കരഞ്ഞപ്പോള്‍ വായപൊത്തി, ഒറ്റയ്ക്കിരുത്തി ഭക്ഷണം നല്‍കിയശേഷം കാര്‍ട്ടൂണ്‍ കാണിച്ചുവെന്ന് അബിഗേല്‍ 

By Web TeamFirst Published Nov 28, 2023, 7:24 PM IST
Highlights

പ്രാഥമികമായി കുട്ടി പറഞ്ഞ കാര്യങ്ങള്‍ വെച്ചുകൊണ്ട് പ്രതികള്‍ക്കായുള്ള അന്വേഷണം ഊര്‍ജിതമാക്കുകയാണ് പൊലീസ്.

കൊല്ലം: അച്ഛനെയും അമ്മയെയും സഹോദരനെയും കാണാതെ ഞെട്ടലോടെ ഇന്നലെ രാത്രി നടന്ന കാര്യങ്ങള്‍ പൊലീസിനോട് പറഞ്ഞ് ആറുവയസുകാരി അബിഗേല്‍. തട്ടിക്കൊണ്ടുപോയവര്‍ കൊല്ലം ആശ്രാമം മൈതാനത്ത് അബികേലിനെ ഉപേക്ഷിച്ച് പോവുകയായിരുന്നു. എ.ആര്‍ ക്യാമ്പില്‍ എത്തിച്ച അബിഗേലുമായി അച്ഛന്‍ റെജിയും മറ്റു ഉന്നത പൊലീസ് ഉദ്യോഗസ്ഥരും സംസാരിച്ചു. ഇപ്പോഴും സംഭവത്തിന്‍റെ ഞെട്ടലില്‍നിന്ന് കുഞ്ഞ് മുക്തമായിട്ടില്ല. പ്രാഥമികമായി കുട്ടി പറഞ്ഞ കാര്യങ്ങള്‍ വെച്ചുകൊണ്ട് പ്രതികള്‍ക്കായുള്ള അന്വേഷണം ഊര്‍ജിതമാക്കുകയാണ് പൊലീസ്. അബിഗേലിന്‍റെ മൊഴി സംബന്ധിച്ചുള്ള വിവരങ്ങള്‍ എഡിജിപി എം.ആര്‍ അജിത് കുമാറാണ് മാധ്യമങ്ങളോട് വ്യക്തമാക്കിയത്. കാറിലേക്ക് കയറ്റിയ ഉടനെ കരഞ്ഞപ്പോള്‍ വായ പൊത്തിപിടിച്ചുവെന്നും പിന്നീട് പിന്‍സീറ്റില്‍ കിടത്തിയെന്നുമാണ് അബിഗേല്‍ സാറയുടെ പ്രാഥമിക മൊഴി.

പിന്നീട് ഒരു വലിയ വീട്ടിലാണ് എത്തിച്ചതെന്നും ഒറ്റയ്ക്കിരിത്തി ഭക്ഷണം നല്‍കിയെന്നും ഇതിനുശേഷം കാര്‍ട്ടൂണ്‍ കാണിച്ചുവെന്നും അബിഗേല്‍ പൊലീസിനോട് പറഞ്ഞു. രാവിലെ ഉറക്കമുണര്‍ന്നശേഷം ചിന്നക്കടയില്‍ എത്തിച്ചുവെന്നും കുട്ടി പറഞ്ഞു. നീലക്കാറിലാണ് ചിന്നക്കടയില്‍ എത്തിച്ചതെന്നും അവിടെനിന്ന് ഓട്ടോറിക്ഷയില്‍ ആശ്രാമത്ത് എത്തിക്കുകയായിരുന്നുവെന്നും കുട്ടി പൊലീസിനോട് പറഞ്ഞിട്ടുണ്ട്. തട്ടികൊണ്ടുപോയ സംഘം കള്ളമൊഴി നല്‍കാനും കുട്ടിയെ ഭീഷണിപ്പെടുത്തുകയും ചെയ്തു. നീല കാറിലാണ് തിരിച്ചുകൊണ്ടാക്കിയതെന്ന് പറയാന്‍ ഒരു സ്ത്രീ നിര്‍ബന്ധിച്ചുവെന്നും രണ്ട് സ്ത്രീകളും ഒരു പുരുഷനുമാണ് ഉണ്ടായിരുന്നതെന്നും പറയാന്‍ ഉപദേശിച്ചുവെന്നും പൊലീസ് പറയുന്നു. 

Latest Videos


അതേസമയം, കേസിലെ പ്രതികളെ ഉടൻ പിടികൂടുമെന്ന് എഡിജിപി എം.ആര്‍ അജിത്കുമാര്‍ പറഞ്ഞു. അന്വേഷണം പ്രാരംഭ ഘട്ടത്തിലാണ്. പ്രതികളെ കുറിച്ച് ഇതുവരെ കിട്ടിയ വിവരങ്ങൾ പരിശോധിക്കുകയാണ്. വ്യക്തമായി ഒന്നും പറയാറായിട്ടില്ല. തട്ടിക്കൊണ്ട് പോകലിന് പിന്നിലെ കാരണവും വ്യക്തമായിട്ടില്ല. പൊലീസിന്റെ പക്കലുള്ള വിവരങ്ങളുമായി ഒത്തുനോക്കുകയാണ്. പൊലീസ് പൊലീസിന്റെ പരമാവധി ചെയ്തു. ഡോക്ടർമാരുടെ നിർദ്ദേശം അനുസരിച്ച് കുഞ്ഞിനെ വീട്ടിലേക്കോ ആശുപത്രിയിലേക്കോ മാറ്റുമെന്നും എഡിജിപി കൂട്ടിച്ചേർത്തു. 
'കുഞ്ഞിനെ കിട്ടിയത് പൊലീസ് ഇടപെടലും മാധ്യമപ്രവർത്തകരുടെ ശുഷ്കാന്തിയും മൂലം'; എഡിജിപി എംആർ അജിത്കുമാർ

'അബിഗേലിനെ എത്തിച്ചത് മാസ്ക് ധരിപ്പിച്ച്, മൈതാനത്തിരുത്തി സ്ത്രീ മുങ്ങി'ആദ്യം കണ്ടത് കോളേജ് വിദ്യാ‌‌‌‌ർത്ഥികൾ

 

click me!