108 ആംബുലൻസ് ജീവനക്കാരുടെ ഒക്ടോബർ മാസത്തെ ശമ്പളം കിട്ടിയില്ല; വീണ്ടും സമര മുന്നറിയിപ്പുമായി ബിഎംഎസ്

By Web Team  |  First Published Nov 15, 2024, 9:54 PM IST

സർക്കാരിൽ നിന്ന് തുക ലഭിക്കാൻ വൈകുന്നതിനാൽ ജീവനക്കാരുടെ ഒക്ടോബർ മാസത്തെ ശമ്പളം എന്ന് വിതരണം ചെയ്യും എന്ന കാര്യത്തിൽ വ്യക്തതയില്ല. 


കൊച്ചി: 108 ആംബുലൻസ് ജീവനക്കാരുടെ ഒക്ടോബർ മാസത്തെ ശമ്പള വിതരണം വൈകുന്നു. വീണ്ടും സമരത്തിലേക്ക് നീങ്ങുമെന്ന് മുന്നറിയിപ്പുമായി ബി.എം.എസ് രംഗത്തെത്തി. പ്രതിസന്ധി പരിഹരിക്കുന്നതിന് അടിയന്തിരമായി സർക്കാർ 40 കോടി രൂപ അനുവദിച്ചെങ്കിലും കേരള മെഡിക്കൽ സർവീസസ് കോർപറേഷന് പണം ലഭിക്കാൻ വൈകുന്നത് പ്രതിസന്ധി കൂടുതൽ രൂക്ഷമാക്കും. കരാർ കമ്പനിക്ക് 40 കോടി രൂപ നൽകിയാലും 2024 സെപ്റ്റംബർ മുതൽ 2024 ഡിസംബർ വരെയുള്ള പുതിയ ബിൽ സമർപ്പിക്കുന്നതോടെ കരാർ കമ്പനിക്ക് നൽകാനുള്ള കുടിശിക തുക വീണ്ടും 76 കോടി പിന്നിടും എന്നാണ് വിലയിരുത്തൽ. 

സർക്കാരിൽ നിന്ന് തുക ലഭിക്കാൻ വൈകുന്നതിനാൽ ജീവനക്കാരുടെ ഒക്ടോബർ മാസത്തെ ശമ്പളം എന്ന് വിതരണം ചെയ്യും എന്ന കാര്യത്തിൽ അനിശ്ചിതത്വം തുടരുകയാണ്. ഇതോടെയാണ് വീണ്ടും സമര പരിപാടികളിലേക്ക് നീങ്ങുമെന്ന മുന്നറിയിപ്പുമായി ബി.എം.എസ് രംഗത്ത് എത്തിയത്. സമരം ആരംഭിച്ചാൽ ഒരു ആശുപത്രിയിൽ നിന്ന് മറ്റൊരു ആശുപത്രിയിലേക്ക് വിദഗ്ധ ചികിത്സയ്ക്ക് മാറ്റുന്നത് പ്രതിസന്ധിയിലാകും.

Latest Videos

undefined

സെപ്റ്റംബർ മാസത്തെ ശമ്പളം ലഭിക്കാൻ കാലതാമസം ഉണ്ടായതിനെ തുടർന്ന് ഒക്ടോബർ 30 മുതൽ നവംബർ 5 വരെ സർവീസ് നിർത്തിവെച്ച് 108 ആംബുലൻസ് ജീവനക്കാർ സമരം നടത്തിയിരുന്നു. ഇതിനെ തുടർന്ന് തിരുവനന്തപുരത്ത് കൃത്യസമയത്ത് ആംബുലൻസ് ലഭിക്കാതെ അപകടത്തിൽപ്പെട്ട് രണ്ട് പേർ മരിച്ചു എന്ന ആരോപണങ്ങൾ ഉയർന്ന സാഹചര്യത്തിൽ തുടർ സമരങ്ങൾ ഒഴിവാക്കാൻ അടിയന്തര യോഗം വിളിച്ചിരിക്കുകയാണ് ആരോഗ്യവകുപ്പ് മന്ത്രി. ആരോഗ്യവകുപ്പ് മന്ത്രിയുടെ അധ്യക്ഷതയിൽ തിങ്കളാഴ്ച സെക്രട്ടറിയേറ്റിൽ ചേരുന്ന യോഗത്തിൽ ധനകാര്യവകുപ്പ്, ആരോഗ്യവകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറിമാർ, കേരള മെഡിക്കൽ സർവീസസ് കോർപറേഷൻ മാനേജിംഗ് ഡയറക്ടർ, കരാർ കമ്പനി പ്രതിനിധികൾ എന്നിവരും ഹൈക്കോടതിയുടെ നിർദേശാനുസരണം തൊഴിലാളി യൂണിയനുകളുടെ മുതിർന്ന പ്രതിനിധികളും പങ്കെടുക്കും.  

രണ്ട് ദിവസം മുമ്പ് അടിയന്തര പ്രാധാന്യം കണക്കിലെടുത്ത് 108 ആംബുലൻസ് പദ്ധതിക്കായി ധനകാര്യ വകുപ്പ് 40 കോടി അനുവദിച്ചെങ്കിലും കേരള മെഡിക്കൽ സർവീസസ് കോർപറേഷന് തുക ലഭിച്ചിട്ടില്ല. ഉടൻ ചേരുന്ന ധനകാര്യ വകുപ്പ് യോഗത്തിലായിരിക്കും ഇത് സംബന്ധിച്ച ഉത്തരവുകൾ പുറത്ത് വരുന്നത് എന്നാണ് വിവരം. തുടർന്ന് ആരോഗ്യവകുപ്പ് പണം കേരള മെഡിക്കൽ സർവീസസ് കോർപറേഷന് നൽകും. ഇതിന് ശേഷമാകും കരാർ കമ്പനിക്ക് കേരള മെഡിക്കൽ സർവീസസ് കോർപ്പറേഷൻ പണം അനുവദിക്കുന്നത്.

READ MORE:  'കടുവയെ പിടിച്ച കിടുവ'; മുംബൈ പൊലീസ് ചമഞ്ഞ് സൈബർ തട്ടിപ്പുകാരൻ വിളിച്ചത് തൃശൂര്‍ സൈബര്‍ സെല്ലിലേയ്ക്ക്

click me!