കണ്ണൂരിൽ ഡിവൈഎഫ്ഐ ജില്ലാ പ്രസിഡൻ്റിനെ പുറത്താക്കിയതിൽ വലിയ പ്രാധാന്യമില്ല: എഎ റഹീം എംപി

By Web TeamFirst Published Jun 25, 2024, 11:49 AM IST
Highlights

നീറ്റ്-നെറ്റ് പരീക്ഷ വിവാദത്തിൽ വിദ്യാർത്ഥികളുടെ ആശങ്കയെ അഭിസംബോധന ചെയ്യാൻ ഇതുവരെ കേന്ദ്ര സര്‍ക്കാര്‍ തയ്യാറായിട്ടില്ലെന്ന് അദ്ദേഹം കുറ്റപ്പെടുത്തി

കണ്ണൂര്‍: കണ്ണൂരിൽ ഡിവൈഎഫ്ഐ ജില്ലാ പ്രസിഡന്റിനെ പുറത്താക്കിയതിൽ പ്രതികരിക്കേണ്ട നിലയിൽ പ്രാധാന്യമില്ലെന്ന് ഡിവൈഎഫ്ഐ അഖിലേന്ത്യാ അധ്യക്ഷൻ എഎ റഹീം. താൻ ആ കാര്യത്തിൽ മറുപടി പറയേണ്ടതില്ല. ഡിവൈഎഫ്ഐയെ പോറലേൽപ്പിക്കാമെന്ന് ആരും കരുതേണ്ടെന്നും രാജ്യസഭാംഗം കൂടിയായ അദ്ദേഹം പറഞ്ഞു.

മലബാറിലെ വിദ്യാഭ്യാസ പുരോഗതിക്ക് ഏറ്റവും കൂടുതൽ സംഭാവന ചെയ്തത് ഇടതുപക്ഷ സർക്കാരാണെന്നും അദ്ദേഹം പറഞ്ഞു. യുഡിഎഫ് ഭരിച്ചിരുന്നെങ്കിൽ സംസ്ഥാനത്ത് ഒരു സർക്കാർ സ്കൂൾ പോലും അവശേഷിക്കില്ലായിരുന്നു. ആ നിലയിൽ നിന്ന് സര്‍ക്കാര്‍ സ്കൂളുകളിലേക്ക് കുട്ടികളെ എത്തിച്ചത് ഇടതുപക്ഷ സര്‍ക്കാരാണെന്ന് അദ്ദേഹം പറഞ്ഞപ.

Latest Videos

നീറ്റ്-നെറ്റ് പരീക്ഷ വിവാദത്തിൽ വിദ്യാർത്ഥികളുടെ ആശങ്കയെ അഭിസംബോധന ചെയ്യാൻ ഇതുവരെ കേന്ദ്ര സര്‍ക്കാര്‍ തയ്യാറായിട്ടില്ലെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. പ്രധാനമന്ത്രി കുറ്റകരമായ മൗനം പാലിക്കുകയാണ്.  എൻ ടി എ അവസാനിപ്പിക്കണമെന്നാണ് ഡിവൈഎഫ്ഐ ആവശ്യപ്പെടുന്നത്. ആ സംവിധാനം ഒരു പരാജയമാണ്. പ്രവേശനം നടത്താനുള്ള അധികാരം സംസ്ഥാനങ്ങൾക്ക് വികേന്ദ്രീകരിച്ചു കൊടുക്കണം. കേന്ദ്ര സർക്കാരിന്റെ കീഴിലുള്ള  പരീക്ഷകളെക്കുറിച്ച് ഒരു ധവളപത്രം ഇറക്കാൻ സർക്കാർ തയ്യാറാവണമെന്നും അദ്ദേഹം പറഞ്ഞു.

അംഗത്വം പുതുക്കാതിരുന്നതോടെ സിപിഎം ജില്ലാ കമ്മിറ്റിയിൽ നിന്ന് മനു തോമസിനെ ഇന്നലെ പുറത്താക്കിയിരുന്നു. ക്വട്ടേഷൻ, ക്രിമിനൽ സംഘങ്ങളുമായി പാർട്ടി നേതൃത്വത്തിന് അവിശുദ്ധ ബന്ധമെന്നും അതിപ്പോഴും തുടരുന്നുവെന്നും പാർട്ടിയെ ബാധിക്കുന്ന പ്രശ്നങ്ങളിൽ പരാതിപ്പെട്ടപ്പോൾ തിരുത്താൻ തയ്യാറാവാത്തതാണ് രാഷ്ട്രീയം വിടാൻ കാരണമെന്നുമാണ് മനു തോമസിൻ്റെ പ്രതികരണം. ഒന്നര വർഷത്തോളമായി മനു തോമസ് സജീവ രാഷ്ട്രീയത്തിൽ ഇല്ല.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്

click me!