ഓണം ബമ്പര്‍ ഭാഗ്യക്കുറി വില്‍പ്പന തുടങ്ങി; ഒന്നാം സമ്മാനം 12 കോടി, നറുക്കെടുപ്പ് സെപ്റ്റംബറില്‍

By Web Team  |  First Published Aug 4, 2020, 11:50 AM IST

ആദ്യഘട്ടത്തിൽ 12 ലക്ഷം ടിക്കറ്റാണ് പുറത്തിറക്കുന്നത്. വിൽപനയ്ക്ക് അനുസരിച്ച് മാത്രം തുടർഘട്ട അച്ചടി മതിയെന്ന തീരുമാനത്തിലാണ് ലോട്ടറി വകുപ്പ്. 


തിരുവനന്തപുരം: ഓണം ബമ്പര്‍ ഭാഗ്യക്കുറിയുടെ വില്പന  ആരംഭിച്ചു. ഇന്നലെയാണ് ടിക്കറ്റിന്‍റെ പ്രകാശനം ധനകാര്യ മന്ത്രി ഡോ ടിഎം തോമസ് ഐസക് നിര്‍വ്വഹിച്ചത്. എംഎല്‍എ വികെ പ്രശാന്താണ് ടിക്കറ്റ് ഏറ്റുവാങ്ങിയത്. 300 രൂപ ടിക്കറ്റ് വിലയുള്ള ഓണം ബമ്പര്‍ സെപ്റ്റംബര്‍ 20ന് നറുക്കെടുക്കുമെന്ന് ലോട്ടറി വകുപ്പ് അറിയിച്ചു. ഇത്തവണയും 12 കോടി രൂപയാണ് ഒന്നാം സമ്മാനം. 

രണ്ടാം സമ്മാനമായി ഒരു കോടിരൂപ വീതം 6 പേര്‍ക്ക് ലഭിക്കും. മൂന്നാം സമ്മാനം 10 ലക്ഷം രൂപ വീതം 12 പേര്‍ക്കും നാലാം സമ്മാനമായി 5 ലക്ഷം രൂപ വീതം 12 പേര്‍ക്കും ലഭിക്കും. ഇതിന് പുറമേ ഒരു ലക്ഷം, 5000, 3000, 2000, 1000 രൂപയുടെ അനവധി സമ്മാനങ്ങളുമുണ്ട്. ആദ്യഘട്ടത്തിൽ 12 ലക്ഷം ടിക്കറ്റാണ് പുറത്തിറക്കുന്നത്. വിൽപനയ്ക്ക് അനുസരിച്ച് മാത്രം തുടർഘട്ട അച്ചടി മതിയെന്ന തീരുമാനത്തിലാണ് ലോട്ടറി വകുപ്പ്. 

Latest Videos

undefined

ടിക്കറ്റ് വില്പനയ്ക്ക് വിധേയമായി മൊത്തം 54 കോടി രൂപ സമ്മാനമായി നല്‍കുന്ന വിധത്തിലാണ് സമ്മാന ഘടന വിഭാവനം ചെയ്തിട്ടുള്ളത്. ഭാഗ്യക്കുറിയില്‍ നിന്നുള്ള ലാഭം പൂര്‍ണ്ണമായും ആരോഗ്യ സുരക്ഷാപദ്ധതിക്കാണ് വിനിയോഗിക്കുന്നതെന്ന് ടിക്കറ്റ് പ്രകാശനം ചെയ്തുകൊണ്ട് മന്ത്രി പറഞ്ഞു.

കൊവിഡ് 19 പ്രതിസന്ധി കാരണം ഭാഗ്യക്കുറിയില്‍ നിന്നുള്ള വരുമാനം പകുതിയില്‍ താഴെയാകും. രണ്ട് മാസം ടിക്കറ്റ് വില്പന ഇല്ലായിരുന്നു. ആഴ്ചയില്‍ 7 ദിവസം ഉണ്ടായിരുന്ന ടിക്കറ്റുകള്‍ നിലവില്‍ മൂന്നെണ്ണമായി കുറച്ചിട്ടുണ്ട്. കൊവിഡ് അപകട സാധ്യത കണക്കിലെടുത്തു കൊണ്ടാണ് കച്ചവടക്കാർ ലോട്ടറി വില്‍ക്കുന്നത്. ഇവര്‍ക്ക് ആവശ്യമായ മാസ്ക്, സാനിറ്റൈസര്‍ മുതലായവ നല്‍കിയിട്ടുമുണ്ട്.  

സര്‍ക്കാരിന് ലാഭം കിട്ടുന്നതിനൊപ്പം നൂറുകണക്കിന് ആളുകളുടെ ജീവനോപാധി കൂടിയാണ് ഭാഗ്യക്കുറി മേഖലയെന്ന് തോമസ് ഐസക് പറഞ്ഞു. ഈ പ്രതിസന്ധിക്കിടയിലും ശരാശരി 52 ലക്ഷം ടിക്കറ്റുകള്‍ വീതം ഓരോ ഭാഗ്യക്കുറിയിലും വിറ്റുപോകുന്നുണ്ട്. ഭാഗ്യക്കുറിയില്‍ ജനങ്ങള്‍ക്കുള്ള വിശ്വാസമാണ് ഇത് തെളിയിക്കുന്നതെന്നും തോമസ് ഐസക് കൂട്ടിച്ചേര്‍ത്തു.

click me!