ചായപ്പൊടിയിൽ മായം: മലപ്പുറത്ത് മായം കലര്‍ന്ന 140 കിലോ ചായപ്പൊടി പിടിച്ചെടുത്തു, സാമ്പിളുകൾ പരിശോധനക്ക് അയച്ചു

By Web TeamFirst Published Jul 4, 2024, 9:10 AM IST
Highlights

പിടികൂടിയ ചായപ്പൊടിയുടെ സാമ്പിൾ ഭക്ഷ്യ സുരക്ഷാ വകുപ്പ് ഉദ്യോഗസ്ഥർ പരിശോധനക്ക് അയച്ചു

മലപ്പുറം: മായം കലര്‍ന്ന ചായപ്പൊടി പിടിച്ചെടുത്തു. മലപ്പുറത്ത് വേങ്ങൂരിലാണ് സംഭവം. വേങ്ങൂര്‍ സ്വദേശി ആഷിഖ് എന്നയാളുടെ വീടിനോട് ചേര്‍ന്ന കെട്ടിടത്തിൽ നിന്നാണ് 140 കിലോഗ്രാമോളം ചായപ്പൊടി കണ്ടെടുത്തത്. ചായക്ക് കടുപ്പം കിട്ടാൻ വേണ്ടിയാണ് ചായപ്പൊടിയിൽ മായം കലര്‍ത്തിയതെന്നാണ് സംശയം. പിടികൂടിയ ചായപ്പൊടിയുടെ സാമ്പിൾ ഭക്ഷ്യ സുരക്ഷാ വകുപ്പ് ഉദ്യോഗസ്ഥർ പരിശോധനക്ക് അയച്ചു. ആഷിഖിന്റേത് ചെറുകിട സംരംഭമെന്നാണ് വിവരം. കൂടുതൽ വിവരങ്ങൾ ഭക്ഷ്യസുരക്ഷാ വകുപ്പ് പുറത്തുവിട്ടിട്ടില്ല.

തട്ടുകടകളിലെ ചായയുടെ നിറത്തിലും കടുപ്പത്തിലുമുള്ള വ്യത്യാസം ശ്രദ്ധയിൽപെട്ടാണ് ഭക്ഷ്യ സുരക്ഷ വകുപ്പ് അന്വേഷണം തുടങ്ങിയത്. തട്ടുകടക്കാരിൽ നിന്ന് ലഭിച്ച വിവരത്തെ തുടർന്ന് ചായപ്പൊടി വിൽപ്പനക്കാരനായ വേങ്ങര സ്വദേശി അനസ്സിനെ പിടികൂടി. ഇയാളിൽ നിന്ന് 50 കിലോ ചായപ്പൊടിയും പിടിച്ചെടുത്തു. അനസ്സിന് ചായപ്പൊടി നൽകുന്ന വേങ്ങാട് സ്വദേശി ആഷിക്കിന്റെ വീടിനോട് ചേർന്ന കെട്ടിടത്തിൽ നടത്തിയ പരിശോധനയിൽ ചാക്ക് കണക്കിന് ചായപ്പൊടികൾ കണ്ടെത്തി. യന്ത്ര സാമഗ്രികൾ ഉപയോഗിച്ചാണ് ഇയാൾ ചായപ്പൊടിയിൽ മായം ചേർത്തിരുന്നത്.

ബ്രാൻഡഡ് ചായപ്പൊടികളുടെ പകുതി വിലയ്ക്കാണ് മായം ചേർത്ത ചായപ്പൊടികൾ വിറ്റിരുന്നത്. പരിശോധനയ്ക്ക് അയച്ച സാമ്പിൾ ഫലം വന്ന ശേഷം ആഷിക്കിനും അനസ്സിനുമേതിരെ നിയമനടപടിയുമായി മുന്നോട്ട് പോകുമെന്ന് ഭക്ഷ്യ സുരക്ഷ വകുപ്പ് അറിയിച്ചു. മറ്റു സ്ഥലങ്ങളിലും ചായപ്പൊടികളിൽ ഇത്തരത്തിൽ മായം ചേർക്കൽ നടക്കുന്നുണ്ടോ എന്നതിൽ അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്

click me!