോജനപ്പെടുത്തുമെന്ന് മന്ത്രി വി.എന്‍ വാസവൻ

click me!