കോഴിക്കോട് ആദ്യം വന്ന മരണവാര്‍ത്ത ബൂത്ത് ഏജന്‍റിന്‍റേതായിരുന്നു. കോഴിക്കോട് ടൗൺ ബൂത്ത് നമ്പർ 16ലെ എൽഡിഎഫ് ബൂത്ത് ഏജന്‍റ് കുറ്റിച്ചിറ സ്വദേശി അനീസ് അഹമ്മദ് ആണ് കുഴഞ്ഞുവീണ് മരിച്ചത്
തിരുവനന്തപുരം: സംസ്ഥാനത്ത് ലോക്സഭ തെരഞ്ഞെടുപ്പ് വോട്ടെടുപ്പിനിടെ പലയിടങ്ങളിലായി കുഴഞ്ഞുവീണ് മരിച്ചത് 8 പേര്‍. മരിച്ചവരില്‍ 32വയസായ യുവാവും ഉള്‍പ്പെടുന്നു.
കോഴിക്കോട് ആദ്യം വന്ന മരണവാര്‍ത്ത ബൂത്ത് ഏജന്‍റിന്‍റേതായിരുന്നു. കോഴിക്കോട് ടൗൺ ബൂത്ത് നമ്പർ 16ലെ എൽഡിഎഫ് ബൂത്ത് ഏജന്‍റ് കുറ്റിച്ചിറ സ്വദേശി അനീസ് അഹമ്മദ് ആണ് കുഴഞ്ഞുവീണ് മരിച്ചത്. ബൂത്തിൽ കുഴഞ്ഞുവീണ ഇദ്ദേഹത്തെ ഗവൺമെന്‍റ് ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല.
ആലപ്പുഴയില്‍ കാക്കാഴത്ത് വോട്ട് ചെയ്തിറങ്ങിയ വയോധികനാണ് കുഴഞ്ഞുവീണ് മരിച്ചത്. കാക്കാഴം തെക്ക് മുറി വീട്ടിൽ എസ്എൻവി ടിടിഐയിൽ വോട്ട് ചെയ്യാൻ എത്തിയ സോമരാജൻ(76) ആണ് മരിച്ചത്. അര മണിക്കൂറോളം ക്യൂ നിന്ന ശേഷമാണ് വോട്ട് ചെയ്തത്. ശേഷം മകനൊപ്പം ഓട്ടോയിലേക്ക് കയറുമ്പോൾ തളർന്നുവീഴുകയായിരുന്നു.
പാലക്കാട് രണ്ട് മരണമാണ് വോട്ടെടുപ്പിനിടെ ഉണ്ടായത്.ഒറ്റപ്പാലത്ത് വാണിവിലാസിനി സ്വദേശി ചന്ദ്രൻ, തേൻകുറിശ്ശി സ്വദേശി ശബരി (32) എന്നിവരാണ് മരിച്ചത്. വരി നിന്ന് വോട്ടുചെയ്ത് തിരികെ ഇറങ്ങുന്നതിനിടെ കുഴഞ്ഞു വീണാണ് ചന്ദ്രൻ മരിച്ചത്. പോളിംഗ് ആരംഭിച്ച് രാവിലെ 7.30 ഓടെയാണ് ദാരുണ സംഭവമുണ്ടായത്. ഉടൻ തന്നെ ഒറ്റപ്പാലം താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. തെങ്കുറിശ്ശി വടക്കേത്തറ എല്‍പി സ്കൂളില്‍ വോട്ട് ചെയ്യാനെത്തിയപ്പോഴാണ് ശബരി കുഴഞ്ഞുവീണത്. വൈകാതെ തന്നെ മരണവും സംഭവിച്ചു.
മലപ്പുറത്ത് തിരൂരിൽ വോട്ട് ചെയ്ത ശേഷം വീട്ടിൽ മടങ്ങിയെത്തിയതിന് പിന്നാലെയാണ് വയോധികൻ മരിച്ചത്. നിറമെരുതൂർ സ്വദേശി ആലുക്കാനകത്ത് സിദ്ധീഖ് മൗലവിയാണ് മരിച്ചത്. നിറമെരുതൂർ വള്ളികാഞ്ഞീരം സ്കൂൾ ബൂത്തിലെ ആദ്യ വോട്ടറായിരുന്നു.
വൈകീട്ടോടെ വടകരയില്‍ നിന്നും സമാനമായ വാര്‍ത്തവന്നു. വടകര മണ്ഡലത്തിലെ വളയത്ത്, വോട്ട് ചെയ്യാനെത്തിയ സ്ത്രീ കുഴഞ്ഞ് വീണ് മരിക്കുകയായിരുന്നു. വളയം ചെറുമോത്ത് സ്വദേശിനി കുന്നുമ്മൽ മാമി (63) ആണ് മരിച്ചത്. വളയം യു.പി സ്കൂളിലെ 63ാം നമ്പർ ബൂത്തിലേക്ക്
വോട്ട് ചെയ്യാൻ കയറുന്നതിനിടെ കുഴഞ്ഞ് വീഴുകയായിരുന്നു.
ഇടുക്കി മറയൂർ ഗവൺമെൻറ് സ്കൂളിൽ വോട്ട് ചെയ്ത് മടങ്ങുന്നതിനിടെ സ്ത്രീ കുഴഞ്ഞുവീണു മരിച്ച വാര്‍ത്തയാണ് പിന്നീട് വന്നത്. കൊച്ചാരം മേലടി സ്വദേശി വള്ളി മോഹൻ (50 ) ആണ് മരിച്ചത്.
ഏറ്റവും ഒടുവിലായി കോഴിക്കോട് തൊട്ടില്‍പ്പാലം നാഗം പാറ ജിഎല്‍പി സ്കൂള്‍ ബൂത്തില്‍ വോട്ട് രേഖപ്പെടുത്തി തിരിച്ചിറങ്ങിയ ആള്‍ കുഴഞ്ഞുവീണ് മരിച്ചുവെന്ന വാര്‍ത്തയാണ് വന്നത്. ആശ്വസിയിലെ കല്ലുംപുറത്ത് വിമേഷ് (42) ആണ് മരിച്ചത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം:-