അനുമതിയില്ലാതെ മറ്റു സംസ്ഥാനങ്ങളിൽ നിന്ന് കേരളത്തിലേക്ക് ആനകളെ കൊണ്ടുവരാനാകില്ലെന്ന് ഹൈക്കോടതി. ആനകളെ എഴുന്നളളിക്കുന്നത് സംബന്ധിച്ച മാർഗരേഖ ഇന്ന് തന്നെ പുറത്തിറക്കുമെന്നും ഹൈക്കോടതി.
കൊച്ചി: അനുമതിയില്ലാതെ മറ്റു സംസ്ഥാനങ്ങളിൽ നിന്ന് കേരളത്തിലേക്ക് ആനകളെ കൊണ്ടുവരാനാകില്ലെന്ന് ഹൈക്കോടതി. ആനകളുടെ ദുരിതവുമായി ബന്ധപ്പെട്ട ഹര്‍ജികള്‍ പരിഗണിച്ചുകൊണ്ടാണ് ഹൈക്കോടതിയുടെ നിരീക്ഷണം. 2024ൽ മാത്രം പിടികൂടിയ 21 ആനകളാണ് ചരിഞ്ഞത്. 2018ൽ മുതൽ 2021 വരെ പിടികൂടിയ ആനകളിൽ 40ശതമാനം ചരിഞ്ഞുവെന്നും ഹൈക്കോടതി നിരീക്ഷിച്ചു. ആനകളെ എഴുന്നളളിക്കുന്നത് സംബന്ധിച്ച മാർഗരേഖ ഇന്ന് തന്നെ പുറത്തിറക്കുമെന്നും ഹൈക്കോടതി വ്യക്തമാക്കി. സുപ്രീം കോടതി ഉത്തരവ് പ്രകാരമായിരിക്കും മാര്‍ഗരേഖയിറക്കുകയെന്നും ഹൈക്കോടതി വ്യക്തമാക്കി.
ഷെഡ്യൂൾ ഒന്നിൽ പെട്ട വന്യമൃഗങ്ങൾ ഉൾപ്പെടെയുള്ളവയുടെ ഉടമസ്ഥാവകാശം ആർക്കും നേടാനാകില്ല. പുറത്ത് നിന്ന് ആനകളെ കൊണ്ട് വരുമ്പോ ചീഫ് വൈൽഡ് ലൈഫ് വാര്‍ഡന്‍റെ അനുമതി തേടാറുണ്ടോയെന്നും കോടതി ചോദിച്ചു. കാട്ടാനകളെ പിടികൂടുവാൻ അനുമതി കൊടുക്കുന്നതിലൂടെ വേട്ടയ്ക്കനുമതി നൽകുകയാണെന്നും കോടതി നിരീക്ഷിച്ചു. പുറത്തുനിന്ന് പിടികൂടിയ ആനകളെ കൊണ്ടുവരുമ്പോള്‍ ആ സംസ്ഥാനത്തിന്‍റെ അനുമതി ആവശ്യമാണെന്നും അനുമതിയില്ലാതെ ആനകളെ കേരളത്തിലേക്ക് കൊണ്ടുവരാനാകില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി.