പുത്തനുടുപ്പിട്ട് കളിച്ചിരിയുമായി അബിഗേല്‍, ഇനി അച്ഛന്‍റെയും അമ്മയുടെയും സ്നേഹത്തണലില്‍

By Web TeamFirst Published Nov 28, 2023, 8:26 PM IST
Highlights

എ.ആര്‍ ക്യാമ്പില്‍നിന്ന് വാഹനത്തിലിറങ്ങിയ അബിഗേലിനെയും കുടുംബത്തെയും ഹര്‍ഷാരവത്തോടെയാണ് ജനം യാത്രയാക്കിയത്.

കൊല്ലം: നെഞ്ചിടിപ്പിന്‍റെയും ആശങ്കയുടെയും സങ്കടത്തിന്‍റെയും രാപ്പകലുകള്‍ പിന്നിട്ട് അബിഗേല്‍ സാറാ റെജി ഇനി അമ്മയുടെയും അച്ഛന്‍റെയും സഹോദരന്‍റെയും സ്നേഹത്തണലില്‍. തട്ടിക്കൊണ്ടുപോയവര്‍ 20 മണിക്കൂറിനുശേഷം ഇന്ന് ഉച്ചയ്ക് കൊല്ലം ആശ്രാമം മൈതാനത്ത് അബിഗേലിനെ ഉപേക്ഷിച്ച് കടന്നുകളയുകയായിരുന്നു. അബിഗേലിനെ തിരിച്ചുകിട്ടിയെന്ന ആശ്വാസവാര്‍ത്ത കേരളം ഒന്നടങ്കം സന്തോഷത്തോടെയാണ് ഏറ്റെടുത്തത്. അബിഗേലിനെ ഉച്ചയ്ക്കുശേഷം ആദ്യം എ.ആര്‍ ക്യാമ്പിലേക്കാണ് പൊലീസ് എത്തിച്ചത്. ഇവിടെവെച്ച് വൈദ്യ പരിശോധന നടത്തി. എ.ആര്‍ ക്യാമ്പിലേക്ക് ഉടനെ തന്നെ പിതാവ് റെജിയും എത്തിയിരുന്നു. ഇവിടെനിന്ന് പിതാവ് വീഡിയോ കാളില്‍ അബിഗേലിന്‍റെ അമ്മ സിജിയെയും സഹോദരന്‍ ജോനാഥിനെയം വിളിച്ചു.

അബിഗേല്‍ വീഡിയോ കാളില്‍ അമ്മയെയും സഹോദരനെയും മറ്റു ബന്ധുക്കളെയും കണ്ടു. വൈകിട്ട് 5.15ഓടെ അമ്മ സിജിയും അബിഗേലിന്‍റെ സഹോദരന്‍ ജോനാഥനും എ.ആര്‍ ക്യാമ്പിലേക്ക് പുറപ്പെട്ടു. ഇതിനിടയില്‍ വീട്ടില്‍ മധുരം വിതരണം ചെയ്താണ് ബന്ധുക്കളും നാട്ടുകാരും സന്തോഷ വാര്‍ത്തയെ സ്വീകരിച്ചത്. എ.ആര്‍ ക്യാമ്പിലെത്തിയ അമ്മ സിജി അബിഗേലിനെ വാരിപുണരുന്ന കാഴ്ച അവിടെയുണ്ടായിരുന്നവരുടെ കണ്ണുനയിച്ചു. അച്ഛന്‍റെയും അമ്മയുടെയും സഹോദരന്‍റെയും സ്നേഹത്തണലില്‍ അബിഗേല്‍ ആശുപത്രിയിലേക്ക് പുറപ്പെട്ടു. വൈകിട്ട് ആറെ കാലോടെയാണ് എ.ആര്‍ ക്യാമ്പില്‍നിന്ന് കൊല്ലം വിക്ടോറിയ ആശുപത്രിയിലേക്ക് പോയത്. എ.ആര്‍ ക്യാമ്പില്‍നിന്ന് വാഹനത്തിലിറങ്ങിയ അബിഗേലിനെയും കുടുംബത്തെയും ഹര്‍ഷാരവത്തോടെയാണ് ജനം യാത്രയാക്കിയത്.

