70 ലക്ഷം ലോട്ടറി അടിച്ച് നാലാം മാസം ആത്മഹത്യ: കടുത്ത മദ്യപാനം മൂലമെന്ന് ബന്ധുക്കളുടെ മൊഴി

By Kiran Gangadharan  |  First Published Feb 4, 2024, 11:42 AM IST

വിവേകിന്റെ ഭാര്യ ആരതി ഏഴ് മാസം ഗര്‍ഭിണിയാണ്. ദമ്പതികൾക്ക് ആൽവി എന്ന പേരായ മകനുമുണ്ട്


കാസര്‍കോട്: കേരള സര്‍ക്കാരിന്റെ സ്ത്രീശക്തി ലോട്ടറിയിൽ 70 ലക്ഷം രൂപ നേടിയ യുവാവ് ആത്മഹത്യ ചെയ്ത സംഭവത്തിൽ കാസര്‍കോട് ടൗൺ പൊലീസ് ബന്ധുക്കളുടെ മൊഴി രേഖപ്പെടുത്തി. സ്ഥിരം മദ്യപാനിയായിരുന്ന യുവാവ് ലോട്ടറി അടിച്ച ശേഷം കൂടുതൽ മദ്യപിച്ചിരുന്നതായാണ് ബന്ധുക്കളുടെ മൊഴിയെന്ന് കാസര്‍കോട് ടൗൺ പൊലീസ് എസ്എച്ച്ഒ ഷാജി പട്ടേരി പറഞ്ഞു. ഇതേത്തുടര്‍ന്നുള്ള മാനസിക പ്രയാസമാകാം ആത്മഹത്യയിലേക്ക് നയിച്ചതെന്നും പൊലീസിന് ബന്ധുക്കൾ നൽകിയ മൊഴിയിൽ പറയുന്നു. കാസര്‍കോട് നെല്ലിക്കുന്ന് സ്വദേശിയും ബീച്ച് റോഡിൽ ബേക്കറി കട ഉടമയുമായിരുന്ന വിവേക് ഷെട്ടി (36) ആണ് ഇന്നലെ കടക്കകത്ത് തൂങ്ങിമരിച്ചത്.

വിവേകിന്റെ ഭാര്യ ആരതി ഏഴ് മാസം ഗര്‍ഭിണിയാണ്. ദമ്പതികൾക്ക് ആൽവി എന്ന പേരായ മകനുമുണ്ട്. നാട്ടുകാര്‍ക്ക് ആര്‍ക്കും യാതൊരു ശല്യവുമുണ്ടാക്കാത്ത യുവാവായിരുന്നു വിവേക് എന്ന് കാസര്‍കോട് മുനിസിപ്പാലിറ്റി കൗൺസിലര്‍ വീണ പറഞ്ഞു. യുവാവിന് മദ്യപാനത്തെ തുടര്‍ന്നുള്ള ആരോഗ്യപ്രശ്നങ്ങൾ ഉണ്ടായിരുന്നു. മറ്റ് പ്രയാസങ്ങൾ ഉണ്ടായിരുന്നതായി അറിവില്ലെന്നും അവര്‍ പറഞ്ഞു. മദ്യപാനം നിയന്ത്രിക്കുന്നതിനായി യുവാവ് ശബരിമല വ്രതം നോറ്റിരുന്നുവെന്നും മണ്ഡലകാലത്ത് അയ്യപ്പ ദര്‍ശനം നടത്തിയിരുന്നുവെന്നും വിവേകിന്റെ നാട്ടുകാരനായ അനിൽ പറഞ്ഞു. ഈ സമയത്ത് ഒട്ടും തന്നെ മദ്യപിച്ചിരുന്നില്ല. എന്നാൽ വ്രതം അവസാനിപ്പിച്ച ശേഷം വീണ്ടും മദ്യപിച്ചിരുന്നുവെന്നും അദ്ദേഹം പറയുന്നു.

Latest Videos

undefined

നാല് മാസം മുൻപാണ് വിവേക് ഷെട്ടിക്ക് 70 ലക്ഷം രൂപയുടെ ലോട്ടറി അടിച്ചത്. ഇതിൽ നിന്ന് 44 ലക്ഷം രൂപയാണ് യുവാവിന് ലഭിച്ചത്. ഇതിന്റെ വലിയ സന്തോഷം കുടുംബത്തിലാകെ ഉണ്ടായിരുന്നു. എന്നാൽ വിവേകിന്റെ കടുത്ത മദ്യപാനം കുടുംബത്തെ വിഷമത്തിലാക്കിയിരുന്നുവെന്നും ആത്മഹത്യ നാടിനെയാകെ നടുക്കിയെന്നും കൗൺസിലര്‍ വീണ പറഞ്ഞു. വിവേകിന്റെ അച്ഛൻ രൂപണ്ണ ഷെട്ടി നേരത്തെ മരിച്ചിരുന്നു. ഭവാനിയാണ് അമ്മ. പുനീത്, വിദ്യ എന്നിവര്‍ സഹോദരങ്ങളാണ്.

(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക.  ടോള്‍ ഫ്രീ നമ്പര്‍:  Toll free helpline number: 1056, 0471-2552056)


ഏഷ്യാനെറ്റ് ന്യൂസ് ലൈവ്

click me!