6 പെൺകുട്ടികളുടെ പരാതി, മനുവിനെതിരെ സ്വമേധയാ കേസെടുത്ത് മനുഷ്യാവകാശ കമ്മീഷൻ; കെസിഎക്കും കുരുക്ക്, നോട്ടീസയച്ചു

By Web TeamFirst Published Jul 7, 2024, 5:14 PM IST
Highlights

'കേസിൽ പ്രതിയായിട്ടും മനുവിനെ കെ സി എ പുറത്താക്കിയിരുന്നില്ല. പിന്നീടും കോച്ചിനെ നിരീക്ഷിക്കാനോ കുട്ടികളുടെ സംരക്ഷണം ഉറപ്പുവരുത്താൻ വനിതകളെ പരിശീലന സ്ഥലത്ത് നിയോഗിക്കാനോ കെ സി എ തയ്യാറായില്ല'

തിരുവനന്തപുരം: കേരള ക്രിക്കറ്റ് അസോസിയേഷനിൽ പരിശീലനത്തിനെത്തിയ പെണ്‍കുട്ടികളെ പരിശീലകൻ മനു പീഡിപ്പിച്ച സംഭവത്തിൽ മനുഷ്യാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തു. ആറു പെണ്‍കുട്ടികളെ പീഡിപ്പിച്ചുവെന്നാണ് പരാതി. സംഭവത്തിൽ കെ എസി എ വിശദീകരണം നൽകണമെന്ന് കാട്ടിയും മനുഷ്യാവകാശ കമ്മീഷൻ നോട്ടീസ് അയച്ചു. പോക്സോ കേസിൽ മുമ്പും പ്രതിയായ മനുവിനെ പരിശീലക സ്ഥാനത്തുനിന്നും മാറ്റാൻ കെ സി എ തയ്യാറായിരുന്നില്ല. കെ സി എ ആസ്ഥാനത്തുള്‍പ്പെടെ പീഡനം നടന്നുവെന്നാണ് കണ്ടെത്തൽ. ഇതിനെ തുടർന്നാണ് മനുഷ്യാവകാശ കമ്മീഷന്‍റെ നടപടി.

അതേസമയം പോക്സോ കേസിലടക്കം പൊലീസ് അറസ്റ്റ് ചെയ്ത മനുവിനെതിരെ ഇപ്പോൾ കൂടുതൽ ആരോപണങ്ങൾ ഉയർന്നിട്ടുണ്ട്. അവസരം നിഷേധിക്കുമെന്ന് വരെ ഭീഷണിപ്പെടുത്തി മനു പീഡിപ്പിച്ചിരുന്നതായി പൊലീസിന് പെൺകുട്ടികൾ മൊഴി നൽകി. പരാതിക്കാരിയായ പെണ്‍കുട്ടികളുടെ മൊഴി കേട്ട് അന്വേഷണ സംഘം തന്നെ ഞെട്ടിയിരിക്കുകയാണ്. രണ്ടു വർഷം മുമ്പ് പരീശീലനത്തിനിടെ ഒരു കുട്ടിയെ മനു പീഡിപ്പിച്ചിരുന്നു. വീണ്ടും പെണ്‍കുട്ടി ഒരു മാച്ചിൽ പങ്കെടുക്കാനെത്തിയപ്പോള്‍ ഇതേ കോച്ച് കെ സി എയിൽ തുടരുന്നത് കണ്ട കുട്ടി മാനസികമായി തളർന്നു. തനിക്കുണ്ടായ ദുരനുഭവം കുട്ടി പൊലിസിനോട് പറയാൻ ധൈര്യം കാണിച്ചതോടെയാണ് മറ്റ് അഞ്ചു കുട്ടികള്‍ കൂടി രംഗത്ത് വന്നത്. കെ സി എ ആസ്ഥാനത്തെ വിശ്രമമുറിയിലും ശുചിമുറിയിലും വച്ചാണ് കുട്ടികളെ ഉപദ്രവിച്ചത്. തെങ്കാശിയിൽ മാച്ചിനുകൊണ്ടുപോയപ്പോഴും കുട്ടികളെ ഉപദ്രവിച്ചു. ശാരീര അസ്വസ്ഥകളുണ്ടായിരുന്നപ്പോഴും കഠിനമായി പരിശീലിപ്പിച്ചു. തലയിലേക്ക് ബോള്‍ വലിച്ചെറിഞ്ഞു. വേദന സംഹാരിക്കു പകരം മയക്കുമരുന്ന് നൽകിയും പീഡിപ്പിച്ചു. പുറത്തു പറഞ്ഞാൽ അവസരം നിഷേധിക്കുമെന്നായിരുന്നു ഭീഷണി, കുട്ടികളുടെ ചിത്രങ്ങളെടുത്തും ഭീഷണിപ്പെടുത്തിയെന്ന് പരാതിയുണ്ട്.

Latest Videos

മനു പിടിയിലായപ്പോഴേക്കും പ്രധാന തൊണ്ടിമുതലായ മൊബൈൽ ഫോൺ പ്രതി വിറ്റു. രണ്ടും മൂന്നു വർഷം മുമ്പ് കെ സി എ ആസ്ഥാനത്തുവച്ചു തന്നെ നേരിടേണ്ടിവന്ന ദുരനുഭങ്ങളാണ് കുട്ടികളുടെ പരാതിയിലുള്ളത്. നാലു കേസുകളിലാണ് മനുവിനെ പൊലീസ് മൂന്ന് ദിവസത്തെ കസ്റ്റഡയിൽ വാങ്ങിയിട്ടുള്ളത്. മൂന്നു വർഷം മുമ്പും ഒരു കുട്ടി മനുവിനെതിരെ പരാതി നൽകിയിരുന്നു. പൊലിസ് കുറ്റപത്രം നൽകിയെങ്കിലും പരാതിക്കാരി മൊഴി മാറ്റിയതോടെ അന്ന് കേസിൽ നിന്നും വെറുതെവിട്ടു. സമ്മർദത്തെ തുടർന്നാണ് ഇര മൊഴി മാറ്റിയതെന്നാണ് ഇപ്പോള്‍ പരാതി നൽകിയവർ പറയുന്നത്.

കോച്ചിനെതിരെ ഇത്രയേറെ ഗുരുതര ആരോപണം ഉയർന്നിട്ടും കെ സി എ വ്യക്തമായ വിശദീകരണം നൽകിയിട്ടില്ല എന്നതും ശ്രദ്ധേയമാണ്. കേസിൽ പ്രതിയായിട്ടും മനുവിനെ കെ സി എ പുറത്താക്കിയിരുന്നില്ല. പിന്നീടും കോച്ചിനെ നിരീക്ഷിക്കാനോ കുട്ടികളുടെ സംരക്ഷണം ഉറപ്പുവരുത്താൻ വനിതകളെ പരിശീലന സ്ഥലത്ത് നിയോഗിക്കാനോ കെ സി എ തയ്യാറായില്ലെന്നും ആക്ഷേപമുണ്ട്.

'ഗ്രൗണ്ടിൽ ഇറക്കില്ല, അവസരം ഇല്ലാതാക്കും, നഗ്ന ഫോട്ടോയെടുക്കാൻ നിർബന്ധിച്ചു'; കെസിഎ മുൻ കോച്ചിനെതിരെ കുട്ടികൾ

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

click me!