Latest Videos

പൊലീസ് സുരക്ഷയും ഒരുക്കിയിരുന്നു. അമ്മ കൊണ്ടുവന്ന പിങ്ക് നിറത്തിലുള്ള ഉടുപ്പിട്ട് കളിച്ചിരിയോടെ ആശുപത്രി മുറിയിലിരിക്കുന്ന അബിഗേലിന്‍റെ ഫോട്ടോയും പിന്നാലെ പുറത്തുവന്നു. അമ്മ സിജിയ്ക്കും അച്ഛന്‍ റെജിക്കുമൊപ്പം പുഞ്ചിരിയോടെ അബിഗേലും ജോനാഥാനും. ഇന്ന് ആശുപത്രിയില്‍ നിരീക്ഷണത്തില്‍ കഴിഞ്ഞശേഷം നാളെയായിരിക്കും വീട്ടിലേക്ക് മടങ്ങുക. അവിടെ വലിയ അബിഗേലിനെ കാണാനായി കാത്തിരിക്കുകയാണ് ബന്ധുക്കളും നാട്ടുകാരുമടങ്ങുന്ന ജനസഞ്ചയം.

അബികേലിന് വിദഗ്ധ ചികിത്സ ഉറപ്പുവരുത്താന്‍ നേരത്തെ ആരോഗ്യമന്ത്രി വീണാ ജോര്‍ജ് നിര്‍ദേശം നല്‍കിയിരുന്നു. ആരോഗ്യപ്രശ്നങ്ങളൊന്നുമില്ലെന്നും ഇന്ന് ആശുപത്രിയില്‍ നിരീക്ഷണത്തില്‍ കഴിഞ്ഞശേഷം നാളെ വീട്ടിലേക്ക് പോകാമെന്ന് തീരുമാനിക്കുകയായിരുന്നു. വൈകിട്ട് ഡോക്ടര്‍മാര്‍ അടങ്ങുന്ന മെഡിക്കല്‍ സംഘം എആര്‍ ക്യാമ്പില്‍ കുഞ്ഞിനെ പരിശോധിച്ചിരുന്നു. ഇതിനുശേഷമാണ് കൊല്ലം വിക്ടോറിയ ആശുപത്രിയിലേക്ക് അച്ഛനും അമ്മയ്ക്കുമൊപ്പം സഹോദരനുമൊപ്പം അബിഗേല്‍ പോയത്.

അതേസമയം, കേസിലെ പ്രതികളെ ഉടൻ പിടികൂടുമെന്ന് എഡിജിപി എം.ആര്‍ അജിത്കുമാര്‍ പറഞ്ഞു. അന്വേഷണം പ്രാരംഭ ഘട്ടത്തിലാണ്. പ്രതികളെ കുറിച്ച് ഇതുവരെ കിട്ടിയ വിവരങ്ങൾ പരിശോധിക്കുകയാണ്. വ്യക്തമായി ഒന്നും പറയാറായിട്ടില്ല. തട്ടിക്കൊണ്ട് പോകലിന് പിന്നിലെ കാരണവും വ്യക്തമായിട്ടില്ല. പൊലീസിന്റെ പക്കലുള്ള വിവരങ്ങളുമായി ഒത്തുനോക്കുകയാണ്. പൊലീസ് പൊലീസിന്റെ പരമാവധി ചെയ്തു. ഡോക്ടർമാരുടെ നിർദ്ദേശം അനുസരിച്ച് കുഞ്ഞിനെ വീട്ടിലേക്കോ ആശുപത്രിയിലേക്കോ മാറ്റുമെന്നും എഡിജിപി കൂട്ടിച്ചേർത്തു. 

കരഞ്ഞപ്പോള്‍ വായപൊത്തി, ഒറ്റയ്ക്കിരുത്തി ഭക്ഷണം നല്‍കിയശേഷം കാര്‍ട്ടൂണ്‍ കാണിച്ചുവെന്ന് അബിഗേല്‍

 

click me!